You are Here : Home / USA News

മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ ഷിക്കാഗോ ഒരുക്കുന്ന ഇറ്റലി, റോം, വത്തിക്കാന്‍, അസീസ്സി ടൂര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 08, 2014 11:34 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍, ഷിക്കാഗോ ഭദ്രാസന ക്രമീകരണത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍, കാനഡ, ഡിട്രോയിറ്റ്‌, ന്യൂഓര്‍ലിയന്‍സ്‌ എന്നീ ഇടവകകളില്‍ നിന്നും പതിനഞ്ചോളം പട്ടക്കാരോടൊപ്പം, നൂറുകണക്കിന്‌ വിശ്വാസികള്‍ നവംബര്‍ 16,17 തീയതികളില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്‌ എന്നീ പ്രധാന നഗരങ്ങളില്‍ നിന്നും ഇറ്റലിയിലേക്ക്‌ യാത്രതിരിക്കുന്നു. കഴിഞ്ഞ 22 വര്‍ഷം ടൂറിസം മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ കമ്പനി, ഷിക്കാഗോ ആണ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്‌. 4 സ്റ്റാര്‍ പദവിയിലുള്ള ഹോട്ടലുകളോടൊപ്പം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, എയര്‍കണ്ടീഷന്‍ ബസ്‌, ഡ്രൈവര്‍ ഫുള്‍ടൈം ഗൈഡ്‌ എന്നിവയെല്ലാ പ്രവേശനഫീസും ഉള്‍പ്പടെ ക്രമീകരിച്ചിരിക്കുന്നു.

 

