You are Here : Home / USA News

ടോമിന്‍ തച്ചങ്കരിക്കും, മുസ്‌തഫാ സഫീറിനും ന്യൂയോര്‍ക്കില്‍ നല്‍കിയ സ്വീകരണം: ഒരു അവലോകനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 09, 2014 07:18 hrs UTC

 
ന്യൂയോര്‍ക്ക്‌: കേരളത്തിലും ഇന്ത്യ ഒട്ടാകെയും വിവാദങ്ങള്‍ക്ക്‌ വിധേയനാവുകയും ഒടുവില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ ഇടപ്പെട്ട്‌ അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയ ടോമിന്‍ തച്ചങ്കരി ഐ. പി. എസ്സിനും, നീതി നിഷേധിക്കപ്പെടുന്ന അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി നിയമ സഹായ വാഗ്‌ദാനവുമായി അമേരിക്കയില്‍ എത്തിയിരിക്കുന്ന മുസ്‌തഫാ ആന്‍ഡ്‌ അല്‍മാനാ ഇന്റര്‍നാഷണല്‍ ലോ ഫേമിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ മുസ്‌തഫാ സഫീറിനും, ഓഗസ്റ്റ്‌ മൂന്നാം തിയതി ഞായറാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വച്ച്‌ വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെയും, സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ സ്വീകരണം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു.
 
ഫോമയുടെ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, മറ്റു വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്റ്റാന്‍ലി കളത്തില്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ഡോ. ജേക്കബ്‌ തോമസ്‌, അനിയന്‍ ജോര്‍ജ്‌ എന്നിവരും, ഫൊക്കാനയുടെ നേതാക്കളായ ഫീലിപ്പോസ്‌ ഫിലിപ്പ്‌, എം. കെ. മാത്യൂസ്‌, ഡോക്ടര്‍ ജോസ്‌ കാനാട്ട്‌ എന്നിവരും, ന്യൂയോര്‍ക്കില്‍ ഏറ്റവും അധികം അറിയപ്പെടുന്ന മലയാളികള്‍ക്ക്‌ പ്രിയങ്കരനായ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മിഷണര്‍ ജോര്‍ജ്‌ തോമസ്‌, ഏഷ്യാനെറ്റിന്റെ ഡയറക്ടര്‍ രാജു പള്ളത്ത്‌, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഏറ്റവും അറിയപ്പെടുന്ന ഡോക്ടര്‍ എന്‍. പി. ഷീല, സാമൂഹിക സാംസ്‌ക്കാരിക അറിയപ്പെടുന്ന വര്‍ഗീസ്‌ ചുങ്കത്തില്‍, ജോണ്‍ പോള്‍, സാനി അംബൂക്കല്‍, ജോര്‍ജ്‌ കൊട്ടാരം, ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സംഘടനകളില്‍ ഒന്നായ കേരള സമാജം ഓഫ്‌ ഗ്രെയിറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റുമാരായ സണ്ണി പണിക്കര്‍, വര്‍ഗീസ്‌ ലൂക്കോസ്‌, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിസ്റ്റ്‌ ഓഫ്‌ യോങ്കെഴ്‌സ്‌ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അലക്‌സ്‌ തോമസ്‌. ജോര്‍ജ്‌കുട്ടി ഉമ്മന്‍, ജോര്‍ജ്‌ ഉമ്മന്‍, ന്യൂയോര്‍ക്ക്‌ പോലീസ്‌ 
ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ആയ പോലീസ്‌ ഓഫീസര്‍ റിനു രാജന്‍, ടൈസന്‍ സെന്റെറിന്റെ ഉടമയായ പാസ്റ്റര്‍ വര്‍ക്കി, തുടങ്ങി നിരവധി മലയാളി നേതാക്കള്‍ പ്രസ്‌തുത ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. 
 
