You are Here : Home / USA News

ചാവറയച്ചന്റേയും ഏവുപ്രാസ്യാമ്മയുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 29, 2014 10:56 hrs UTC

ഷിക്കാഗോ: ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട വി. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റേയും, വി. ഏവുപ്രാസ്യാമ്മയുടേയും സംയുക്ത തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിപുരസരം കൊണ്ടാടി. ക്രിസ്‌തുരാജ തിരുനാള്‍ ദിനം തന്നെ നാമകരണദിനമായത്‌ ഏറെ സന്തോഷവും അനുഗ്രഹവും പ്രദാനം ചെയ്‌ത ഒന്നാണെന്ന്‌ കാര്‍മികന്‍ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ പറഞ്ഞു. ഏവര്‍ക്കും ക്രിസ്‌തു രാജ തിരുനാളിന്റേയും, വിശുദ്ധരുടേയും തിരുനാള്‍ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നതായും റവ.ഡോ. വേത്താനത്ത്‌ അറിയിച്ചു. തിരുനാള്‍ സന്ദേശം നല്‍കിയ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഇരു വിശുദ്ധരുടേയും ത്യാഗത്തിന്റേയും പ്രാര്‍ത്ഥനകളുടേയും വഴികള്‍ സംക്ഷിപ്‌തമായി അവതരിപ്പിച്ചു.

 

കേരള സഭയിലെ നവോത്ഥാന നായകന്‍ എന്ന വിശേഷണമുള്ള വി. ചാവറയച്ചന്‍ തന്റെ വ്യത്യസ്‌തങ്ങളായ കര്‍മ്മ പരിപാടികള്‍ എങ്ങനെ ജാതി മത ഭേദമെന്യേ ഏവര്‍ക്കും വളരെ ത്യാഗ മനോഭാവത്തോടും പ്രാര്‍ത്ഥനാ ചൈതന്യത്തോടും കൂടി നിറവേറ്റി എന്നത്‌ വളരെ ലളിതമായി അവതരിപ്പിച്ചു. `പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്നറിയപ്പെട്ടിരുന്ന വി. ഏവുപ്രാസ്യാമ്മയുടെ സഹനത്തിന്റേയും പ്രാര്‍ത്ഥനയുടേയും മദ്ധ്യസ്ഥതയുടേയും മഹനീയ മാതൃക ഏവരും മനസിലാക്കണമെന്നും, അനുകരണീയമാക്കുന്നതിനായി ശ്രമിക്കണമെന്നും, സ്വര്‍ഗ്ഗപ്രാപ്‌തിക്കുതകുന്നതിലേക്കുള്ള ചവിട്ടുപടികളാകണമെന്നും റവ. ഡോ. പാലയ്‌ക്കാപ്പറമ്പില്‍ ഉദ്‌ബോധിപ്പിച്ചു.

 

വിശുദ്ധരുടെ ജീവിത മാതൃകകളിലൂടെ സഹജീവികളോടുള്ള സ്‌നേഹവും ത്യാഗ മനോഭാവവും, പ്രാര്‍ത്ഥനാ ജീവിതവും എല്ലാം സംയോജിപ്പിച്ചുകൊണ്ട്‌ എങ്ങനെ ഉത്തമ ദൈവമക്കളായി ജീവിക്കുവാന്‍ കഴിയുമെന്നും അതിന്‌ അനുസൃതമായി ശ്രമിക്കണമെന്നും അച്ചന്‍ ആവശ്യപ്പെട്ടു. നാമകരണ ചടങ്ങുകളില്‍ പങ്കെടുത്ത രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രത്യേകം സ്‌മരിച്ചു. വി അല്‍ഫോന്‍സാമ്മയും, വി. ചാവറയച്ചനും, വി. ഏവുപ്രാസ്യാമ്മയും അള്‍ത്താരവണക്കിന്‌ യോഗ്യരായി തീര്‍ന്നതിന്റെ സന്തോഷം പങ്കുവെച്ച വിശ്വാസികള്‍ പ്രാര്‍ത്ഥനകളിലും പ്രദക്ഷിണത്തിലും പ്രാര്‍ത്ഥനാപുരസരം പങ്കെടുത്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.