You are Here : Home / USA News

മാധ്യമപ്രവര്‍ത്തനത്തിന്റെ നവ്യാനുഭവവുമായി പ്രസ് ക്ലബ് കോണ്‍ഫ്രന്‍സ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, October 18, 2013 11:07 hrs UTC

ന്യൂയോര്‍ക്ക് : ഇന്ത്യാപ്രസ് ക്ലബ്ബ് ദേശീയ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മാധ്യമരംഗത്തെ മാറുന്ന ട്രൈന്‍ഡുകളെക്കുറിച്ച് പഠിപ്പിക്കുവാനും സംവദിക്കാനും എത്തുന്ന അതിഥികളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സാംസ്‌ക്കാരികനായകര്‍ സംതൃപ്തി രേഖപ്പെടുത്തി. സാധാരാണ കണ്ടുവരാറുള്ള മുഖങ്ങളും ജാഡയുടെ പ്രതിരൂപങ്ങളുമായവരെ മാറ്റിനിര്‍ത്തി ഏറ്റവും അനുയോജ്യമായവരെ ഈ ദേശീയ കോണ്‍ഫറന്‍സിന് എത്തിക്കുന്ന പ്രസ് ക്ലബ് നേതൃത്വത്തെ അമേരിക്കന്‍ മലയാളിയുടെ സാംസ്‌ക്കാരിക പ്രതിനിധിയായ ഡോ.എം.വി.പിള്ള വിശേഷിപ്പിച്ചത്. ജോസ് പനച്ചിപ്പുറം, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ജെ. ഗോപീകൃഷ്ണന്‍, വിനു ജോണ്‍, വി.ടി.ബല്‍റാം എംഎല്‍എ, വി.ഡി.സതീശന്‍ എംഎല്‍എ എന്നിവരാണ് ദേശീയ കോണ്‍ഫറന്‍സിനായി എത്തുന്നത്. ഇതില്‍ 2 ജി സ്‌പ്രെക്ട്രം കേസ് പുറംലോകത്ത് എത്തിച്ച ഗോപീകൃഷ്ണനെ കോണ്‍ഫറന്‍സിന് എത്തിക്കാനായ നേതൃത്വത്തിന്റെ മികവിനെയും അദ്ദേഹം വാനോളം വാഴ്ത്തി.

 

എവിടെയുമുണ്ടാകുന്ന വാര്‍ത്തകളെ നേരോടെ നേരത്തെ വായനക്കാരനെത്തിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന് പുതിയ നേര്‍ക്കാഴ്ചകള്‍ നെയ്യാന്‍ ഈ കോണ്‍ഫറന്‍സിന് കഴിയും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ആഗ്രഹിക്കുന്നതും ഇതും തന്നെ. നവം.1,2 തീയതികളിലെ ദേശീയ കോണ്‍ഫറന്‍സിനെത്തുന്ന ഈ വിശിഷ്ട വ്യക്തികളെ ഒറ്റു നോക്കുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരും അനവധി. സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തു നിന്നുള്ള ഒട്ടനവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങിനെ അമേരിക്കയിലെമ്പാടുമുള്ള മലയാളികള്‍ സാകൂതം വീക്ഷിക്കുന്നത്, ഇതിലെ നേരറവിനെ തിരിച്ചറിയാനാണ്. വാര്‍ത്തകളിലെ കപടതയുടെയും പൊങ്ങച്ചത്തിന്റെയും ശിക്ഷണങ്ങളെ തൂത്തെറിഞ്ഞു കൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന വാര്‍ത്താധിഷ്ഠിത സംഘടന നടത്തുന്ന പോരാട്ടങ്ങളുടെ വിപ്ലവീര്യമാണ് ഈ ദേശീയകോണ്‍ഫറന്‍സിലും പ്രകടമാവുക. കേരളത്തിന്റെ തനതു മൂല്യങ്ങളെ നിലനിര്‍ത്തുക മാത്രമല്ല, വാര്‍ത്തകളുടെ മൂല്യത്തെ ഒപ്പം ചേര്‍ത്തു നിര്‍ത്തി കൊണ്ടു തന്നെ, തികച്ചും പ്രൊഫഷണലിസത്തിന്റെയും സത്യസന്ധതയുടെയും രീതി അനുവര്‍ത്തിക്കുകയാണ് ഈ സംഘടന. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അനുമോദിക്കാന്‍ മുന്നോട്ടുവന്നവരെല്ലാം വ്യക്തമാക്കിയതും ഇതുതന്നെ. ജേര്‍ണലിസത്തിന്റെ വാക്ചാതുര്യങ്ങളിലെ അക്ഷരമഹിമ മാത്രമല്ല, വാര്‍ത്തകളിലെ വര്‍ത്തമാനം അമേരിക്കന്‍ മലയാളികളിലേക്ക് ഉടനടി എത്തിച്ചു നല്‍കുക എന്ന ഭഗീരഥപ്രയത്‌നവും ഇതിലെ അംഗങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.

