You are Here : Home / USA News

കേരളത്തില്‍ മദ്യനിരോധനത്തിന്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പരിപൂര്‍ണ്ണ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 16, 2014 03:02 hrs UTC

ഷിക്കാഗോ: കേരളാ ഗവണ്‍മെന്റിന്റെ മദ്യനിരോധനത്തിന്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഷിക്കാഗോ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈമാസത്തെ പ്രത്യേക യോഗത്തിലാണ്‌ കേരളാ ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ മദ്യനയത്തിന്‌ കൗണ്‍സില്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം ചെയ്‌തത്‌. റവ.ഡോ. മാത്യു പി. ഇടിക്കുള അച്ചന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ സീറോ മലബാര്‍ സഭ നിയുക്ത ബിഷപ്പ്‌ ജോയി ആലപ്പാട്ട്‌ പിതാവ്‌ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ അംഗങ്ങളെ സ്വാഗതം ചെയ്‌തു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും മടങ്ങിയെത്തിയ ജോയി ആലപ്പാട്ട്‌ പിതാവ്‌ കേരളത്തില്‍ മദ്യനിരോധനത്തിന്റെ ആവശ്യകത വിശദീകരിച്ചു.

 

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തേണ്ടത്‌ സാധാരണക്കാരായ ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പുരോഗതിക്ക്‌ ഇന്നത്തെ നിലയ്‌ക്ക്‌ ഏറ്റം അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ പ്രവാസികളായ ക്രിസ്‌ത്യന്‍ സമൂഹം ഇതിനുവേണ്ടി ശക്തമായി പ്രതികരിക്കണമെന്നും പിതാവ്‌ ആഹ്വാനം ചെയ്‌തു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിലെ വിവിധ അംഗസഭകളെ പ്രതിനിധീകരിച്ച്‌ റവ. ഷൈന്‍ മാത്യു (സി.എസ്‌.ഐ), റവ. ഷാജി തോമസ്‌ (മാര്‍ത്തോമാ), റവ.ഫാ. ഡിനിയേല്‍ ജോര്‍ജ്‌, റവ.ഫാ. മാത്യു ജോര്‍ജ്‌ (ഓര്‍ത്തഡോക്‌സ്‌), റവ.ഫാ. തോമസ്‌ കുര്യന്‍ (യാക്കോബായ), റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (മലങ്കര കാത്തലിക്‌), റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ (ക്‌നാനായ യാക്കോബായ ചര്‍ച്ച്‌) തുടങ്ങിയവര്‍ കേരളത്തില്‍ എത്രയും വേഗം സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ശക്തമായി പ്രതികരിച്ചു.

 

മദ്യം കേരള സംസ്‌കാരത്തെ കാര്‍ന്നുതിന്നുകയാണെന്നും, പരിപൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഇനി കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കോ, മദ്യവര്‍ജ്ജനമെന്ന പേരില്‍ കേരള ക്രിസ്‌ത്യന്‍ സമൂഹത്തിന്‌ കാഴ്‌ചക്കാരായോ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും, സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്‌ ഇന്ന്‌ കേരള ജനതയ്‌ക്ക്‌ ആവശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌ ജോയി ആലപ്പാട്ട്‌ പിതാവ്‌ അവതരിപ്പിച്ച സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനുള്ള പിന്തുണ വാഗ്‌ദാനം ചെയ്യുന്ന പ്രമേയം കൗണ്‍സില്‍ അംഗങ്ങള്‍ ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. ബന്ധപ്പെട്ടവരെ തങ്ങളുടെ അഭിപ്രായം അറിയിക്കുവാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി. ഷിക്കാഗോ മലങ്കര കത്തോലിക്കാ സഭയില്‍ നിന്നു സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിപ്പോകുന്ന റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ അച്ചനു ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വക ഹൃദ്യമായ യാത്രയയപ്പും നല്‍കി. വിവിധസഭകളിലെ അംഗങ്ങള്‍ അച്ചന്റെ സേവനങ്ങളെ പ്രശംസിച്ചു സംസാരിച്ചു. കൗണ്‍സില്‍ വക അച്ചന്റെ സേവനത്തിനു പ്രത്യേക പ്രശംസാ ഫലകവും സമ്മാനിച്ചു.

 

ഷിക്കാഗോ എക്യൂമെനിക്കല്‍ വൈസ്‌ പ്രസിഡന്റ്‌ റവ. ബിനോയി പി. ജേക്കബ്‌ വന്നു ചേര്‍ന്ന എല്ലാവര്‍ക്കും ആതിഥേയത്വം വഹിച്ച സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. കോര്‍ എപ്പിസ്‌കോപ്പ സ്‌കറിയാ തേലാപ്പള്ളി അച്ചന്റെ പ്രാര്‍ത്ഥനയോടും സ്‌നേഹ ഉപഹാരങ്ങളോടും കൂടി സമ്മേളനം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.