You are Here : Home / USA News

വാണാക്യു സെന്റ്‌ ജയിംസ്‌ സുറിയാനി പള്ളി കൂദാശയ്‌ക്കൊരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 18, 2014 09:32 hrs UTCന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദൈവാലയത്തിന്റെ കൂദാശയും, വി. മോര്‍ യാക്കോബ്‌ ശ്ശീഹായുടെ പെരുന്നാളും സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2007 സെപ്‌റ്റംബര്‍ 15-ന്‌ ആരംഭിച്ച സെന്റ്‌ ജയിംസ്‌ ഇടവക 2014 മാര്‍ച്ച്‌ 23 വരെ ന്യൂജേഴ്‌സിയിലെ ലിവിംഗ്‌സ്റ്റണ്‍ ടൗണ്‍ഷിപ്പിലാണ്‌ പ്രവര്‍ത്തിച്ചുവന്നത്‌. സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്കുവേണ്ടി ഐ 287 ഹൈവേ എക്‌സിറ്റ്‌ 55-ന്‌ വാണാക്യൂവില്‍ പ്രവര്‍ത്തിച്ചിരുന്ന ലേക്ക്‌ലാന്റ്‌ ജ്യൂവിഷ്‌ സെന്ററും 82 സെന്റ്‌ സ്ഥലവും 2014 മാര്‍ച്ച്‌ പതിനൊന്നാം തീയതിയാണ്‌ വാങ്ങിയത്‌. പ്രാഥമിക അറ്റകുറ്റപ്പണികള്‍ക്കുശേഷം വചനിപ്പ്‌ പെരുന്നാള്‍ ദിവസം ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചതോടെ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി വാണാക്യൂവിലേക്ക്‌ മാറി. ഏപ്രില്‍, മെയ്‌ മാസങ്ങളിലായി ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണമായി പൂര്‍ത്തീകരിച്ചു. യാക്കോബായ സുറിയാനി പള്ളിക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും നിര്‍വഹിച്ച്‌ ദേവാലയം കൂദാശ ചെയ്യുവാന്‍ തക്കവണ്ണം പൂര്‍ത്തീകരിച്ചു.

സെന്റ്‌ ജയിംസ്‌ ഇടവകയുടെ കാവല്‍പിതാവായ മോര്‍ യാക്കോബ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ജൂണ്‍ 20,21 (വെള്ളി, ശനി) തീയതികളില്‍ ദേവാലയ കൂദാശയും പെരുന്നാളും നടക്കും. അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ നി.വ.ദി.ശ്രീ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത കൂദാശയ്‌ക്കും പെരുന്നാളിനും മുഖ്യകാര്‍മികത്വം വഹിക്കുകയും, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദീകരും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്യും. ജൂണ്‍ 20-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ദേവാലയത്തില്‍ എത്തിച്ചേരുന്ന ഇടവക മെത്രാപ്പോലീത്തയെ പരമ്പരാഗത രീതിയില്‍ ദേവാലയത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കുകയും, തുടര്‍ന്ന്‌ സന്ധ്യാപ്രാര്‍ത്ഥനയും, ദേവാലയ കൂദാശയുടെ ഒന്നാംഘട്ടവും നടത്തപ്പെടും. ഒമ്പതു മണിക്ക്‌ ഡിന്നറോടുകൂടി ഒന്നാം ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും. ജൂണ്‍ 21-ന്‌ രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, അതിനുശേഷം ദേവാലയ കൂദാശ പൂര്‍ത്തീകരിച്ച്‌ വി. കുര്‍ബാനയോടെ ദിവ്യശുശ്രൂഷകള്‍ പര്യവസാനിക്കും. 12 മണിക്ക്‌ പൊതുസമ്മേളനവും, 12.30-ന്‌ പള്ളിക്കു ചുറ്റും പ്രദക്ഷിണവും നടക്കും. ഒരുമണിക്ക്‌ സ്‌നേഹവിരുന്നോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.

