You are Here : Home / USA News

തമ്പാൻ പാറ

Text Size  

Story Dated: Tuesday, May 05, 2020 12:00 hrs UTC

 (കഥ: അന്ന ബെന്നി)
 
വൃത്തിയിൽ ചുരുട്ടിമടക്കി തോളിട്ടിലിരുന്ന കയറെടുത്തു നിലത്തിട്ട് അതിന്റെ തുമ്പെടുത്തു വാകമരത്തിൽകെട്ടി മറ്റേയറ്റം അയാൾ താഴേക്കെറിഞ്ഞു, അരയിലെ മുണ്ടൂരിഞ്ഞുകളഞ് ഒട്ടിയവയറിനും പിന്നിത്തുടങ്ങിയ ട്രൗസറിനുമിടയിലുരുന്ന ജവാനെ രണ്ടിറക്കു കുടിച്ചശേഷം, ചുണ്ടിലൊരു കാജയുംതിരുകി കയറിൽത്തൂങ്ങി താഴേക്കിറങ്ങാൻ തുടങ്ങി.
 
പാറകൾക്കു മുകളിലൂടെ കുട്ടിക്കുരങ്ങനെപ്പോലെ ചാടിച്ചാടിപ്പോകുന്ന അയാളെയും നോക്കിക്കൊണ്ട് ചെറുതല്ലാത്ത പുരുഷാരം മുകളിൽനിന്നു. തുലാമഴ ബാക്കിവെച്ചുപോയ പൂപ്പലുകൾക്കുമുകളിൽ അയാളുടെ കാലടികൾ മുദ്രണം ചെയ്തു, ആ കാൽപ്പാടുകൾ അവക്കത്രയും പരിചിതവുമായിരുന്നു. നിലത്തെത്തിയതും ചുണ്ടിലേക്ക് ചൂടുപകരാനടുത്ത ബീഡിക്കുറ്റിയുടെ ആത്മാവിനെ ഒന്നുകൂടെ വലിച്ചകത്തേക്കാനയിച്ചശേഷം കൈകൊണ്ടു തൊടാതെ തന്നെ അയാളത് നിലത്തേക്ക് തുപ്പി, അരയിലിരുന്ന ജവാന്റെ ബാക്കി ചുണ്ടുതൊടാതെ വിഴുങ്ങി കുപ്പി നിലത്തേക്കെറിഞ് തന്റെ പണിയിലേക്കു കടന്നു.
 
തമ്പാൻ പാറയിൽ ശവം കണ്ടാൽ അയാളാണ് ഇറങ്ങിയെടുക്കുക, വാരിക്കൂട്ടുക എന്ന് പറയുന്നതാകും ശരി. കൂർത്തു നിൽക്കുന്ന കരിമ്പാറകളിൽ അടിച്ചടിച്ചു നൂറടിയോളം താഴേക്കുവീഴുമ്പോൾ നെല്ലും പതിരും തിരിഞ്ഞിട്ടുണ്ടാകും, ചെന്ന് പതിക്കുന്നതോ പരന്നുനിറഞ്ഞ തമ്പാൻ പാറയിലേക്കും. ഇന്നുവരെ അൻപതോളം ശവങ്ങൾ അയാളവിടെനിന്നുo വാരിയെടുത്തിട്ടുണ്ട്.
 
ഒരുകുപ്പി ജവാൻ റമ്മും അഞ്ഞൂറ് രൂപയും, അതാണയാളുടെ കൂലി, പണിക്കിറങ്ങുംമുന്നേ ചുറ്റുംനിൽക്കുന്ന പൊലീസുകാരെ കൂസലില്ലാതെ നോക്കി അവരുനീട്ടുന്ന കുപ്പിയിൽനിന്നും രണ്ടടിച്ചു നിൽക്കുമ്പോൾ അയാളുടെ നരച്ച നെഞ്ചിൻകൂടും സന്തോഷത്താൽ വികസിക്കും. അഭിമാനിക്കാനും അർഹതയുണ്ടല്ലോ, ഈ ലോകത്താർക്കാണ് ഏമാന്മാരുടെ മുന്നിൽ ഇത്രയും ധൈര്യത്തോടെ കള്ളുകുടിക്കാനാകുക.
 
