You are Here : Home / USA News

നടി ശോഭനയുടെ കൃഷ്ണ അമേരിക്കയില്‍ 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 02, 2014 10:21 hrs UTC

- ലാലു ജോസഫ്

 

മലയാളത്തിന്റെ പ്രിയ നടി ഉര്‍വ്വശി ശോഭനയുടെ നൃത്തശില്‍പം "കൃഷ്ണ' അമേരിക്കയിലെത്തുന്നു. 2015 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് കൃഷ്ണ അമേരിക്കയിലുടനീളം എത്തിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം കേരള്‍ ടുഡേ ഡോട്ട്‌കോമാണ് ഫ്രീഡിയയ്ക്കുവേണ്ടി കൃഷ്ണ അമേരിക്കയിലെത്തിക്കുന്നത്. 2011 ആഗസ്റ്റ് 22-ന് അഷ്ടമിരോഹിണി നാളില്‍ ചെന്നൈയിലാണ് കൃഷ്ണ അരങ്ങേറിയത്. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള നൃത്തശില്‍പം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്ണനാകുന്നത് ശോഭനയാണ്. മകള്‍ നാരായണയടക്കം ഡസനിലേറെ കലാകാരികള്‍ വേദിയില്‍ അണിനിരക്കും. പതിവ് നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൗരാണിക നൃത്തചാരുത മുതല്‍ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാദ്ധ്യതകള്‍ വരെ കൃഷ്ണയില്‍ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു.

 

മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ അനുഭവവേദ്യമാകുന്നതാണ് കൃഷ്ണയുടെ പശ്ചാത്തല സംവിധാനം. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ ആദ്യത്തെ നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കര്‍ണ്ണാടിക് ക്ലാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദി, മലയാളം സംഗീതവും ഇടകലര്‍ന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്. എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണ് കൃഷ്ണയിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. അര്‍ജുനന് സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്ക് ശബാന ആസ്മിയും, ദ്രൗപദിക്ക് ശോഭനയും ശബ്ദം നല്കിയപ്പോള്‍ ആന്‍ഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവര്‍ കൃഷ്ണയിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ശബ്ദമേകി. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ മരണം വരെയുള്ള അവതാരകഥയാണ് ശോഭനയുടേയും സംഘത്തിന്റേയും ചുവടുവെയ്പുകളിലൂടെ അമേരിക്കയിലെത്തുന്നത്.

 

നവരസങ്ങളും ഭാവങ്ങളുംമിന്നിമറയുന്ന "കൃഷ്ണ' പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വിളിച്ചോതിയും ഋതുഭേദങ്ങളുടെ നിറങ്ങള്‍ വാരിത്തൂകിയും ആസ്വാദക ഹൃദയങ്ങളെ കോരിത്തരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് ദാമോദരന്‍ (832­ 643­ 9131) Email: freediashobanashow@gmail.com and diasekm@gmail.com www.freediaentertainment.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.