You are Here : Home / USA News

ലാനാ കണ്‍വെന്‍ഷനില്‍ പൊറ്റക്കാട്‌- മുട്ടത്തുവര്‍ക്കി അനുസ്‌മരണവും, സ്‌മാരക പ്രഭാഷണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 25, 2013 10:51 hrs UTC

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ ദേശീയ സമ്മേളനത്തില്‍ മണ്‍മറഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരായ എസ്‌.കെ. പൊറ്റക്കാടിനേയും, മുട്ടത്തുവര്‍ക്കിയേയും അനുസ്‌മരിക്കുന്ന `സ്‌മരണാഞ്‌ലി' എന്ന പ്രത്യേക പ്രോഗ്രാം ഉള്‍പ്പെടുത്തിയിരിക്കുന്നു. കണ്‍വെന്‍ഷന്റെ ആദ്യ ദിവസം വൈകിട്ട്‌ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി മഹാരഥന്മാരായ ഈ എഴുത്തുകാര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടുള്ള സ്‌മാരക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്‌.

 

എസ്‌.കെ. പൊറ്റക്കാടിനെ അനുസ്‌മരിച്ചുകൊണ്ട്‌ ഏബ്രഹാം തെക്കേമുറിയും, മുട്ടത്തുവര്‍ക്കിയെ അനുസ്‌മരിച്ചുകൊണ്ട്‌ ജോസഫ്‌ നമ്പിമഠവും പ്രസംഗിക്കുന്നതാണ്‌. അതിരാണിപ്പാടമെന്ന വടക്കേ മലബാര്‍ ഗ്രാമത്തിന്റേയും അവിടുത്തെ വെള്ളവും വെളിച്ചവും സ്വീകരിച്ചുകൊണ്ട്‌ ജീവിക്കുകയും മരിക്കുകയും ചെയ്‌ത മൂന്നു തലമുറകളുടേയും കഥകള്‍ വശ്യസുന്ദരമായി അവതരിപ്പിച്ച്‌ മലയാളി വായനക്കാരുടെ മനസുകളില്‍ ചിരപ്രതിഷ്‌ഠ നേടിയ എഴുത്തുകാരനാണ്‌ എസ്‌.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ശങ്കരന്‍കുട്ടി പൊറ്റക്കാട്‌. ഒരു നൂറ്റാണ്ടു മുമ്പ്‌ 1913 മാര്‍ച്ച്‌ 14-ന്‌ കോഴിക്കോട്‌ ജനിച്ച അദ്ദേഹം കൈവെയ്‌ക്കാത്ത സാഹിത്യശാഖകളില്ല. അനവധി കഥാ സമാഹാരങ്ങളും, കാവ്യഗ്രന്ഥങ്ങളും നോവലുകളുമെഴുതി മലയാളികളുടെ കാല്‍പ്പനിക ഭാവനയെ ഉദ്ദീപിപ്പിച്ച അദ്ദേഹം മലയാള സഞ്ചാര സാഹിത്യ മേഖലയിലെ പ്രഥമനും പ്രധാനിയുമായിരുന്നു. കേവലം 69 വയസുവരെ മാത്രം ജീവിച്ച എസ്‌.കെ ചുരുങ്ങിയ കാലംകൊണ്ട്‌ യൂറോപ്പ്‌, ആഫ്രിക്ക, ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലും ഇന്ത്യയിലാകമാനവും പലവട്ടം പര്യടനം നടത്തുകയും ആ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങള്‍ പുത്തനറിവുകളായി മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.

 

അദ്ധ്യാപകനായും സാമൂഹ്യ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച അദ്ദേഹം അഞ്ചുവര്‍ഷം ലോക്‌സഭാംഗവുമായിരുന്നു. സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പലവട്ടം നേടിയ എസ്‌.കെയുടെ `ഒരു ദേശത്തിന്റെ കഥ' ജ്ഞാനപീഠം പുരസ്‌കാരവും നേടി. മലയാളിയുടെ വായനാശീലത്തെ ജീവതഗന്ധിയായ കഥകളുടെ പട്ടുതൂവാലയില്‍ പൊതിഞ്ഞ്‌ കാണാത്ത തീരങ്ങളിലൂടെ കിനാവിന്റെ ലോകത്തേക്ക്‌ തെക്കന്‍ കാറ്റിന്റെ തേരിലേറി യാത്രയാക്കിയ ജനപ്രിയ സാഹിത്യനായകനായിരുന്നു മുട്ടത്തുവര്‍ക്കി. എണ്‍പത്തിയൊന്ന്‌ നോവലുകളും, ഇരുപത്തിയാറ്‌ സിനിമാ കഥകളും, പതിനേഴ്‌ വിവര്‍ത്തനങ്ങളും, ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും, നാടകം, ജീവചരിത്രം എന്നീ മേഖലകളിലായി പതിനെട്ട്‌ കൃതികളും രചിച്ച മുട്ടത്തുവര്‍ക്കി `ആത്മാഞ്‌ജലി' എന്ന പേരില്‍ ഒരു ഖണ്‌ഡകാവ്യവും രചിച്ചിട്ടുണ്ട്‌. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ മലയാള പ്രസിദ്ധീകരണങ്ങളും അഭിമാനപൂര്‍വ്വം അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചു. 1913 ഏപ്രില്‍ 28-ന്‌ ജനിച്ച മുട്ടത്തുവര്‍ക്കിയുടെ ഓര്‍മ്മകള്‍ ഈ ജന്മശതാബ്‌ദി വര്‍ഷത്തിലും വായനക്കാര്‍ക്ക്‌ ആവേശം പകരുന്നു. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.