You are Here : Home / USA News

അശരണര്‍ക്ക്‌ ആശ്വാസവുമായി ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ പത്താം വര്‍ഷത്തിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 21, 2014 08:58 hrs UTC


    

ന്യൂജേഴ്‌സി: `മറ്റുള്ളവര്‍ക്ക്‌ അല്‍പമെങ്കിലും നന്മ ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമാണ്‌' എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമാക്കി രാജ്യത്തെമ്പാടും കഷ്‌ടത അനുഭവിക്കുന്ന അശരണര്‍ക്ക്‌ ആശ്വാസം പകര്‍ന്ന്‌ ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ പത്താംവര്‍ഷത്തിലേക്ക്‌ കടക്കുന്നു.

കഴിഞ്ഞ മുപ്പതിലേറെ വര്‍ഷത്തെ അമേരിക്കന്‍ പ്രവര്‍ത്തനത്തിനിടയില്‍ സാമൂഹ്യ രംഗത്ത്‌ ഫാ. മാത്യു കുന്നത്ത്‌ ഉണ്ടാക്കിയ ചലനങ്ങളും ജനജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും അവിസ്‌മരണീയങ്ങളാണ്‌.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം വര്‍ഷങ്ങള്‍ പ്രേക്ഷിതവേലകളില്‍ ഏര്‍പ്പെട്ട്‌ 1981-ല്‍ അമേരിക്കയിലെത്തിയ, സമര്‍പ്പണത്തിന്റെ മറുവാക്കായ ഫാ. മാത്യു കുന്നത്ത്‌ തന്റെ ലളിതജീവിതശൈലിയിലൂടെ, തന്റെ ജീവിതദര്‍ശനങ്ങളെ വാക്കുകള്‍ക്കുപരി പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയായി സാമൂഹ്യ സേവനത്തിലും ആതുരസേവനത്തിലും മുന്നിട്ട്‌ പ്രവര്‍ത്തനങ്ങളുമായി തന്റെ ശിഷ്‌ടകാലം നയിച്ചുവരുന്നു.

അശരണരായവര്‍ക്ക്‌ തുണയാകണമെന്ന ലക്ഷ്യത്തോടെ അച്ചനും, അച്ചന്റെ മാതൃക പിന്തുടരാന്‍ ആഗ്രഹിക്കുന്നവരും ചേര്‍ന്ന്‌ രൂപംകൊടുത്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി തുടര്‍ന്നും മുന്നോട്ടുപോകുന്നു.

ഫൗണ്ടേഷന്‍ ഇതിനോടകം 375000.00 ഡോളറിന്റെ സഹായം ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലകളിലും കൂടാതെ പ്രകൃതിദുരന്തം മൂലം കഷ്‌ടപ്പെടുന്നവര്‍, വീടില്ലാത്തവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കായി വിനിയോഗിച്ചതായി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അച്ചന്‍ മുന്‍കൈ എടുത്ത്‌ പ്രതിഫലേച്ഛയില്ലാതെ അമേരിക്കയിലെത്തിച്ച അഞ്ഞൂറില്‍പ്പരം നേഴ്‌സുമാര്‍ അച്ചന്റെ ധര്‍മ്മസ്ഥാപനത്തിന്‌ കൈത്താങ്ങായി നില്‍ക്കുന്നു.

അച്ചന്റെ സേവനങ്ങളെ മാനിച്ച്‌ 1996 മെയ്‌ 26-ന്‌ ന്യൂവാര്‍ക്ക്‌ സിറ്റി കൗണ്‍സില്‍ മേയര്‍ `മാത്യു കുന്നത്ത്‌ ഡേ' ആയി പ്രഖ്യാപിച്ചിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്‌ മാത്രമല്ല അമേരിക്കന്‍ ജനവിഭാഗങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക്‌ കാരണമായെന്ന്‌ സിറ്റി മേയര്‍ ഷാര്‍പ്പ്‌ ജയിംസ്‌ ഒപ്പുവെച്ച പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.

ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനം സ്വരൂപിക്കുന്നതിനായി മെയ്‌ 25-ന്‌ വൈകിട്ട്‌ ന്യൂജേഴ്‌സിയിലുള്ള എലിസബത്ത്‌ റിറ്റ്‌സ്‌ മൂവി തീയേറ്ററില്‍ വെച്ച്‌ `വൈശാഖസന്ധ്യ' എന്ന സംഗീത-നൃത്ത-ഹാസ്യ കലാവിരുന്ന്‌ നടത്തപ്പെടുന്നതായി ഫാ. മാത്യു കുന്നത്ത്‌ അറിയിച്ചു.

ഷോയുടെ ആദ്യ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഫാ. മാത്യു കുന്നത്ത്‌ സ്റ്റീവ്‌ ഓട്ടോ ഉടമ തോമസ്‌ മലയിലിന്‌ നല്‍കി നിര്‍വഹിച്ചു.

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത്‌ പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന ഈ സംഗീത-നൃത്ത-ഹാസ്യ കലാവിരുന്നില്‍ പ്രശസ്‌ത യുവഗായകരായ അഫ്‌സല്‍, സുധീപ്‌ കുമാര്‍, സിത്താര കൃഷ്‌ണകുമാര്‍, മിമിക്രി കലാരംഗത്തെ കുലപതിമാരായ കലാഭവന്‍ ജിന്റോ, പ്രദീപ്‌ ലാല്‍ എന്നിവരും പ്രശസ്‌ത ജനപ്രിയ ഏഷ്യാനെറ്റ്‌ സീരിയല്‍ താരം സാജന്‍ സൂര്യ, പ്രമുഖ നടിയും നര്‍ത്തകിയുമായ ആര്യയും ഒത്തുചേരുന്നു. കേരളത്തിലെ പ്രശസ്‌ത കീബോര്‍ഡ്‌ പ്ലെയര്‍ പോളി തൃശൂര്‍ ആണ്‌ ഈ ഷോയുടെ ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്‌.

ഫൗണ്ടേഷന്റെ ഈ ഷോ വിജയകരമാക്കാന്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകുമെന്ന്‌ ഫാ. മാത്യു കുന്നത്ത്‌ പ്രത്യാശ പ്രകടിപ്പിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഷോയുടെ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: ഫാ. മാത്യു കുന്നത്ത്‌ (973 715 9505), ആല്‍ബര്‍ട്ട്‌ ആന്റണി (973 715 3406), സിറിയക്‌ കുന്നത്ത്‌ (908 591 8422), എഡിസണ്‍ അബ്രഹാം (862 485 0160), മൈക്കിള്‍ കല്ലറയ്‌ക്കല്‍ (973 731 4058), വിന്‍സെന്റ്‌ തോട്ടുമാരിക്കല്‍ (973 994 0690), സണ്ണി മാമ്പിള്ളി (973 736 1408), സജിമോന്‍ ആന്റണി (862 438 2361), ജോര്‍ജ്‌ തുമ്പയില്‍ (973 884 8776), തോമസ്‌ കുന്നത്ത്‌ (908 687 3459).

ഷോ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിലാസം: Ritz Theatre, 1148 E. Jersey St, Elizabeth, NJ 07201.

Web: www.frmathewkunnathfoundation.com

 

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.