വിവാദ പുരുഷനായ ടോമിന്‍ തച്ചങ്കരി ഐ. പി. എസ്സിനെ ഒന്നു നേരിട്ടു കാണുകയും, അദ്ദേഹം സംസാരത്തില്‍ എങ്ങിനെയുള്ള ആളാണെന്നു നേരിട്ടു മനസിലാക്കുകയും, സാധിക്കുമെങ്കില്‍ അദ്ദേഹത്തെ പഠിക്കുകയും ചെയ്യാമല്ലോ എന്ന ഉദ്ദേശത്തോടെ ഈ ലേഖകനും യോങ്കെഴ്‌സില്‍ നിന്നും 15 ഡോളറോളം ടോളും കൊടുത്ത്‌ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ഇത്തരത്തിലൊരു ചടങ്ങു നടക്കുന്നു എന്നുള്ള വിവരം ഓണ്‍ ലൈന്‍ ന്യൂസില്‍ എവിടെയോ `ടോമിന്‍ തച്ചങ്കരിക്കും മറ്റു പ്രമുഖ വ്യക്തികള്‍ക്കും ഫൊക്കാനയുടെ ന്യൂയോര്‍ക്ക്‌ റീജിയനല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം' എന്ന വാര്‍ത്തയോടൊപ്പം, എന്റെ അടുത്ത സുഹൃത്തും, ഫൊക്കാനയുടെ കമ്മിറ്റി മെമ്പറും കൂടിയായ എം. കെ. മാത്യുസിന്റെ പ്രേരണ കൂടിയായപ്പോള്‍ തൊട്ടടുത്ത സുഹൃത്തുക്കളെയും കൂട്ടി ഒരു വണ്ടി നിറയെ ആള്‍ക്കാരുമായി പോയി എന്നുള്ളതാണ്‌ വാസ്‌തവം. ഇതിനിടെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള എന്റെ പല സുഹൃത്തുക്കളെയും വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങിനെ ഒരു സംഭവത്തെപ്പറ്റി അവര്‍ അറിഞ്ഞിരുന്നില്ലെന്നും, ആരും തങ്ങളോട്‌ വിവരം പറഞ്ഞില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഏതായാലും അംഗസംഖ്യയില്‍ യോങ്കെഴ്‌സുകാര്‍ക്കായിരുന്നുമുന്‍തൂക്കം എന്നു സാരം.
 
കൃത്യസമയത്തു തന്നെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു എങ്കിലും, മനസ്സില്‍ കരുതിയതുപോലെ ഒരു സ്വീകരണത്തിന്റെ ഒരുക്കമൊന്നും കണ്ടില്ല. നേതാക്കന്മാര്‍ എല്ലാവരും ഒറ്റക്കും പെട്ടക്കുമായി സാവകാശം എത്തിച്ചേര്‍ന്നു. ഒരു പക്ഷെ ഫോമയും, ഫൊക്കാനയും എന്ന തിരിവ്‌ കൊണ്ടായിരിക്കാം ആള്‍ക്കാര്‍ക്കിടയില്‍ ഒരു കൂട്ടായ്‌മയുടെ അന്തരീക്ഷം ദര്‍ശിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്‌ വാസ്‌തവം. 
 
തുടക്കത്തില്‍ ഡോക്ടര്‍ ജോസ്‌ കാനാട്ട്‌ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ടോമിന്‍ തച്ചങ്കരിയിയെ സദസ്സിനു പരിചയപ്പെടുത്തുകയുമുണ്ടായി. തുടര്‍ന്ന്‌ അനിയന്‍ ജോര്‍ജ്‌ ടോമിന്‍ തച്ചങ്കരിയെയും, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുസ്‌തഫാ സഫീറിനെയും പരിചയപ്പെടുത്തി. രണ്ടുപേരും അവരുടെ സുഹൃത്തുക്കളാണെന്നും. ടോമിന്‍ തച്ചങ്കരിയും, അനിയന്‍ ജോര്‍ജ്ജും ചങ്ങനാശേരി എസ്‌. ബി. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചങ്ങാതികളായിരുന്നു എന്നും, അദ്ദേഹത്തിന്‌ മ്യുസിക്കില്‍ വളരെ കമ്പമുണ്ടായിരുന്നതായും, അത്‌ കോളേജില്‍ അവസരം കിട്ടിയിരുന്നപ്പോള്‍ പ്രകടിപ്പിക്കുമായിരുന്നു എന്ന കാര്യവും വ്യക്തമാക്കി. 
 
