You are Here : Home / USA News

റൈറ്റേഴ്‌സ്‌ ഫോറം പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Sunday, June 29, 2014 09:52 hrs UTC

 
    

ഹ്യൂസ്റ്റന്‍:ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരുടെയും വായനക്കാരുടെയും നിരൂപകരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ജൂണ്‍ 21-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത്‌ കെയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുഗുണന്‍ ഞെക്കാട്‌, ട്രഷറര്‍ മാത്യു കുരവക്കല്‍ എന്നിവര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ആഗസ്റ്റ്‌ 30-ാം തീയതി വിപുലമായ സാഹിത്യ-സാംസ്‌ക്കാരിക പരിപാടികളോടെ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ രജതജൂബിലി സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അതിനായി ഹ്യൂസ്റ്റനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഇന്ത്യാഹൗസ്‌ സജ്ജമാക്കിയിട്ടുണ്ട്‌. ഹിന്ദു ന്യൂസ്‌ പേപ്പര്‍ പത്രാധിപരും ദല്‍ഹിയിലെ മുന്‍ ദൂരദര്‍ശന്‍ ഡയരക്‌ടറുമായ കെ. കുഞ്ഞികൃഷ്‌ണന്‍, പ്രമുഖ ശാസ്‌ത്രജ്ഞനായ ഡോക്‌ടര്‍ ഇ.സി.ജി. സുദര്‍ശന്‍, ഭിഷഗ്വരനും ഭാഷാസ്‌നേഹിയുമായ ഡോക്‌ടര്‍ എം.വി. പിള്ള തുടങ്ങിയവര്‍ക്കു പുറമെ ഹ്യൂസ്റ്റനിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റ്‌ ജനറലും രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കും.

റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ബിസിനസ്സ്‌ മീറ്റിംഗിനു ശേഷം ജോണ്‍ തൊമ്മന്റെ അധ്യക്ഷതയില്‍ സാഹിത്യ ചര്‍ച്ചയും വിശകലനങ്ങളും നടത്തി. ദേവരാജന്‍ കാരാവള്ളിയുടെ കവിതാ രചനയില്‍ പഴമയും പുതുമയും തമ്മിലുള്ള വ്യത്യസ്ഥങ്ങളായ ചിന്തകള്‍ക്ക്‌ ഇടം നല്‍കി. ജോണ്‍ മാത്യുവിന്റെ ഭാഷയെ പറ്റിയുള്ള ലേഖനം ഇന്ത്യയില്‍ ഹിന്ദി രാഷ്‌ട്രഭാഷ കേന്ദ്രഗവണ്‍മെന്റിന്റേയും സംസ്ഥാന ഗവണ്‍മെന്റുകളുടേയും അനുദിന പ്രവര്‍ത്തനങ്ങളിലും പ്രസ്‌ റിലീസുകളിലും നിര്‍ബന്ധമാക്കണമെന്ന പുതിയ കേന്ദ്രമന്ത്രിസഭയുടെ അനുശാസനത്തിലെ പ്രായോഗികതയേയും അപ്രായോഗികതയേയും പറ്റി സന്നിഹിതരായവര്‍ക്ക്‌ ചിന്തിക്കാനും അഭിപ്രായം രേഖപ്പെടുത്താനും അവസരം നല്‍കി. ഈ വിഷയത്തില്‍ തമിഴ്‌നാടിന്റെ എതിര്‍പ്പ്‌ ന്യായമായതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഭാഷാ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതാകും കരണീയം എന്ന്‌ ഭൂരിഭാഗം പേരും അഭിപ്രായം പ്രകടിപ്പിച്ചു. 16-ാം ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭാരതത്തില്‍ വന്ന ഭരണമാറ്റങ്ങളേയും പുതിയ ഗവണ്‍മെന്റിന്റെ നയങ്ങളേയും വിലയിരുത്തിക്കൊണ്ടുള്ള ഒരു രാഷ്‌ട്രീയ അവലോകനവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും നിഷ്‌ക്രിയതയും അഴിമതിയും കുംഭകോണങ്ങളും കൊണ്ട്‌ പൊറുതിമുട്ടിയ ജനം ഓരോ പരീക്ഷണങ്ങള്‍ക്കും തയ്യാറാകുകയാണ്‌. വളരെ സജീവമായ ചര്‍ച്ചാ സമ്മേളനത്തില്‍ ജോണ്‍ മാത്യു സുഗുണന്‍ ഞെക്കാട്‌, മാത്യു കുരവക്കല്‍, ശശിധരന്‍ നായര്‍, ജോണ്‍ തൊമ്മന്‍, ദേവരാജ കുറുപ്പ്‌ കാരാവള്ളില്‍, ബോബി മാത്യു, അനില്‍ ആറന്മുള, മാത്യു മത്തായി, ഈശൊ ജേക്കബ്‌, തോമസ്‌ ഓലിയാന്‍കുന്നേല്‍, ജോസഫ്‌ പുന്നോലില്‍, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.