ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകം സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മെത്രാഭിഷേക ചടങ്ങിലും തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിലും മെത്രാന്മാരും, വൈദീകരും, സന്യസ്തരും അത്മായരും ഉള്‍പ്പടെ നിരവധി പേര് പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
Comments