തമ്പാൻപാറക്കൊരു ചരിത്രമുണ്ട്, ഒട്ടും പുതുമയില്ലാത്തൊരു ചരിത്രം. തമ്പ്രാൻ ചെക്കന് അടിമപ്പെണ്ണിനോട് തോന്നിയ ഇമ്മിണിവല്യ പൂതി, കുലംമുടിക്കാൻ വന്നവളെ രായ്ക്കുരാമാനം കെട്ടിത്തൂക്കിയ വല്യമ്പ്രാൻ, ഇതറിഞ്ഞു പാറക്കെട്ടുകളിലേക്ക് ഇടിച്ചിറങ്ങിയ കൊച്ചമ്പ്രാൻ.. കൊച്ചമ്പ്രാൻ ചത്തുമലച്ച കരിമ്പാറ അന്നുമുതൽ തമ്പ്രാൻ പാറയായി, പിന്നെയത് തമ്പാൻ പാറയും..
 
അന്നുമുതൽ മുകളിൽ നിന്ന് എന്തുവീണാലും അത് മനുഷ്യനായാലും മൃഗമായാലും, പുല്ലായാലും മരമായാലും, ആണായാലും പെണ്ണായാലും, ചെന്നുചേരുന്നത് തമ്പാൻപാറയുടെ നെഞ്ചത്തായിരിക്കും, അതിനിന്നും മാറ്റമില്ല, പക്ഷേ ഒരിക്കലുമത് ജീവനോടെയായിരിക്കില്ല, സ്വയം എറിഞ്ഞതായാലും എറിയപ്പെട്ടതായാലും തമ്പാൻപാറയിലേക്ക് യാത്രതുടങ്ങിയാൽ പിന്നെയൊരു മടക്കമില്ല.
 
അയാൾ ചുറ്റും നോക്കി, വലിയ പണിയൊന്നുമില്ല. കയ്യിലിരുന്ന പ്ലാസ്റ്റിക് ചാക്കിലേക്ക് കണ്ടതെല്ലാം അയാൾ വാരിക്കയറ്റി, അധികമൊന്നും എടുക്കാനുണ്ടായിരുന്നില്ല, പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടിക്ക് എന്താണ് കാര്യമായുണ്ടാകുക, അതും ഇവിടെ വിരുന്നുവന്നു രണ്ടുദിവസം കഴിഞ്ഞിട്ട്.
 
ചാവാലിപ്പട്ടികൾ കടിപിടികൂടുന്ന ശബ്ദം കേൾക്കുമ്പോളാണ് തമ്പാനെക്കാണാൻ അഥിതിയെത്തിയെന്നു അന്നാട്ടുകാരറിയുക, അതിനൊരു പകലിരവു കഴിയേണ്ടിവരും. എങ്കിലും അവറ്റകൾ എങ്ങനെയാണ് ഇക്കാര്യം മണത്തറിയുന്നത്, എങ്ങനെയാണ് നട്ടുച്ചപോലും ചെന്നെത്താത്തിടത്തേക്ക് കാലുകൾ ചലിപ്പിക്കുന്നത്… വിശപ്പ്.. ജീവിക്കാനുള്ള കൊതി, അല്ലാതെ മറ്റൊന്നുമാകില്ല..
 
അടർന്നുമാറിയ കയ്യുംകാലും ഒന്നിച്ചുതന്നെയാക്കി കണ്ണിൽതടഞ്ഞ വലിയ പുഴുക്കളെ ചൂണ്ടുവിരലിന്റെ നഖംകൊണ്ട് തട്ടിത്തെറിപ്പിച്ചശേഷം ചാക്കിലേക്കിട്ടു, എങ്കിലും തൊലിയിൽക്കുറെ തമ്പാനെ പുണർന്നുകിടന്നു, ചിന്നിച്ചിതറിയ തലച്ചോറിൽ ഏറിയപങ്കും ചെറിയൊരു കവറിലേക്കാക്കി അതും അതിന്റെ കൂടെവെച്ചു ചാക്കിന്റെ തുമ്പൊന്നു കൂട്ടിപ്പിരിച്ചശേഷം കയറിൽ ചേർത്തുകെട്ടി. കുറച്ചു നീങ്ങി കെട്ടിക്കിടന്ന വെള്ളത്തിൽ കയ്യുംകാലും കഴുകി തലയിൽ ചുറ്റിയിരുന്ന തോർത്തെടുത്തു കക്ഷവും മുഖവും തുടച്ചു വന്നവഴിയെ അയാൾ തിരിച്ചു കയറി.
 
