You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സമൂഹവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും

Text Size  

Story Dated: Thursday, July 17, 2014 11:52 hrs UTC

- മണ്ണിക്കരോട്ട്‌

 

ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക യുടെ 2014 ജൂലൈ സമ്മേളനം 13-ാം തീയതി വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കംമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. സമൂഹവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കി റിയല്‍ എസ്റ്റേറ്റ്‌ ബിസ്‌നസില്‍ പ്രമുഖനും തികഞ്ഞ ഭാഷാസ്‌നേഹിയുമായ ജോര്‍ജ്‌ ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ അന്നത്തെ സതേണ്‍ റീജന്റെ പസിഡന്റായിരുന്ന ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ വിഷയം തിരഞ്ഞെടുത്തത്‌. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

 

സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം, ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 2003-04 വര്‍ഷങ്ങളില്‍ കേരളത്തില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു പ്രസംഗിച്ചു. കോടിക്കണക്കിന്‌ രൂപയുടെ സഹായങ്ങളാണ്‌ അദ്ദേഹംവഴി കേരളത്തിലെത്തിച്ചത്‌. ജീവിതത്തില്‍ സ്വന്തം കാര്യം മാത്രമല്ലാതെ അന്യരുടെ അത്യാവശ്യങ്ങളിലെങ്കിലും നമ്മെക്കൊണ്ട്‌ കഴിയുന്നത്രയും കൈത്താങ്ങായെങ്കിലെ ജീവിതം പൂര്‍ണ്ണമാകുകയുള്ളുവെന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജീവന്‍പോലും ബലികൊടുത്ത സെയ്‌ന്റ്‌ ഡാമിയനെക്കുറിച്ചും ജീവിതകാലം മുഴുവല്‍ നിര്‍ദ്ധനരെ ശുശ്രൂഷിച്ച മദര്‍ ടെറിസയെക്കുറിച്ചും അദ്ദേഹം ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന്‌ ജോര്‍ജ്‌ ഏബ്രഹാം മുഖ്യപ്രഭാഷണം ആരംഭിച്ചു. സ്വന്തം പിതാവില്‍നിന്നും ഉള്‍ക്കൊണ്ട പ്രചോദനമാണ്‌ ഇത്രയും വിപുലമായ ജിവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്നെ പ്രരേപ്പിച്ചതെന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു. നോര്‍ക്കയുടെ ആഭിമുഖ്യത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായി, 2003-ല്‍ മന്നാനം മന്ദിരം ആശുപത്രിയില്‍ വച്ച്‌ മുച്ചിറി മുച്ചുണ്ടുമൂലം (Cleft lip and cleft palate) മുഖവൈരുപ്യമുള്ള 486-കുട്ടികള്‍ക്ക്‌ സൗജന്യമായി ശസ്‌ത്രക്രീയ നടത്തി അവരെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു.

 

2004-ല്‍ വിവിധ ആശുപത്രികളിലായി ആയിരത്തോളം നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ചികിത്സയും ശസ്‌ത്രക്രിയ വേണ്ടവര്‍ക്ക്‌ അതും ചെയ്‌തു. പതിന്നാല്‌ കണ്ടെയ്‌നറുകളില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നാട്ടിലെത്തിച്ച്‌ ആവശ്യാനുസരണം വിവിധ ആശുപത്രികളില്‍ വിതരണം ചെയ്‌തു. നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കും എയ്‌ഡ്‌സ്‌ രോഗബാധിതര്‍ക്കും കോച്ചിംഗ്‌ ക്ലാസുകള്‍ നടത്തി. ഇതെല്ലാം അമേരിക്കയില്‍നിന്നു തന്നെ കൊണ്ടുപോയ മെഡിക്കല്‍ ടീമാണ്‌ ചെയ്‌തത്‌. ആനപ്രാമ്പാല്‍ മര്‍ത്തോമ്മ ഗേള്‍സ്‌ ഹൈസ്‌ക്കുള്‍ പുനരുദ്ധരിക്കുന്നതിന്‌ വേണ്ട സഹായം ചെയ്‌തു. അങ്ങനെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ്‌ അക്കാലത്തു നടത്തിയത്‌. ജോര്‍ജ്‌ ഏബ്രഹാം വിവരിച്ചു. തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ലോകത്ത്‌ എന്നും എക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഓരോരുത്തരും തന്നാല്‍ കഴിയുന്ന പരസഹായം ചെയ്യണമെന്നും സദസ്യര്‍ വിലയിരുത്തി. ജി. പുത്തന്‍കുരിശ്‌ കുമാരനാശന്റെ ചെറിയവ എന്ന കവിതിയിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ പ്രസംഗിച്ചത്‌.

 

 

ചെറുതെങ്കിലും കഴിയുന്നത്രയും മറ്റുള്ളവര്‍ക്ക്‌ സഹായമാകുന്നത്‌ ഈശ്വരന്റെ മുമ്പില്‍ വലുതാണെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. കൂടാതെ സ്‌നേഹത്തെക്കുറിച്ച്‌ അദ്ദേഹം എഴുതിയ സ്‌നേഹമാണഖിലസാരം എന്ന കവിത ആലപിക്കുകയും ചെയ്‌തു. പൊന്നു പിള്ള, ജോര്‍ജ്‌ ഏബ്രഹാം, ടി.ജെ. ഫിലിപ്പ്‌, എ.സി. ജോര്‍ജ്‌, ജോസഫ്‌ തച്ചാറ, ജോസഫ്‌ മണ്ഡവത്തില്‍, തോമസ്‌ വര്‍ഗ്ഗീസ്‌, ടോം വിരിപ്പന്‍, തോമസ്‌ തയ്യില്‍, സുരേഷ്‌ ചീയേടത്ത്‌, ജിമോന്‍ റാന്നി, ജെയിംസ്‌ ചാക്കൊ, ജി. പുത്തന്‍കുരിശ്‌, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ടോം വിരിപ്പന്റെ നന്ദിപ്രസംഗത്തോടെ 6.30-തിന്‌ സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.