You are Here : Home / USA News

പ്രിയതമയുടെ ഒന്നാം വാര്‍ഷികത്തില്‍ വിടചൊല്ലിയ സഖാവ്‌ അനിയന്‌ ന്യൂയോര്‍ക്കില്‍ യാത്രാമൊഴി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 10:02 hrs UTC


    

ന്യൂയോര്‍ക്ക്‌: ജീവിച്ച്‌ കൊതി തീരാതെ നിത്യതയിലേക്ക്‌ പറന്നകന്ന സ്‌നേഹനിധിയായ ജിവീതസഖി ലളിതയെക്കുറിച്ചോര്‍ത്ത്‌ എപ്പോഴും വിലപിച്ചിരുന്ന സഖാവ്‌ അനിയന്‍ (സ്‌കറിയാ മാത്യു) പ്രിയപ്പെട്ടവളുടെ ഒന്നാം വാര്‍ഷികത്തില്‍ ഇണക്കുരുവിയെ തേടി യാത്രയായി.

സ്‌നേഹമധുര സംഭാഷണവും, കുസൃതി തമാശകളും, വിപ്ലവ പ്രസ്ഥാനത്തോടും, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടുമുള്ള അടങ്ങാത്ത അഭിനിവേശവും കൈമുതലായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലുപരി നിറഞ്ഞ സാന്നിധ്യമായിരുന്ന സഖറിയാ മാത്യു (62) ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ (ജൂണ്‍ 4-ന്‌) അന്തരിച്ചത്‌. വെള്ളിയാഴ്‌ച നടന്ന പൊതുദര്‍ശനത്തിലും, ശനിയാഴ്‌ച നടന്ന സംസ്‌കാര ചടങ്ങുകളിലും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട അനേകം പേര്‍ സഖാവ്‌ അനിയന്‌ അന്തിമോപചാരമര്‍പ്പിച്ചു.

കേരളത്തിലെ കടലോര ഗ്രാമമായ ആറാട്ടുപുഴയില്‍ ജനിച്ച അനിയന്‍ ഇന്ത്യന്‍ പട്ടാളസേനയില്‍ സേവനം അനുഷ്‌ഠിച്ചുകൊണ്ടാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. കുട്ടനാടന്‍ -കടലോര മേഖലയിലെ കര്‍ഷക സമരങ്ങളിലും, വിപ്ലവ പ്രസ്ഥാന പോരാട്ടങ്ങളിലും, സമത്വ- സ്വാതന്ത്ര്യത്തിനുമായി പൊരുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാക്കി. ജീവനുതുല്യം സ്‌നേഹിച്ച പാര്‍ട്ടിയും, എല്ലാറ്റിനുമേറെ സ്‌നേഹിച്ച പ്രിയ ലളിതയേയും ഹൃദയത്തിലേറ്റി ജീവിച്ച നിര്‍മ്മലനായ ഗ്രാമീണനായിരുന്നു സഖാവ്‌ അനിയന്‍ എക്കാലവും. അമേരിക്കയിലെ കാല്‍നൂറ്റാണ്ടുകാലത്തെ ജീവിതത്തിലും നടപ്പിലും എടുപ്പിലും വിപ്ലവ പ്രതീകമായ ചുവപ്പിനോടുള്ള ആവേശം മറിച്ചുപിടിക്കാതെ, വിപ്ലവാഭിവാദ്യം ചെയ്യുന്ന നാടന്‍ കമ്യൂണിസ്റ്റ്‌ സഖാവ്‌. സമത്വവും പാവങ്ങളോടുള്ള അനുകമ്പയും പഠിപ്പിച്ച പാര്‍ട്ടിയുടെ വിശ്വസ്‌ത പ്രവര്‍ത്തകന്‍ ചിരിക്കുന്നവര്‍ക്കൊപ്പം നിഷ്‌കളങ്കനായി ചിരിക്കുവാനും, കരയുന്നവരുടെ കണ്ണീരൊപ്പുവാനും ഓടിവരുന്ന സഹോദരനായി സ്റ്റാറ്റന്‍ഐലിന്റെ മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്നു.

മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ തിങ്ങിനിറഞ്ഞ മലയാളി സമൂഹത്തെ സാക്ഷിയാക്കി നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മിത്വം വഹിച്ചു. സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി, സംസ്‌കാര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. സഹോദരീ പുത്രനായ റവ.ഫാ. അജു മാത്യൂസ്‌, റവ.ഡോ. സി.തെ. രാജന്‍, റവ.ഫാ. സണ്ണി ജോസഫ്‌, റവ.ഫാ.ടി.എ. തോമസ്‌, വെരി റവ ആദായി ജേക്കബ്‌ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഡോ. വര്‍ഗീസ്‌ ദാനിയേല്‍, വെരി റവ. സി.ജെ. ജോണ്‍സണ്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, റവ.ഫാ. ജോ കാരിക്കുന്നേല്‍ തുടങ്ങി ഒട്ടനവധി വൈദീകര്‍ സഹകാര്‍മികത്വം വഹിച്ചു.

സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ സജീവാംഗമായിരുന്ന സഖറിയാ മാത്യു സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആയുഷ്‌കാല അംഗവും, ഈവര്‍ഷത്തെ മാനേജിംഗ്‌ കമ്മിറ്റിയംഗവുമായിരുന്നു. ഫോമാ വൈസ്‌ പ്രസിഡന്റും കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റര്‍ രാജു ഫിലിപ്പ്‌, മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌.എസ്‌. പ്രകാശ്‌, കേരള സമാജം സെക്രട്ടറി ചാക്കോ മാണി (സാജന്‍), സണ്ണി കോന്നിയൂര്‍, ഫിലിപ്പ്‌ വര്‍ഗീസ്‌ തൈക്കൂടം (സെക്രട്ടറി, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌), റെജി വര്‍ഗീസ്‌ (ട്രഷറര്‍) എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. ജ്യേഷ്‌ഠ സഹോദരപുത്രനായ ജോഷ്വ, സഖാവിന്‌ പ്രിയപ്പെട്ട വിപ്ലവഗാനങ്ങള്‍ ആലപിച്ചുകൊണ്ട്‌ വിപ്ലവാഭിവാദ്യം അര്‍പ്പിച്ചു. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച്‌ അന്ത്യയാത്രയായ സഖാവ്‌ അനിയന്‌ ലാല്‍സലാം ചൊല്ലി വിട നല്‍കുവാന്‍ മക്കളും, കൊച്ചുമക്കളുംസഹോദരനുമുള്‍പ്പടെയുള്ള കുടുംബാംഗങ്ങളും എത്തിയത്‌ ചുവന്ന വസ്‌ത്രം ധരിച്ചായിരുന്നു. വൈദീകരുടെ കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ സമാപിച്ചപ്പോള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശ്‌ `ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌' മുദ്രാവാക്യം മുഴക്കി ചുവന്ന റോസാപ്പൂ പുഷ്‌പാര്‍ച്ചന നടത്തി.

ലാല്‍സലാം സഖാക്കളെ എന്നാശംസിച്ച്‌ കടന്നുപോയ സഖാവ്‌ അനിയന്‌ അന്ത്യനിദ്രയൊരുക്കിയത്‌ പ്രിയതമയുടെ കുഴിമാടത്തില്‍ തന്നെയായിരുന്നു.

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.