ഡോക്ടര്‍ എന്‍. പി. ഷീല, ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മിഷണര്‍ ജോര്‍ജ്‌ തോമസ്‌, തോമസ്‌ കൂവള്ളൂര്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ക്ക്‌ ആശംസകള്‍ നേരുകയും, അതോടൊപ്പം അവരുടെ കഴിവുകള്‍ പരമാവധി സമൂഹത്തിന്റെയും, രാജ്യത്തിന്റെയും നന്മക്കുവേണ്ടി പ്രയോജനപ്പെടുത്തണമെന്നു ആഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. 
 
പിന്നീട്‌ ടോമിന്‍ തച്ചങ്കരി തന്റെ മറുപടി പ്രസംഗത്തില്‍ വളരെയധികം വിവാദങ്ങല്‍ക്കു കാരണക്കാരനായ തന്നെ ആരും വിമര്‍ശിച്ചു കാണാത്തതില്‍ അത്ഭുതപ്പെടുകയും, തനിക്കെതിരെ അമേരിക്കയിലേയും മീഡിയാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നേക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു. ഇന്റര്‍നെറ്റില്‍ തന്റെ പേര്‌ അടിച്ചു നോക്കിയാല്‍, മീഡിയാക്കാര്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നത്‌ ഒരു യഥാര്‍ത്ഥ ക്രിമിനല്‍ ആയിട്ടാണെന്നും, താനൊരു ക്രിമിനല്‍ ആയിരുന്നുവെങ്കില്‍ ഇന്ന്‌ ഗവണ്മെന്റില്‍ നിന്നും സെലക്ഷന്‍ കിട്ടി അമേരിക്കയില്‍ ട്രെയിനിങ്ങിനുവേണ്ടി വരുമായിരുന്നില്ലെന്നും. ഒരുപക്ഷെ ജയിലില്‍ പോലും ആകാമായിരുന്നു എന്നും പറഞ്ഞു. ഒരു ദൈവവിശ്വാസിയും ക്രിസ്‌ത്യാനിയും ആയ താന്‍ നന്നേ ചെറുപ്പം മുതല്‍ക്കെ മ്യുസിക്കില്‍ വളരെ കമ്പമുള്ള ആളായിരുന്നുവെന്നും, സ്‌കൂളിലും കോളേജിലുമൊക്കെ ആ കഴിവുകള്‍ അവസരം കിട്ടിയിരുന്നപ്പോള്‍ പ്രകടിപ്പിച്ചിരുന്നതായും, കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞ്‌ കേരളംവിട്ടു ഡല്‍ഹിയില്‍പ്പോയി ഐ. എ. എസ്‌ പരീക്ഷ എഴുതി നല്ല മാര്‍ക്കോടെ പാസ്സായി പതിനായിരക്കണക്കിനു ആള്‍ക്കാരെ പിന്‍തള്ളി മുന്‍നിരയില്‍ എത്തിയെങ്കിലും അര്‍ഹിക്കുന്ന ജോലി കിട്ടാതെ വന്നതിനാല്‍ പിന്നീട്‌ ഐ. പി. എസ്‌ എഴുതി ഉന്നത റാങ്കോടെ പാസ്സായതിനാലാണ്‌ കേരള പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഐ. ജി. വരെ ആയിത്തീരാന്‍ കഴിഞ്ഞതെന്നും, ഒരു പബ്‌ളിക്‌ സെര്‍വന്റ്‌ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നതിനുപോലും ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലും, ഇന്ത്യയിലും വിലക്കുണ്ടെന്നുള്ള സത്യം ഓര്‍മിപ്പിച്ചു.
 
