ഫോര്ട്ട്ബന്റ് കൗണ്ടി: വെസ്റ്റ് ഹൂസ്റ്റണ്‍ ഫോര്ട്ട്ബന്റ് കൗണ്ടിയില്‍ കവര്‍ച്ചക്കാരുടെ സംഘം ഏഷ്യന്‍ വനിതകളെ ലക്ഷ്യമിടുന്നതായുളള നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതായി കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു.
കൗണ്ടിയിലെ ഷുഗര്‍ലാന്റ്, മിസോറി സിറ്റികളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഏഷ്യക്കാരാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞു വരുന്ന സ്ത്രീകളുടെ വാഹനം പിന്തുടരുന്ന കവര്‍ച്ചക്കാര്‍ വീടിനു സമീപം ഡ്രൈവേയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറുങ്ങുമ്പോഴാണ് കഴുത്തിലും കൈയ്യിലുമുളള ആഭരണങ്ങള്‍, ബാഗുകള്‍ എന്നിവ തട്ടിയെടുത്ത് രക്ഷപ്പെടുന്നത്.
പതിനാറിനം ഇരുപതിനും ഇടയില്‍ പ്രായവും ആറടിയോളം ഉയരവുമുളള കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു പേരില്‍ ഒരാള്‍ കാര്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുകയും മറ്റൊരാള്‍ പുറത്തിറങ്ങി കവര്‍ച്ച ചെയ്ത സാധനങ്ങളുമായി കാറില്‍ കയറി സ്ഥലം വിടുകയുമാണ് പതിവ്.
സില്‍വര്‍, ഗ്രേ നിസ്സാന്‍, പഴയ മോഡല്‍ കാമറി, നാലു ഡോറുകളുളള കറുത്തതും, വെളുത്തതും ആയ വിവിധ കാറുകളാണ് കവര്‍ച്ചക്കാര്‍ ഉപയോഗിക്കുന്നതെന്ന് ഷെറിഫ് പറഞ്ഞു.
ഈയ്യിടെ നടന്ന കവര്‍ച്ചയില്‍ പങ്കെടുത്ത പ്രതികളുടെ ചിത്രം കാമറയില്‍ പതിഞ്ഞത് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്കി. ഇതില്‍ കാണുന്ന കാറിനെക്കുറിച്ചോ, പ്രതിയെക്കുറിച്ചോ വിവരം നല്‍കുന്നവര്‍ക്കു 5000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെകുറിച്ച് വിവരം ലഭിക്കുന്നവര്‍ ഫോര്ട്ട്ബന്റ് കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സിനെ 281 342 ടിപ്പ്സ് എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഷെറിഫ് ഓഫീസ് അഭ്യര്‍ഥിച്ചു.
ഏഷ്യന്‍ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നതും. പണം കൈയ്യില്‍ സൂക്ഷിക്കും എന്നതുമാണ് കവര്‍ച്ചക്കാര്‍ കൂടുതലും ഇവരെ ലക്ഷ്യമിടുന്നതിനുളള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
Comments