You are Here : Home / USA News

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ 8-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 17, 2014 09:47 hrs UTC

ടെക്‌സാസ്: അമേരിക്കയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിന്‍ പട്ടണം. ഓസ്റ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ സമൂഹവും വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്. മാസത്തില്‍ ഒരു ഞായറാഴ്ച മാത്രം കുര്‍ബാനയുമായി 2001-ല്‍ ആരംഭിച്ച ഒരു ചെറിയ സമൂഹം പത്തുവര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 2011-ല്‍ അമ്പത് കുടുംബങ്ങളും എല്ലാ ഞായറാഴ്ചയും കുര്‍ബാനയുമായി വളര്‍ന്നു. ആ വര്‍ഷം തന്നെ ദേവാലയത്തിനുവേണ്ട പരിശ്രമങ്ങള്‍ ആരംഭിച്ചു. 2013-ലാണ് ആദ്യത്തെ വികാരിയായി ഫാ. ഡൊമിനിക് പെരുനിലം നിയമിതനാകുന്നത്.

 

അതോടെ വളര്‍ച്ചയുടെ വേഗത കൂടി. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഈവര്‍ഷം 2014 ഓഗസ്റ്റില്‍ സ്വന്തമായി ഒരു ദേവാലയം എന്ന 13 വര്‍ഷത്തെ സ്വപ്നം വിഫലമായി. ഓസ്റ്റിന്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് വികസനത്തില്‍ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന മാനറില്‍, പ്രകൃതിരമണീയമായ 23 ഏക്കര്‍ സ്ഥലവും അതില്‍ 7000 ചതുരശ്ര അടി ചുറ്റളവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ 2010-ല്‍ പണി പൂര്‍ത്തിയാക്കിയ മനോഹരമായ ഒരു ദേവാലയവും അനുബന്ധ കെട്ടിടങ്ങളും കൂടാതെ അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇന്ന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയ്ക്ക് സ്വന്തം. മലയാളികള്‍ ജീവിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയും, ഏറ്റവും കുറഞ്ഞ ജീവിത ചെലവും, ഏറ്റവും ജീവിത സുരക്ഷിതത്വവുമുള്ള ഓസ്റ്റിനില്‍ ഷിക്കാഗോ രൂപതയ്ക്ക് അഭിമാനമായി, വളരെയേറെ വികസനസാധ്യതകളുള്ള 23 ഏക്കര്‍ സ്ഥലവും മനോഹരമായ ഈ ദേവാലയവും ഇടവകയ്ക്ക് വാങ്ങാന്‍ സാധിച്ചത് അല്‍ഫോന്‍സാമ്മയുടെ ഒരു അത്ഭുതമായാണ് എല്ലാവരും കാണുന്നത്.

 

 

അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ തേടി നിരവധി കുടുംബങ്ങളാണ് ഓസ്റ്റിനിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങളെല്ലാം ഇടവകയിലെ എഴുപതില്‍പ്പരം കുടുംബങ്ങളുടെ ഒന്നിച്ചുള്ള അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളതാണ്. 75-ല്‍പ്പരം കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വേദപാഠം പഠിക്കുന്നുണ്ട്. ഇടവകയിലെ എല്ലാ അത്മീയ പ്രവര്‍ത്തനങ്ങളും വികാരി ഡോ. ഡൊമിനിക് അച്ചന്റെ നേതൃത്വത്തില്‍ വിജയകരമായി നടക്കുന്നു. ഈ ദേവാലയത്തിന്റെ കൂദാശയും ഇടവക മദ്ധ്യസ്ഥയുടെ തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്ച 2 മണിക്ക് ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നതുമാണ്. കൂദാശയുടേയും തിരുനാളിന്റേയും വിജയത്തിനായി വികാരി ഫാ. ഡോമിനിക് പെരുനിലത്തിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.