നവംബര്‍ 16-ന്‌ ഷിക്കാഗോയില്‍ നിന്നും, 17-ന്‌ ന്യൂയോര്‍ക്കില്‍ നിന്നും തിരിക്കുന്ന ഗ്രൂപ്പുകള്‍ ഇസ്റ്റാംബുളില്‍ ഒത്തുകൂടുകയും അവിടെ നിന്ന്‌ ഒരുമിച്ച്‌ ഇറ്റലിയിലെ വെനീസ്‌, ഫ്‌ളോറന്‍സ്‌, പിസ്സാ, അസ്സീസി എന്നീ സിറ്റികളിലുള്ള സന്ദര്‍ശനകളും, പ്രാര്‍ത്ഥനകളും കഴിഞ്ഞ്‌ 23-ന്‌ റോമില്‍ എത്തിച്ചേരും. 23-ന്‌ വത്തിക്കാനില്‍ വെച്ച്‌ വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചാവറ അച്ചന്റേയും, ഏവുപ്രാസ്യാമ്മയുടേയും വിശുദ്ധ കൂദാശാ കര്‍മ്മത്തില്‍ പങ്കെടുത്ത്‌ 24-ന്‌ റോം, വത്തിക്കാന്‍ സിറ്റിയിലുള്ള സന്ദര്‍ശനം കഴിഞ്ഞ്‌ 25-ന്‌ റോമില്‍ നിന്നും അമേരിക്കയിലേക്ക്‌ യാത്ര തിരിക്കുന്നതാണ്‌. ടര്‍ക്കിഷ്‌ എയര്‍ലൈന്‍സ്‌, മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ കമ്പനിയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ ഫ്‌ളൈറ്റിന്റെ മുക്കാല്‍ ഭാഗവും ഈ പ്രത്യേക യാത്രയ്‌ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നു. ചാവറയച്ചന്‍, ഏവുപ്രാസ്യാമ്മ ഭാരത കത്തോലിക്കാ സഭയുടെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി രണ്ട്‌ വിശുദ്ധര്‍ കൂടി. കേരള സഭയില്‍ നിന്നുള്ള വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനേയും, സി. ഏവുപ്രാസ്യമ്മയേയും നവംബര്‍ 23-ന്‌ വിശുദ്ധരുടെ പദവിയിലേക്ക്‌ ഉയര്‍ത്തും. ഇതോടെ ഇരുവരും അള്‍ത്താരയില്‍ വണക്കത്തിന്‌ യോഗ്യരാകും. ചാവറയച്ചനെ 1986-ല്‍ വാഴ്‌ത്തപ്പെട്ടവനായും സി. ഏവുപ്രാസ്യാമ്മയെ 1987-ല്‍ ദൈവദാസിയായും പ്രഖ്യാപിച്ചിരുന്നു. എട്ടുവര്‍ഷം മുമ്പാണ്‌ സി. ഏവുപ്രാസ്യാമ്മയെ വാഴ്‌ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്‌ ഉയര്‍ത്തിയത്‌. ഇരുവരും വിശുദ്ധ പദവിയിലേക്ക്‌ എത്തുന്നതോടെ ഭാരതസഭയിലെ വിശുദ്ധരുടെ എണ്ണം മൂന്നാകും. സി.അല്‍ഫോന്‍സാമ്മയാണ്‌ ആദ്യ ഭാരതവിശുദ്ധ. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നിന്ന വൈദീകന്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, വിദ്യാഭ്യാസ ചിന്തകന്‍, വാഗ്‌മി, ബഹുഭാഷാ പണ്‌ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍. കുട്ടനാട്ടില്‍ കൈനകരിയിലെ ചാവറ കുടുംബത്തില്‍ കുര്യാക്കോസ്‌- മറിയം ദമ്പതികളുടെ പുത്രനായി 1805 ഫെബ്രുവരി 10-ന്‌ ജനനം. പതിനൊന്നാം വയസില്‍ വൈദീകപഠനം ആരംഭിച്ചു. 1829 നവംബര്‍ 29-ന്‌ വൈദീകനായി. 1831-ല്‍ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്‌തവ സന്യാസ സഭയായ സി.എം.ഐയ്‌ക്ക്‌ (കാര്‍മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌) കോട്ടയം ജില്ലയിലെ മാന്നാനത്ത്‌ തുടക്കമിട്ട അദ്ദേഹം 1866-ല്‍ സി.എം.സി സന്യാസിനി സഭയ്‌ക്കും രൂപം നല്‌കി. 1846-ല്‍ കേരള സുറിയാനി സഭയ്‌ക്ക്‌ വേണ്ടി മാന്നാനത്ത്‌ അച്ചുകൂടം സ്ഥാപിച്ച്‌ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണമാരംഭിച്ചു. അതേവര്‍ഷം തന്നെ സഭയ്‌ക്കുവേണ്ടി ആദ്യത്തെ സംസ്‌കൃത വിദ്യാലയം മാന്നാനത്ത്‌ സ്ഥാപിച്ചതും ചാവറയച്ചനായിരുന്നു. അധ:കൃതര്‍ക്കുവേണ്ടി ആര്‍പ്പൂക്കരയില്‍ വിദ്യാലയം തുടങ്ങിയത്‌ സാമൂഹിക രംഗത്ത്‌ ചലനങ്ങള്‍ സൃഷ്‌ടിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. മലയാളത്തിലെ ആദ്യ ദിനപ്പത്രമായ നസ്രണി ദീപിക ആരംഭിച്ചതും ചാവറയച്ചനായിരുന്നു. അഗതികളെ താമസിപ്പിച്ച്‌ സംരക്ഷിക്കാന്‍ കൈനകരിയില്‍ അഗതിമന്ദിരം സ്ഥാപിച്ചതും ചാവറയച്ചന്റെ ശ്രമഫലമായിരുന്നു. ആദ്യത്തെ സുപ്പീരിയര്‍ ജനറലായിരുന്ന അദ്ദേഹം 1861-ല്‍ സുറിയാനി സഭയുടെ വികാരി ജനറലായി. 1871 ജനുവരി മൂന്നിന്‌ കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ആശ്രമത്തിലായിരുന്നു മരണം. ചുവരുള്‍, മരണപര്‍വ്വം, ധ്യാനസല്ലാപങ്ങള്‍, നാളാഗമം (ആത്മകഥ) റോക്കോസ്‌ ശീശ്‌മയുടെ ചരിത്രം എന്നിവയാണ്‌ പ്രധാന കൃതികള്‍. ആത്മാനുതാപം ചാവറയച്ചന്റെ ആത്മകഥാപരമായ പദ്യകൃതിയാണ്‌. എല്ലാ രചനകളുമുള്‍പ്പെടുത്തി ചാവറക്കൃതികള്‍ എന്നപേരില്‍ നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1986 ഫെബ്രുവരി എട്ടിന്‌ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കോട്ടയത്ത്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ ചാവറയച്ചനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. 1987 ഡിസംബര്‍ 20-ന്‌ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ ആദരിച്ച്‌ തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കി. 2010 ഫെബ്രുവരിയില്‍ വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയായ നാമകരണ കോടതി സ്ഥാപിച്ചു. ഫാ. ചെറിയാന്‍ തുണ്ടിപ്പറമ്പില്‍ പോസ്റ്റുലേറ്ററും, ഫാ. ജയിംസ്‌ മഠത്തിക്കണ്ടം വൈസ്‌ പോസ്റ്റുലേറ്ററുമായി. തുടര്‍ന്ന്‌ പാലായിലെ നാമകരണ കോടതിയിലേയും റോമിലെ കോടതിയിലേയും നടപടികള്‍ക്കുശേഷം വിശുദ്ധ പദവിയിലേക്ക്‌. ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. സന്യാസിനി സഭയിലെ അംഗമായിരുന്നു സിസ്റ്റര്‍ ഏവുപ്രാസ്യാമ്മ. 1877 ഒക്‌ടോബര്‍ 17-ന്‌ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടേയും കുഞ്ഞേത്തിയുടേയും മകളായി ജനിച്ച റോസ 1898-ല്‍ സഭാവസ്‌ത്രം സ്വീകരിച്ചു. 1900-ല്‍ ഒല്ലൂരില്‍ വെച്ച്‌ ഏവുപ്രാസ്യാമ്മയെന്ന പേരു സ്വീകരിച്ച്‌ നിത്യവ്രതാനുഷ്‌ഠാനം നടത്തി. നിറപ്പകിട്ടുള്ളതായിരുന്നില്ല ഏവുപ്രാസ്യാമ്മയുടെ ജീവിതം. 1952 ഓഗസ്റ്റ്‌ 29-നാണ്‌ ഏവുപ്രാസ്യാമ്മയുടെ മരണം. നാമകരണ പ്രാര്‍ത്ഥനയ്‌ക്ക്‌ 1963 -ല്‍ റോമില്‍ നിന്ന്‌ അംഗീകാരം ലഭിച്ചു. 1987-ല്‍ ദൈവദാസിയായും 2002-ല്‍ ധന്യയായും പ്രഖ്യാപിച്ചു. 2006 ഡിസംബര്‍ മൂന്നിന്‌ വാഴ്‌ത്തപ്പെട്ടവളായി നാമരണം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.