You are Here : Home / USA News

ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്‌തംബര്‍ 6 ശനിയാഴ്‌ച്ച

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, August 26, 2014 11:57 hrs UTC

ഫിലഡല്‍ഫിയ: ജര്‍മ്മന്‍ടൗണിന്‌ തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) സെപ്‌റ്റംബര്‍ 6 ശനിയാഴ്‌ച്ച വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നു. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്‌തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ്‌ തിരുനാളിന്‌ നേതൃത്വം നല്‍കുന്നത്‌. വൈകുന്നേരം അഞ്ചുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക്‌ എല്ലാ മരിയഭക്തരെയും വിശ്വാസികളെയും തീര്‍ത്ഥാടനകേമ്പ്രം ഡയറക്ടര്‍ റവ. കാള്‍ പീബറും സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

 

 

കിഴക്കിന്റെ ലൂര്‍ദ്‌ എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 സെപ്‌റ്റംബര്‍ എട്ടിനാണ്‌ ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്‌ മെഡല്‍ ഷ്രൈനില്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ്‌ മിറാക്കുലസ്‌ മെഡല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിന്‌ മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്‌ഠിച്ചത്‌. എല്ലാ തിങ്കളാഴ്‌ച്ച ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും നൂറുകണക്കിന്‌ മരിയ ഭക്തര്‍ പങ്കെടുക്കാറുണ്ട്‌്‌. മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്ക്‌ ഭാരതക്രൈസ്‌തവരെ പ്രതിനിധീകരിച്ച്‌ തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും, കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന്‌ ആള്‍ക്കാര്‍ പങ്കെടുത്തിരുന്ന.

 

ഉള്ളവനും, ഇല്ലാത്തവനും സാധുഹൃദയനും, ദീനനും, അശരണനും, തെറ്റുകുറ്റക്കാരും, അഹംഭാവികളും, പശ്ചാത്തപിക്കുന്നവനും, അന്യായ പലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത്‌ മാതൃസന്നിധിയിലാണ്‌. മിറാക്കുലസ്‌ മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന എന്നിവയാണ്‌ തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ്‌ വാര്‍ഡു കൂട്ടായ്‌മയും, വിവിധ ഇന്ത്യന്‍ ക്രൈസ്‌തവരും ഒന്നുചേര്‍ന്ന്‌ നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത്‌ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്ക്‌ സുവര്‍ണാവസരം. ഭാരതീയക്രൈസ്‌തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക്‌ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.

 

സീറോമലബാര്‍ പള്ളിയില്‍ മാതാവിന്റെ എട്ടുനോമ്പു തിരുനാളിനോടനു ബന്ധിച്ച്‌ ആഗസ്റ്റ്‌ 31 ഞായര്‍ മുതല്‍ ഏഴാംതിയതി ഞായര്‍ വരെ എട്ടുദിവസത്തെ നൊവേനയും, ദിവ്യബലിയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെ. മേരീസ്‌ വാര്‍ഡ്‌ പ്രസിഡന്റ്‌ ജോസഫ്‌ സി. ചെറിയാന്‍ (ജോജി ചെറുവേലില്‍), വൈസ്‌ പ്രസിഡന്റ്‌ ബിനു പോള്‍ കൂടാതെ മറ്റു ഭാരവാഹികളും, വാര്‍ഡു കൂട്ടായ്‌മയും തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു. പെരുനാളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള വര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം നാലുമണിക്ക്‌ സൗജന്യ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി 916 803 5307, റവ. ഫാ. കാള്‍ പീബര്‍ 215 848 1010,

ബിജി ജോസഫ,്‌ വിന്‍സന്റ്‌ ഇമ്മാനുവല്‍, ജോസഫ്‌ സി. ചെറിയാന്‍, ബിനു പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.