You are Here : Home / USA News

ലാനയെ നവീകരിച്ച ഷാജ(ഹാ)ന്‍ ഇഫക്ട്‌

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Saturday, August 02, 2014 02:19 hrs UTC

ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) കൈവരിച്ച ലക്ഷ്യവേധത്തിന്റെ രജതരേഖകളാണ്‌ 2014ലെ ജൂലയ്‌ മാസം മലയാള സാഹിത്യ പ്രവര്‍ത്തക ചക്രവാളം ദര്‍ശിച്ചത്‌. തിരൂര്‍ വാക്കിന്‌്‌ ദിവ്യജീവന്‍ എന്ന്‌ അര്‍ത്ഥം പറയാമെങ്കില്‍ തിരൂരില്‍ സമാപിച്ച ലാനാ കേരള സമ്മേളനത്തിലൂടെ ലാനയുടെ പ്രസിഡന്റ്‌ ശ്രീ ഷാജന്‍ ആനിത്തോട്ടവും സെക്രട്ടറി ജോസ്‌ ഓച്ചലില്‍ ഉള്‍പ്പെടെയുള്ള നേതൃക്കൂട്ടരും താജ്‌മഹലിന്റെ അത്യത്ഭുത ഭംഗി പോലെ സാധിച്ചത്‌ ലാനയിലെ നവീന ദിനങ്ങളുടെ തിരുപ്പിറവിയാണ്‌. ലാനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിയമാവലിയിലുള്ളത്‌ ഇപ്രകാരമാണ്‌:

1 നോര്‍ത്ത്‌ അമേരിക്കയിലുള്ള മലയാളം എഴുത്തുകാരുടെ സാഹിത്യ സര്‍ഗ ശേഷിയെ പ്രതിനിധാനം ചെയ്യുക/പരിപോഷിപ്പിക്കുക.

2 നോര്‍ത്ത്‌ അമേരിക്കയിലുള്ള കല നൈപുണികളെ പ്രോത്സാഹിപ്പിക്കുക.

3 എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുക; അങ്ങനെ അവരെ പ്രോത്സാഹിപ്പിക്കുക

4 പ്രഗത്ഭരായ എഴുത്തുകാരെയും കലാകാരരെയും അവരുടെ സര്‍ഗസൃഷ്ടികളെയും അംഗീകരിച്ച്‌ ആദരിക്കുക.

5 മലയാള സാഹിത്യത്തിലെ മികച്ച കൃതികളെ ഇംഗ്ലീഷിലേയ്‌ക്കും ഇംഗ്ലീഷിലെ കിടയറ്റ രചനകളെ മലയാളത്തിലേയ്‌ക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക.

6 വിദേശങ്ങളിലും വിശേഷിച്ച്‌ കേരളത്തിലുമുള്ള എഴുത്തുകാരുമായും സാഹിത്യ സംഘടനകളുമായും ആശയ വിനിമയവും സഹകരണവും സ്ഥാപിക്കുകയും ഇത്തരം സംഘടനകളും വ്യക്തികളും കൂടിയിരുന്നുള്ള സാഹിത്യ സെമിനാറുകളും ചര്‍ച്ചകളും പണിപ്പുരകളും സംഘടിപ്പിക്കുകയും ചെയ്യുക.

 

ജൂലായ്‌ 2014ലൂടെ ലാനയ്‌ക്ക്‌ ദിവ്യ ജീവന്‍ പകരുന്ന നൂതന രീതികള്‍ക്ക്‌ തുടക്കം കുറിച്ചിരിക്കുന്നു. തുരുമ്പിച്ച സംഘടനാ ശൈലികളുമായി നേതൃ രംഗങ്ങളില്‍ ചീമുട്ടകള്‍ക്ക്‌ അടയിരിക്കുന്ന പ്ലാസ്റ്റിക്‌കോഴികള്‍ക്കു പകരം പ്രേമഭാജനത്തിന്റെ നിത്യ സ്‌മരണ സജീവമാക്കാന്‍ താജ്‌മഹല്‍ തീര്‍ത്ത ഷാജഹാന്റെ ഭാവനാ വിലാസവുമായി മലയാളത്തിന്റെ നാട്ടില്‍ - കേരള സാഹിത്യ അക്കാഡമിയിലും, കേരള കലാമണ്ഡലത്തിലും തിരൂരെ തുഞ്ചന്‍ പറമ്പിലും- ലാനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സഫലതാ കര്‍മ്മങ്ങളുമായി ലാനാ പ്രവര്‍ത്തകര്‍ പല അര്‍ത്ഥങ്ങളിലും പൂര്‍ണ്ണമായും പ്രതീകാത്മകമായും കാഴ്‌ച്ച വച്ച അക്ഷര പൂജ; മഹത്തരവും ഇനി വരും കാലങ്ങളില്‍ നവീകരിച്ച്‌ തുടരേണ്ടതുമായ ആദ്യാനുഭവങ്ങളാണ്‌. വിശ്വ മലയാളത്തിന്റെ ജീവിച്ചിരിക്കുന്ന തലയെടുപ്പുകളായ എം.ടി, സക്കറിയ, സി രാധാകൃഷ്‌ണന്‍, പെരുമ്പടവം ശ്രീധരന്‍, അക്‌ബര്‍ കക്കട്ടില്‍, കെ ജയകുമര്‍, സിനിമാ പ്രതിഭ കമല്‍, പാറക്കടവില്‍, കെ പി രാമനുണ്ണി എന്നീ നിര ഒരേ വേദിയില്‍ അണിനിരന്നത്‌ ലാനയെ അവര്‍ എത്ര പ്രതീക്ഷയോടെയാണ്‌ കരുതുന്നത്‌ എന്നതിന്റെ സൂചകമാണ്‌.

 

ഫിലഡല്‍ഫിയയില്‍നിന്നുള്ള നമ്മുടെ നവതലമുറയിലെ കലാകാരികള്‍ (ഐശ്വര്യ, അമേയ, മഹിമ) ഉള്‍പ്പെടെ കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച മോഹിനിയാട്ടം, ഭരതനാട്യം, കൂത്ത്‌, കഥകളി എന്നീ കേളീ രൂപങ്ങളും, നിളാ തീരത്തൂടെയുള്ള യാത്രയും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ (ഏബ്രഹം തെക്കേമുറി, സരോജാ വര്‍ഗീസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കളം,?മീനു എലിസബത്ത്‌, ഷാജന്‍ ആനിത്തോട്ടം, സോജന്‍) പുസ്‌തക പ്രകാശനങ്ങളൂം എല്ലാം ലാനായുടെ കര്‍മ പരിപാടികളുടെ പൂവിതളിടലായി. കേരള സാഹിത്യ അക്കാഡമിയും കേരള കലാമണ്ഡലവും തിരൂരെ തുഞ്ചന്‍ പറമ്പും അമേരിക്കന്‍ മലയാളത്തെ ഉറ്റു നോക്കുന്നു....ലനാ കേരള സമ്മേളനത്തിന്റെ പൂര്‍ണ്ണ വീഡിയൊ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഇപ്പറഞ്ഞതില്‍ അതിശയോക്തി തെല്ലുമില്ലെന്ന്‌ ബോദ്ധ്യമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.