You are Here : Home / USA News

സാഹിത്യവേദിയില്‍ കെ. കുഞ്ഞികൃഷ്‌ണന്‌ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 20, 2014 08:35 hrs UTC

ഷിക്കാഗോ: തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്‌ടറും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കെ. കുഞ്ഞികൃഷ്‌ണന്‌ ഷിക്കാഗോ സാഹിത്യവേദിയില്‍ സ്വീകരണം നല്‍കി. 2014 സെപ്‌റ്റംബര്‍ അഞ്ചാം തീയതി വെള്ളിയാഴ്‌ച മൗണ്ട്‌ പ്രോസ്‌പെക്‌ടസിലെ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്വീറ്റില്‍ ചേര്‍ന്ന സാഹിത്യവേദിയുടെ 182-മത്‌ യോഗത്തില്‍ കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടര്‍ (റിട്ട) പ്രൊഫ. ഇ.ജെ. ജേക്കബ്‌ അദ്ധ്യക്ഷതവഹിച്ചു. തികഞ്ഞ സാഹിത്യാസ്വാദകന്‍ കൂടിയായ കെ. കുഞ്ഞികൃഷ്‌ണന്‍ തന്റെ പ്രസംഗത്തില്‍ മലയാളികളുടെ വിദേശ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നുള്ള രചനകള്‍ക്ക്‌ കേരള സാഹിത്യ മുഖ്യധാരയില്‍ വ്യക്തവും പ്രധാനവുമായ ഒരു സ്ഥാനമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി. വടക്കേ അമേരിക്കയില്‍ കുടിയേറിയ എഴുത്തുകാരില്‍ നിന്നും മലയാള സാഹിത്യത്തിന്‌ മുതല്‍ക്കൂട്ടാവുന്ന ഒരുപാട്‌ രചനകള്‍ ഉണ്ടാകട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. മണ്‍മറഞ്ഞുപോയ നാടക രചയിതാവും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി.ജെ. തോമസിന്റെ ജീവിതവും രചനകളുമായിരുന്നു സെപ്‌റ്റംബര്‍ മാസത്തെ സാഹിത്യവേദിയില്‍ ചര്‍ച്ച ചെയ്‌തത്‌. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാട്ട്‌, സി.ജെ. തോമസിനെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിച്ചു. ഗ്രന്ഥകാരനെപ്പറ്റിയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സാഹിത്യ സംഭാവനകളെപ്പറ്റിയുമുള്ള പണ്‌ഡിതോചിതമായ പ്രബന്ധം ഏവരും ആസ്വദിച്ചു. ജൂലൈ മാസം കേരളത്തില്‍ വെച്ച്‌ നടന്ന ലാനാ കണ്‍വന്‍ഷന്റെ പ്രഥമ സ്‌പോണ്‍സറായ ജോസ്‌ ആന്‍ഡ്‌ ലീല പുല്ലാപ്പള്ളിക്ക്‌ ലാനയുടെ ഉപഹാരം മുഖ്യാതിഥി കെ. കുഞ്ഞികൃഷ്‌ണന്‍ സമ്മാനിച്ചു. ലാനാ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ ചെറുകഥാ സമാഹാരമായ `ഹിച്ച്‌ ഹൈക്കറി'ന്റെ അമേരിക്കയിലെ പ്രകാശനം പ്രൊഫ. ഇ.ജെ. ജേക്കബിന്‌ പുസ്‌തകത്തിന്റെ കോപ്പി നല്‍കി കെ. കുഞ്ഞികൃഷ്‌ണന്‍ നിര്‍വഹിച്ചു. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ സ്വാഗതം ആശംസിച്ചു. ഷാജന്‍ ആനിത്തോട്ടം കൃതജ്ഞതയര്‍പ്പിച്ചു. ജോണ്‍ ആന്‍ഡ്‌ മേരിക്കുട്ടി ഇലക്കാട്ട്‌ ആയിരുന്നു ഈമാസത്തെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌. സമ്മേളനത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.