സെന്റ്‌ ജയിംസ്‌ പള്ളി കൂദാശയോടനുബന്ധിച്ച്‌ മലയാളം കളരിയുടേയും, ചാരിറ്റി പ്രവര്‍ത്തനങ്ങളുടേയും ഉദ്‌ഘാടനവും നടത്തപ്പെട്ടു. അമേരിക്കയില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കും, കേരളത്തിനു പുറത്തു വളരുന്ന കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുവാന്‍ തക്കവണ്ണം മലയാളക്കരയുടെ മനസും സംസ്‌കാരവും പുതു തലമറയിലേക്ക്‌ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ `മലയാള കളരി' ആരംഭിക്കുന്നത്‌. എല്ലാ ഞായറാഴ്‌ചയും വിശുദ്ധ കുര്‍ബാനാനന്തരം മലയാള കളരിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്ന തരത്തിലാണ്‌ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ഇടവകാംഗങ്ങളും ഇടവകയ്‌ക്ക്‌ പുറത്തുനിന്നുള്ളവരും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ദൈവം ഈ ഇടവകയ്‌ക്ക്‌ ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങളുടേയും കാരുണ്യത്തിന്റേയും നന്ദിസൂചകമായി നാട്ടിലെ അര്‍ഹരായവര്‍ക്ക്‌ ചാരിറ്റിയായി ഒരു സമ്മാനിച്ച്‌ സഹായഹസ്‌തം നീട്ടുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. സെന്റ്‌ ജയിംസ്‌ സണ്‍ഡേ സ്‌കൂളിലെ കുരുന്നുകളാണ്‌ ഈസംരംഭത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന മുഴുവന്‍ തുകയും പള്ളി ബഡ്‌ജറ്റില്‍ വകകൊള്ളിച്ചിരിക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഫണ്ട്‌ ആകും.

ദേവാലയ കൂദാശയ്‌ക്കും പെരുന്നാള്‍ ചടങ്ങുകള്‍ക്കും ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍, വൈസ്‌ പ്രസിഡന്റ്‌ ബിജു കുര്യന്‍ മാത്യൂസ്‌, ട്രസ്റ്റി സിമി ജോസഫ്‌, സെക്രട്ടറി മെവിന്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കുര്യന്‍ സ്‌കറിയ ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. പെരുന്നാള്‍ ദിവസം നടത്തപ്പെടുന്ന പ്രദക്ഷിണത്തിന്റെ ചുമതല സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സോണിയ ആകര്‍ഷും, അറേഞ്ച്‌മെന്റ്‌ ചുമതല മോളി പൗലോസ്‌ (വനിതാ സമാജം), പാര്‍ക്കിംഗ്‌ ചുമതല ജെയ്‌ജോ പൗലോസ്‌ (യൂത്ത്‌ അസോസിയേഷന്‍), പുന്നൂസ്‌ കുട്ടി ജേക്കബ്‌, ഏലിയാസ്‌ മാരേട്ട്‌, സിബി യോഹന്നാന്‍ (പബ്ലിസിറ്റി), സുനില്‍ വര്‍ഗീസ്‌, പൗലോസ്‌ കെ. പൈലി, മാണി തോമസ്‌ (റിസപ്‌ഷന്‍), എല്‍ദോ വര്‍ഗീസ്‌, എബി തോമസ്‌, ബിഷു പോള്‍ (ഫുഡ്‌), രഞ്ചു സക്കറിയ, അരുണ്‍ ബേസില്‍, അനീഷ്‌ (പ്രോഗ്രാം), ആകര്‍ഷ്‌ നോമുല, ആദര്‍ശ്‌, എല്‍ദോസ്‌ (ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌) എന്നിവരുമാണ്‌ കമ്മിറ്റികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌. പുന്നൂസ്‌ കുട്ടി ജേക്കബ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.