You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ സമ്മേളനത്തിന്റെ ഔപചാരികമായ കിക്ക്‌ ഓഫ്‌ ബ്ലസി നിര്‍വഹിച്ചു

Text Size  

Story Dated: Tuesday, September 24, 2013 10:53 hrs UTC

ബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ഒക്‌ ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാമത്‌ ദേശീയ സമ്മേളനത്തിന്റെ ഔപചാരികമായ കിക്ക്‌ ഓഫ്‌ സംവിധായകന്‍ ബ്ലസി നിര്‍വഹിച്ചു. സോഷ്യല്‍ മീഡിയയുടെ വരവോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു എന്നു പറയും പോലെ ഏതൊരാള്‍ക്കും വാര്‍ത്താ ലേഖകനാകാമെന്ന ദുരവസ്‌ഥ സംജാതമായിട്ടുണ്ടെന്ന്‌ അദ്ദേഹം ചൂ ണ്ടിക്കാട്ടി. ആര്‍ക്കും ആരെപ്പറ്റിയും എന്തും എഴുതാം. സത്യമോ നുണയോ അപകീര്‍ത്തികരമോ എന്നൊന്നും പ്രശ്‌നമല്ല. ബന്യാമിന്റെ ആടുജീവിതം സിനിമയാക്കാന്‍ പോകുന്നുവെന്നു കേട്ടതോടെ ഫേസ്‌ബുക്കില്‍ ചര്‍ച്ചയായി. നായകനായി പൃഥിരാജ്‌, മോഹന്‍ ലാല്‍ എന്നിങ്ങനെ പല പേരുകളും കണ്ടു. മോഹന്‍ലാല്‍ ആ വേഷത്തിനായി തടികുറക്കണമെന്ന നിര്‍ദ്ദേശവും കണ്ടു. മഹാനായ നടന്റെ വ്യക്‌തിപരമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയില്‍ വന്നു. നായകനാരാണെന്നോ ആരായിരിക്കണമെന്നോ ഒന്നും താന്‍ ആലോചിച്ചിട്ടു പോലുമില്ല. പക്ഷേ ജനം കാര്യങ്ങളെല്ലാം തിരുമാനിച്ചു കഴിഞ്ഞു.

 

ഒരുവര്‍ഷമായി കളിമണ്ണ്‌ എന്ന സിനിമയുമായി ബന്‌ധപ്പെട്ട്‌ നല്ലതും ചീത്തയുമായ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയനായിരുന്നു താന്‍. ഇവിടെ എവിടെയാണ്‌ പത്രധര്‍മ്മം?? സത്യസന്‌ധതയോടെ ജനത്തെ നയിക്കാനുളള മുന്‍ബലവും പിന്‍ബലവും ഉളള അസ്‌ത്രങ്ങളാണ്‌ മാധ്യമങ്ങളുടെ കൈയിലെ വാക്കുകള്‍. മൂര്‍ച്ചയേറിയ വാള്‍ പോലെയും അത്‌ പ്രവര്‍ത്തിക്കുന്നു. അറിഞ്ഞും അറിയാതെയും അത്‌ പ്രയോഗിച്ചാല്‍ ആഴത്തില്‍ മുറിവുണ്ടാകാം. ജീവന്‍ തന്നെ നഷ്‌ടമാകാം. തിന്മകള്‍ക്കെതിരെ അത്‌ ഉപയോഗിച്ചാല്‍ വലിയ മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും. പലപ്പോഴും നാം അത്‌ കാണുന്നുമുണ്ട്‌. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ കളളസന്യാസിമാരെപ്പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പ്രതികരിക്കണം. സ്വയം വലുതാകാന്‍ ഏറ്റവും നല്ല മാര്‍ഗം മറ്റൊരാളെ ചെറുതായി കാണിക്കുക എന്നതായിട്ടുണ്ട്‌. അതും ശരിയാണോ? കളിമണ്ണ്‌ താമസിയാതെ അമേരിക്കയില്‍ റിലീസ്‌ ചെയ്യുന്നുണ്ട്‌. മികച്ച പ്രതികരണം ഇവിടെ പ്രതീക്ഷിക്കുന്നു.

 

തന്മാത്രക്ക്‌ അമേരിക്കയിലാണ്‌ ഏറ്റവും അധികം അംഗീകാരം ലഭിച്ചത്‌. മെഡിക്കല്‍ രംഗവുമായി ബന്‌ധപ്പെട്ടതുകൊണ്ടായിരുന്നു അത്‌. കളിമണ്ണിലും മെഡിക്കല്‍ പശ്‌ചാത്തലമുണ്ട്‌. അധ്യക്ഷത വഹിച്ച പ്രസ്‌ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ കണ്‍വന്‍ഷന്റെ പ്രാധാന്യം വിശദീകരിച്ചു. മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറം, ടി.വി രംഗത്തെ പയനിയര്‍ ശ്രീകണ്‌ഠന്‍ നായര്‍, ടുജി സ്‌പെക്‌ട്രം അഴിമതി പുറത്തു കൊണ്ടുവന്ന ഗോപീകൃഷ്‌ണന്‍, ഏഷ്യനെറ്റ്‌ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ വിനു വി. ജോണ്‍ എന്നിവര്‍ക്കു പുറമെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുളള സോവി ആഴാത്ത്‌ (സി. എന്‍.എന്‍), ദേവി നമ്പ്യാപറമ്പില്‍ (സി.എന്‍.എന്‍, എന്‍.ബി.സി) എന്നിവരും രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുളളവരും സെമിനാറുകള്‍ നയിക്കുമ്പോള്‍ പുതിയ കാഴ്‌ചപ്പാടുകളും ചിന്താസരണികളും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ലഭ്യമാവും. കേരളത്തിലെ പത്രപ്രവര്‍ത്തന രംഗവുമായുളള ബന്‌ധം ശക്‌തിപ്പെടുത്തുകയും സമ്മേളനം ലക്ഷ്യമിടുന്നു. മാധ്യമങ്ങളുടെ വളര്‍ച്ചക്കും പ്രസ്‌ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അമേരിക്കയിലെ മലയാളികള്‍ നല്‍കുന്ന സഹായ സഹകരണങ്ങള്‍ ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര അനുസ്‌മരിച്ചു. മാധ്യമ രംഗവുമായി ബന്‌ധപ്പെട്ട ചര്‍ച്ചകള്‍ മാറ്റങ്ങള്‍ക്ക്‌ പ്രചോദനമാകുമെന്ന പ്രതീക്ഷയാണ്‌ തങ്ങള്‍ക്കുളളത്‌. അതിനാല്‍ സാധാരണ കണ്‍വന്‍ഷനില്‍ നിന്ന്‌ വ്യത്യസ്‌തമായ ഫോര്‍മുലയുമായാണ്‌ തങ്ങള്‍ എത്തുന്നത്‌. കണ്‍വന്‍ഷന്റെ സ്‌പൊണ്‍സര്‍മാരായി രംഗത്തു വന്നവരോടുളള നന്ദിയും മധു എടുത്തു പറഞ്ഞു.