കേരളത്തില്‍ ഔദ്യോഗികപദവിയില്‍ ആയിരുന്നപ്പോഴും താന്‍ വിശ്രമ സമയങ്ങളില്‍ തന്റെ സ്വതസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിക്കുവാന്‍ ശ്രമിക്കുകയും, അതിന്റെ ഭാഗമായി മ്യൂസിക്‌ ടെക്‌നോളജി പഠിക്കുകയും, പിന്നെ സി. ഡി ഇറക്കി തന്റെ കഴിവുകള്‍ പ്രകടമാക്കിയപ്പോഴാണ്‌ അറിയുന്നത്‌ ' 
`പബ്‌ളിഷിങ്ങ്‌ ' ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പാടില്ല എന്ന കാര്യം. `രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...', `ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...' തുടങ്ങിയ സി. ഡി. കള്‍ ഇറക്കി ലക്ഷകണക്കിന്‌ ആരാധകരുടെ പ്രീതി നേടാന്‍ കഴിഞ്ഞതില്‍ താന്‍ സംതൃപ്‌തനാണെന്നും, എന്നാല്‍ അതിന്റെപേരില്‍ കള്ളക്കേസ്സുകള്‍ മെനഞ്ഞെടുത്ത്‌ തന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ വാസ്‌തവത്തില്‍ തന്നോടുള്ള അസൂയയും വിദ്വേഷവും മൂലമാണ്‌ അങ്ങിനെ ചെയ്‌തതെന്നും, നിയമത്തിന്റെ മുന്‍പില്‍ തെറ്റുകാരന്‍ ആയിരുന്നെങ്കില്‍ താന്‍ രക്ഷപ്പെടുകയില്ലായിരുന്നു എന്നും പറഞ്ഞപ്പോള്‍, ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെയോ, ഒരു ക്രിമിനലിന്റെയോ, പണത്തോടു ആര്‍ത്തിപൂണ്ട ഒരു കച്ചവടക്കാരന്റെ മുഖമോ അല്ല, ഒരു യഥാര്‍ത്ഥ കലാകാരന്റെയും, ഒരു ഈശ്വരവിശ്വാസിയുടെയും, ഒരു രാജ്യസ്‌നേഹിയുടെയും നിഷ്‌കളങ്കതയാണ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ ദര്‍ശിക്കാന്‍ കഴിഞ്ഞത്‌. 
 
ഈ സംഭവത്തില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയും. അതായത്‌ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഐ. പി, എസ്സുകാരോ, ഐ. എ. എസ്സുകാരോ ആയിത്തീരുക സാധ്യമല്ല. ചുരുക്കം ചില വ്യക്തികള്‍ക്ക്‌ മാത്രമേ അതിനുള്ള കഴിവുകള്‍ ലഭിക്കാറുള്ളൂ. ഈ ലോകത്തില്‍ ചുരുക്കം ചിലരെങ്കിലും ജന്മസിദ്ധമായ കഴിവുകള്‍ ഉള്ളവരായി ജനിക്കുന്നു. അത്തരക്കാരെ നിരുല്‍സാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ അത്‌ സമൂഹത്തിനും, രാജ്യത്തിനും നേട്ടമായി തീരും. നമ്മുടെ സമൂഹത്തിലെ വിവരവും വിവേകവും ഉള്ളവര്‍ ഇക്കാര്യത്തിനുവേണ്ടി വാദിക്കുകയും മുന്‍കൈയ്യെടുക്കുകയും ചെയ്യണം. പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌ വ്യക്തികളുടെ നല്ല വശങ്ങള്‍ കാണേണ്ടതിനുപകരം, അവരുടെ ദുര്‍ബല വശങ്ങള്‍ മനസിലാക്കി അവരെ സമൂഹത്തിന്റെ മുന്‍പില്‍ താറടിച്ചു കാണിക്കാനും, തേജോവധം ചെയ്യുവാനുമാണ്‌ ഒരു കൂട്ടര്‍ ശ്രമം നടത്തികൊണ്ടിരിക്കുന്നത്‌. ഇത്തരക്കാരോടുള്ള സംസര്‍ഗ്ഗമേ ഒഴിവാക്കുന്നതായിരിക്കും സംസ്‌കാര സമ്പന്നര്‍ക്ക്‌ ഉചിതമായിട്ടുള്ളത്‌. 
 