മുകളിലെത്തി പോലീസുകാരൻ വെച്ചുനീട്ടിയ പണം തുറന്നുനോക്കാതെ മടിയിൽതിരുകി താഴെനിന്നുംകിട്ടിയ ഒറ്റപാദസരം അയാളുടെ കയ്യിൽകൊടുത്തശേഷം നിലത്തുകിടന്ന മുണ്ടെടുത്തുടുത്തു അയാൾ നടന്നുനീങ്ങി, നേരെ ഷാപ്പിലെത്തി ഒരുകുടം കള്ളിനു പറഞ്ഞു.
 
അയാളവിടെയെത്തിയതും ചുറ്റുമുള്ളവരെല്ലാം മൂക്കുപൊത്തി പുറത്തേക്കിറങ്ങി, എല്ലാത്തവണയും തമ്പാൻപാറ കയറിവരുമ്പോൾ ഇതുള്ളതാണ്, അതെന്താ ഇങ്ങനെ… താൻ കുളിച്ചതാണല്ലോ, എങ്കിലും അയാൾ സ്വയം മണത്തുനോക്കി, ഇല്ല മണമൊന്നുമില്ല… അയാൾ നെഞ്ചും കൈകളും മണത്തുനോക്കി, ഇല്ല മണമൊന്നുമില്ല… കക്ഷത്തിൽനിന്നും മുടിക്കിടയിലെ ചെളി ഉരുട്ടിയെടുത്തു മണത്തുനോക്കി, ഇല്ല അതിനും മണമൊന്നുമില്ല… എന്നിട്ടുമെന്തേ ആളുകളിങ്ങനെ….
 
മരഡെസ്കിന്റെ അങ്ങേത്തലക്കലാണ് ഷാപ്പുകാരൻ കുടമെടുത്തു കുത്തിയത് അതെടുത്തു വായിലേക്ക് കമഴ്ത്തിയശേഷം പെട്ടെന്നുതന്നെ അയാൾ പുറത്തേക്കിറങ്ങി, പുറത്തുള്ളവർ അകത്തേക്കും..
 
ദിവസങ്ങൾ നടന്നുനീങ്ങി, തമ്പാൻ പാറയിൽ ശവമെന്നു കേട്ടതും കയറുമായി അയാൾ വീട്ടിൽനിന്നിറങ്ങി, പോലീസുകാരൻ നീട്ടിയ ജവാൻ വാങ്ങി അരയിൽ തിരുകിയെങ്കിലും എന്തോ കൂടിക്കാൻ തോന്നിയില്ല. കൈ വിറക്കുന്നുണ്ട് പാറക്കൂട്ടങ്ങൾക്ക് വഴുവഴുപ്പ് വല്ലാതെ കൂടിയപോലെ, ഒന്നുരണ്ടുതവണ കാലുതെറ്റി പള്ള അതിലടിച്ചു, ഒന്നുതിരുമ്മാൻ പോലും കൂട്ടാക്കാതെ അയാൾ പതിയെ താഴേക്കിറങ്ങി.
 
ചിതറിക്കിടന്ന ശരീരത്തെ വാരിക്കൂട്ടി ചാക്കിലാക്കി പതിവുപോലെ കയ്യുംമേലും കഴുകി, തിരിച്ചു കയറിയപ്പോൾ തന്നെ നാറുന്നപോലെ അയാൾക്ക് തോന്നി, വീണ്ടും ഒന്നുകൂടെ മുങ്ങിനോക്കിയെങ്കിലും നാറ്റത്തിന് കുറവില്ല. അയാൾ അവിടെക്കിടന്ന പാറക്കല്ലെടുത്തു മേലെല്ലാം ഉരച്ചു കഴുകി, ദേഹമെല്ലാം ചുവന്നു തുടുത്തെങ്കിലും പിന്നെയും തന്നെ മണക്കുന്നപോലെ അയാൾക്ക് തോന്നി.
 