 

അമേരിക്കന്‍ മലയാളികളും മാധ്യമങ്ങളും നല്‍കിയ നിര്‍ലോപമായ പിന്തുണയാണ്‌ 100 കോടിയുളള സ്‌ഥാപനത്തില്‍ നിന്ന്‌ 2500 കോടി ആസ്‌തിയുളള സ്‌ഥാപനമായി മാറാന്‍ തങ്ങള്‍ക്ക്‌ കഴിഞ്ഞതെന്ന്‌ മെഗാ സ്‌പൊണ്‍സറായ ഒലീവ്‌ ബില്‍ഡേഴ്‌സിന്റെ അമേരിക്കയിലെ മാര്‍ക്കറ്റിംഗ്‌ മേധാവി വര്‍ഗീസ്‌ പറഞ്ഞു. സ്‌ഥാപനങ്ങളും വ്യവസായങ്ങളുമൊക്കെ ഉണ്ടെങ്കിലേ അതിന്റെ പ്രയോജനം മറ്റുളളവര്‍ക്കും ലഭിക്കൂ. ചുമരുണ്ടെങ്കിലെ ചിത്രം എഴുതാനാവൂ എന്നു കണ്ടറിഞ്ഞ്‌ സത്യസന്‌ധമായ മാധ്യമ പ്രവര്‍ത്തനം നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനങ്ങള്‍ക്ക്‌ സ്‌പൊണ്‍സറായി ചെക്ക്‌ കൊടുക്കുക എന്നല്ലാതെ മറ്റൊന്നും താന്‍ പ്രതീക്ഷിക്കാറില്ലെന്ന്‌ മറ്റൊരു മെഗാസ്‌പൊണ്‍സര്‍ ഡി. കെ കണ്‍സ്‌ട്രക്‌ഷന്‍സിന്റെ ദിലീപ്‌ വര്‍ഗീസ്‌ പറഞ്ഞു. ജോര്‍ജ്‌ തുമ്പയില്‍ ആയിരുന്നു എംസി ലോകമെങ്ങും ആയുര്‍വേദത്തിന്റെ നന്മകള്‍ എത്തിക്കുക ലക്ഷ്യമാക്കിയ ഡോ. ഗോപിനാഥന്‍ നായര്‍, ഹെഡ്‌ജ്‌ ബ്രോക്കറേജിന്റെ ജേക്കബ്‌ എബ്രഹാം, ടോമര്‍ കണ്‍സ്‌ട്രക്‌ഷന്‍സിന്റെ തോമസ്‌ മൊട്ടക്കല്‍, മണി ഡാര്‍ട്ടിന്റെ സുമിത്‌ പ്രഭാകര്‍, ഡോ. ജോസ്‌ കാനാട്ട്‌, ഡോ. മാധവന്‍ നായര്‍, സ്‌റ്റെര്‍ലിംഗ്‌ സീഫുഡ്‌സ്‌ സാരഥി സൈമണ്‌ വേണ്ടി മൊയ്‌തീന്‍ പുത്തന്‍ചിറ എന്നിവരും സ്‌പൊണ്‍സര്‍ഷിപ്പ്‌ തുക ബ്ലസിക്ക്‌ കൈമാറി.

 

പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌ടര്‍ സെക്രട്ടറി സജി എബ്രഹാം, ട്രഷറര്‍ ഫിലിപ്പ്‌ മാരേട്ട്‌, രേഷ്‌മ, രാജു പളളത്ത്‌, ജിന്‍സ്‌മോന്‍ സഖറിയ, വനീത നായര്‍ എന്നിവര്‍ സ്‌പൊണ്‍സര്‍മാരെ പരിചയപ്പെടുത്തി. നിയുക്‌ത ദേശീയ പ്രസിഡന്റ്‌ ടാജ്‌ മാത്യു, പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌ടര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപ്പുറം, ജോര്‍ജ്‌ ജോസഫ്‌, അലക്‌സ്‌ വിളനിലം, മുന്‍ ഫൊക്കാന പ്രസിഡന്റ്‌ ജെ. മാത്യൂസ്‌, രാജു മൈലപ്ര, ജിബി തോമസ്‌ (കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി), ഷാജി വര്‍ഗീസ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി) എന്നിവര്‍ സംസാരിച്ചു. ദേശീയ ട്രഷറര്‍ സുനില്‍ തൈമറ്റം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.