You are Here : Home / USA News

ഭാര്യയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ അന്വേഷിച്ചു; ഫ്‌ളോറിഡയില്‍ മലയാളി അറസ്റ്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 09, 2014 07:12 hrs UTC

 
വിന്റര്‍ഹേവന്‍, ഫ്‌ളോറിഡ: ഭാര്യയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ അന്വേഷിച്ച മലയാളിയെ പോക്ക് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡ വിന്റര്‍ഹേവന്‍ നിവാസിയായ വിന്‍സെന്റ് എ. മാധവത്ത് (43) ആണ് അറസ്റ്റിലായത്.
 
സംഭവം ഇങ്ങനെ: വിന്‍സെന്റിനു ഭാര്യയെ കൊലപ്പെടുത്താനായി ഒരു വാടക കൊലയാളിയെ ആവശ്യമായിരുന്നു. അത് അയാള്‍ തന്റെ ഒരു സുഹൃത്തിനോട് രഹസ്യമായി പറഞ്ഞു. സുഹൃത്ത് ആ രഹസ്യം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വിന്‍സെന്റിനെ ചുറ്റിപ്പറ്റി അവര്‍ രഹസ്യമായി അന്വേഷണവും ആരംഭിച്ചു. 
 
രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒരു രഹസ്യപ്പോലീസ് വാടക കൊലയാളി ചമഞ്ഞ് വിന്‍സെന്റുമായി ബന്ധപ്പെടുകയും, കൊലപാതക ഇടപാടുകള്‍ സംസാരിക്കുകയും ചെയ്തു. സംസാരത്തില്‍ വിന്‍സെന്റിനു തന്റെ സ്വന്തം ഭാര്യയെ തന്നെയാണ് കൊലപ്പെടുത്തേണ്ടതെന്നു പറഞ്ഞു. അതിനായി അയാള്‍ 15,000 ഡോളര്‍ പാരിതോഷികം വാഗ്ദാനവും നല്‍കി. കൂടാതെ എങ്ങനെ ഭാര്യയെ കൊലപ്പെടുത്തണം എന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും രഹസ്യപ്പോലീസിനോട് പറഞ്ഞു. 
 
തന്നെ സംശയിക്കാതിരിക്കാന്‍ വാടക കൊലയാളി തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വിന്‍സെന്റിനെ ഇടിച്ചു പരിക്കേല്‍പ്പിച്ചിട്ടുവേണം ഭാര്യയെ കൊലപ്പെടുത്തേണ്ടത്. ഇതായിരുന്നു അയാള്‍ തയ്യാറാക്കി വച്ചിരുന്ന പ്ലാന്‍. 
 
രഹസ്യപ്പോലീസും വിന്‍സെന്റും തമ്മില്‍ മൂന്നു പ്രാവശ്യം ബന്ധപ്പെട്ടു. ഫോര്‍ട്ട് മീഡില്‍ വച്ചുനടന്ന മൂന്നാമത്തെ കൂടിക്കാഴ്ചയില്‍ അഡ്‌വാന്‍സ് തുകയായ 5000 ഡോളര്‍ രഹസ്യപ്പോലീസിനു നല്‍കി. അതിനു ശേഷം മടങ്ങിപ്പോകാനൊരുങ്ങിയ വിന്‍സെന്റിനെ വെളിയില്‍ കാത്തുനിന്ന പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
 
കൊലപാതകത്തിനു പ്രേരിപ്പിക്കുക, കുറ്റകൃത്യം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടിരുന്ന സമയത്ത് ആയുധം കൈവശം വയ്ക്കുക മുതലായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് അറസ്റ്റ് ചെയ്ത വിന്‍സെന്റ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.