ഒരുവിധത്തിൽ അള്ളിപ്പിടിച്ചു മുകളിലെത്തി മുണ്ടെടുത്തിട്ട് തിരിഞ്ഞു നടക്കാൻ നേരം പോലീസുകാരൻ പതിവ് നേരെനീട്ടി, അയാളത് വാങ്ങിയില്ല പകരം അരയിലൊളിപ്പിച്ച ഒറ്റപാദസരം നേരെനീട്ടി, “സാറേ, ഇതിവന്റെ കയ്യിൽനിന്നും മൂന്നുദിവസം മുൻപ് എനിക്ക് കിട്ടിയതാ’’.
 
ഷാപ്പിലെത്തി പുറത്തുനിന്നുകൊണ്ടുതന്നെ ഒരുകുടം കള്ളിനു പറഞ്ഞു, അയാളുടെ ശബ്ദം തിരിച്ചറിഞ്ഞതും ഷാപ്പുകാരൻ തങ്കപ്പൻ പുറത്തേക്കിറങ്ങി. "കൊച്ചാപ്പിന്താ പൊറത്തു നിക്കണേ, ഉള്ളില് വാ".
 
അയാൾ തിരിഞ്ഞു നോക്കി, ആരെയാണിവൻ വിളിക്കുന്നത്..
 
"നിന്നെത്തന്നെയാ, ഉള്ളില് വാ കൊച്ചാപ്പി''
 
കൊച്ചാപ്പി… തന്റെ പേര്.. താനുമതു മറന്നുതുടങ്ങി, ആരെങ്കിലും തന്നെയിങ്ങനെ പേരെടുത്തു വിളിച്ചിട്ട് വർഷംകുറെ ആയല്ലോ.. ശവംതീനി ശവംമാന്തി പലരുമങ്ങനെ വിളിക്കുന്നത് ഒറ്റക്കും തെറ്റക്കും കേട്ടിട്ടുണ്ട്, കൊച്ചാപ്പിയെന്നത് കാലങ്ങൾക്കുശേഷം നടാടെയാണ് .
 
"വേണ്ട തങ്കപ്പാ, മേലാകെ വാടയാ''. അയാളവിടെത്തന്നെ നിന്നു.
 
തങ്കപ്പനത് കേട്ടഭാവം നടിച്ചില്ല, ചുമലിലൂടെ കയ്യിട്ടുപിടിച്ചുകൊണ്ട് അയാളെ അകത്തേക്ക് കൊണ്ടുപോയി. ബെഞ്ചിലും ഡസ്കിലുമൊക്കെയായി കുറേപ്പേർ അവിടെയുണ്ട്.. എല്ലാവരും അയാളെനോക്കി ചിരിക്കുന്നപോലെ, ഇവരെന്താ ഇങ്ങനെ, ഇവർക്കെന്താ മണം കിട്ടാത്തത് .. അയാൾക്ക് മനംപുരട്ടുന്നപോലെ തോന്നി… മണം… ശവത്തിന്റെ മണം… അത് മൂക്കിലടിച്ചു കയറുന്നു.. ശർദ്ധിച്ചുകൊണ്ട് അയാൾ ഇറങ്ങിയോടി..
 
വീട്ടിലെത്തി തെക്കുള്ള മാവിന്റെ കൊമ്പിറക്കി വെട്ടിമുറിച്ചശേഷം അയാൾ പുറത്തിറങ്ങി, മകനെക്കൊണ്ടുവരാൻ...
 
അപ്പോൾ രണ്ടുദിവസം മുൻപ് അയാൾ മകന് കോരിക്കൊടുത്ത കഞ്ഞിയുടെ ശേഷിപ്പുകുടിച്ച ചാവാലിപ്പട്ടി പറമ്പിലെ മൂലക്കൽ മണ്ണിലലിയാൻ തുടങ്ങിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.