 

വാര്‍ത്തകളിലെ ലാളിത്യം, വായനക്കാരന്റെ മനസ്സറിഞ്ഞുള്ള പത്രപ്രവര്‍ത്തനം, കടലേഴും കടന്നിട്ടും മലയാളത്തെ നെഞ്ചോടു ചേര്‍ത്തുള്ള എഴുത്ത്, സാംസ്‌ക്കാരിക പൈതൃകങ്ങള്‍ വേരറ്റു പോകാതെ കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രത എന്നിവയാണ് മറ്റു സംഘടനകളില്‍ നിന്നും ഇന്ത്യ പ്രസ് ക്ലബ്ബിനെ മാറ്റി നിര്‍ത്തുന്നത്. ഇത് ഒരു ഒറ്റയാള്‍ പോരാട്ടമല്ല, ഒരു കൂട്ടം വ്യക്തികളുടെ ആത്മസമര്‍പ്പണത്തിന്റെയും ആത്മവീര്യത്തിന്റെയും ചെറുത്തുനില്‍പ്പാണ്. വാര്‍ത്തയോടു കാണിക്കുന്ന ആത്മാര്‍ത്ഥയുടെ ശക്തിയാണിത്. അതു കൊണ്ടാണ്, അമേരിക്കന്‍ മലയാളികളടക്കമുള്ള നിരവധി പേര്‍ ദേശീയകോണ്‍ഫറന്‍സിന് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നത്. ന്യൂജേഴ്‌സിയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍#ിസന് വിജയപതാക വാഹകരായെത്തുന്നത് അക്ഷരസ്‌നേഹികളുടെ നീണ്ടനിര തന്നെയാണ്. സമൂഹത്തിനു നേരെ അക്ഷരജ്വാലകളായി പടരുകയും തൂലികയെ പടവാളാക്കാന്‍ ഉദ്‌ബോധിപ്പിക്കുയും ചെയ്യുന്നവരുടെ നീണ്ട നിര തന്നെ ദേശീയ കോണ്‍ഫറന്‍സിന് വിജയമായി മാറുമെന്ന് ഉറപ്പ്. ന്യൂജേഴ്‌സിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യാ റസ്റ്റോറന്റില്‍ സംവിധായകന്‍ ബ്ലസ്സി നടത്തിയ കിക്ക് ഓഫില്‍ പങ്കെടുത്തത് ഒട്ടനവധി സ്‌പോണ്‍സര്‍മാരാണ്.

 

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ദേശീയ കോണ്‍ഫറന്‍സ് വാര്‍ത്ത അവതരണത്തിന്റെ മറ്റൊരു പാഠശാലയാവും പകര്‍ന്നു തരിക. മാധ്യമപ്രവര്‍ത്തനത്തിന്റെ നവ്യലോകമായി ദേശീയ കോണ്‍ഫറന്‍സ് മാറുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിശിഷ്ടവ്യക്തികളുടെ കൂട്ടായ്മ. പത്രപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുള്ളവരെയും ഒരുമിപ്പിക്കുകയെന്ന തീവ്രയത്‌നത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ് ഈ കോണ്‍ഫറന്‍സ്. വാര്‍ത്തകളുടെ വിലയും മൂല്യവും തൊട്ടടുത്തറിയാനും അറിഞ്ഞതു പകര്‍ത്താനും അവസരമൊരുക്കുന്ന ഈ ദേശീയ കോണ്‍ഫറന്‍സിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് - www.ipcna.us എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.