കഴിവുള്ളവര്‍ക്ക്‌ പരമാവധി വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നുള്ളത്‌ ഗവണ്‍മെന്റുകളുടെ തന്നെ ചുമതലയാണ്‌. വിദ്യാസമ്പന്നന്മാരല്ല, വേണ്ടത്ര വിദ്യാഭ്യാസം പോലുമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരാണ്‌ ഇന്ന്‌ ഭരണതലപ്പത്ത്‌ ഇരിക്കുന്നത്‌ എന്നുള്ളത്‌ നമ്മുടെ എല്ലാവരുടെയും ശാപമായി കണക്കാക്കാം. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള സാഹചര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ ഉണ്ടാവണം. നമ്മള്‍ അറിയുന്ന പല നേതാക്കളും വെറും പൂച്ചു പടങ്ങള്‍ മാത്രമാണ്‌. രാഷ്ട്രീയ നേതാക്കന്മാര്‍, അവര്‌ക്ക്‌ വിദ്യാഭ്യാസവും വിവരവും ഇല്ലെങ്കില്‍ക്കൂടി, അവരെ മഹാത്മാക്കളായി കാണുന്ന അവസ്ഥയ്‌ക്കും മാറ്റം വരേണ്ടിയിരിക്കുന്നു. ടോമിന്‍ തച്ചങ്കരി എന്ന അത്ഭുത പ്രതിഭാശാലിയില്‍നിന്നും പഠിക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ചിലതു മാത്രമാണ്‌ ഇവിടെ രേഖപ്പെടുത്തുന്നത്‌. അദ്ദേഹത്തോടൊപ്പം വന്ന മുസ്‌തഫാ സഫീര്‍, ഒരു മുസ്ലിം ആണെങ്കില്‍ക്കൂടി ഒരു വലിയ വ്യക്തിത്വത്തിന്‌ ഉടമയാണെന്നും, അമേരിക്കയിലെ പ്രവാസിമലയാളികള്‍ക്കെല്ലാം ഭാവിയില്‍ നിയമോപദേശം നല്‍കാന്‍ കഴിവുള്ള ഇന്റര്‍നാഷണല്‍ ലോയെഴ്‌സിനെയും, ലീഗല്‍ കണ്‍സ്ല്‌റ്റെന്‍സിനെയും, അമേരിക്കയുടെ എല്ലാ മുഖ്യ സ്‌റ്റെയിറ്റുകളിലും ലഭിക്കത്തക്ക സംവിധാനം നടത്താന്‍ കെല്‍പ്പുള്ള ആളുമാണെന്ന്‌ സംസാരത്തില്‍നിന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞു. 
 
ധാരാളം അനുഭവസമ്പത്തുള്ള ടോമിന്‍ തച്ചങ്കരി ഐ. പി. എസ്സും, അറ്റോര്‍ണി മുസ്‌തഫാ സഫീറും, നമ്മുടെ സമൂഹത്തിന്റെ രക്ഷകരായി തീരട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം. 
 
അധികമാളുകളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തരത്തില്‍ ഒരു വേദി ഒരുക്കിത്തീര്‍ത്ത ജോസ്‌ കാനാട്ടും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അനിയന്‍ ജോര്‍ജ്ജും പ്രശംസക്ക്‌ അര്‍ഹരാണ്‌ എന്നതില്‍ സംശയമില്ല. ഇനിയും ഇത്തരത്തിലുള്ള കൂട്ടായ്‌മകള്‍ വ്യക്തിരാഷ്ട്രീയതിനതീതമായി ഉണ്ടാവട്ടെ എന്നു പ്രത്യാശിക്കാം.
 
 
തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.