You are Here : Home / USA News

അമേരിക്കന്‍ മലയാളി യുവതീ യുവാക്കള്‍ക്കായി ഒരു സ്പീഡ് ഡേറ്റിങ്ങ് പ്രോഗ്രാം

Text Size  

Story Dated: Wednesday, July 09, 2014 11:10 hrs UTC

- ജോസ് പിന്റോ സ്റ്റീഫന്‍

 

ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വച്ചാണ് ആ വിഷയത്തിന്റെ പ്രധാന്യം എനിക്ക് ബോധ്യമായത്. അവിടെ വച്ച് ഞാനൊരു ചേട്ടനെയും ചേട്ടത്തിയെയും പരിചയപ്പെട്ടു. കണ്‍വെന്‍ഷനില്‍ വളരെ സജീവമായി പങ്കെടുക്കുന്ന മധ്യ വയസ്‌കരായ ദമ്പതിമാര്‍. എല്ലാവരോടും വളരെ സ്‌നേഹമായി ഇടപ്പെടുന്ന അവരെ അലട്ടുന്ന ചില പ്രശ്‌നങ്ങളുണ്ടെന്ന് പിന്നീട് നടത്തിയ സ്വകാര്യസംഭാഷണത്തിലൂടെയെനിക്ക് മനസ്സിലായി. ചിക്കാഗോയില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. മുപ്പതു വയസ്സ് കഴിഞ്ഞ മകളും അതിനു താഴെ പ്രായമുള്ള ഒരു മകനുമുണ്ടവര്‍ക്ക്. അവര്‍ രണ്ടുപേരുമാണ് ഈ മാതാപിതാക്കന്‍മാരുടെ ദുഃഖത്തിനു കാരണം സ്വഭാവദൂഷ്യമോ, തൊഴില്‍രാഹിത്യമോ ഒന്നുമല്ല പ്രശ്‌നം. നല്ല സ്വഭാവവും നല്ല ജോലിയുമുള്ളവര്‍ക്ക് പ്രശ്‌നമിതാണ്. രണ്ടുപേരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല.

 

മകള്‍ കല്യാണം കഴിക്കാത്തതുകൊണ്ട് മകനെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവുന്നില്ല. മക്കള്‍ക്കിരുവര്‍ക്കും കല്യാണം കഴിക്കാനും മക്കളുണ്ടാകുന്നതിനും ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ക്കനുയോജ്യരായ, അവര്‍ക്കിഷ്ടപ്പെട്ട ജീവിതപങ്കാളികളെ കണ്ടെത്താനവര്‍ക്ക് സാധിക്കുന്നില്ല എന്നതാണവരുടെ പ്രശ്‌നം. അറേഞ്ച് മാരേജിന് ഒരിക്കലും തയ്യാറുമല്ല താനും. പിന്നെ എന്താണൊരു മാര്‍ഗ്ഗം? ആ ചോദ്യം എന്നെയും വല്ലാതെ അലട്ടി. പിന്നെ കണ്‍വെന്‍ഷന്‍ കഴിഞ്ഞുമടങ്ങുന്ന വഴിക്ക് പെന്‍സില്‍വാനിയായില്‍ അഞ്ചരമണിക്കൂര്‍ അനാവശ്യമായി തങ്ങേണ്ട ഒരു സാഹചര്യമുണ്ടായി. ന്യൂയോര്‍ക്കില്‍ നിന്നും ഒരു സംഘത്തോടൊപ്പം ഒരു പ്രൈവറ്റ് ബസ്സിലാണ് ഞാന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പോയതും മടങ്ങിയതും. കണ്‍വെന്‍ഷന്‍ കഴിഞ്ഞുമടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ആ തടസ്സം നേരിട്ടത്. അവിടെ തങ്ങിയസമയത്ത് നടത്തിയ അനൗപചാരിക സംഭാഷണത്തിലാണ് ഫൊക്കാനയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ലീലാ മാരേട്ട് ഈ വിഷയം വീണ്ടും ഞങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

 

നമ്മുടെ പിള്ളേര്‍ക്കൊന്നും കല്യാണം കഴിക്കാനും കുഞ്ഞുങ്ങളുണ്ടാകാനും താല്‍പര്യമില്ല. എന്റെ സുഹൃത്തുക്കളില്‍ പലരെയും അലട്ടുന്ന പ്രശ്‌നമിതാണ്. എന്തായാലും ഞാന്‍ അനുഗ്രഹീതയാണ്. എന്റെ മക്കളിലൊരാളുടെ കല്യാണം ഈയിടെ നടന്നു. അടുത്തയാളിന്റെ കല്യാണം ഉടനെയുണ്ട്. “ഈശ്വരാ, മറ്റ് കുഞ്ഞുങ്ങളും ഇതുപോലെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍. നമ്മുടെ സംഘടനകള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു.” ലീലാ മാരേട്ട് കൂട്ടിചേര്‍ത്തു. പ്രതികരണം ഉടനുണ്ടായി. ജസ്റ്റീസ് ഫോര്‍ ആളിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരാണ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ ജസ്റ്റീഫ് ഫോര്‍ ആള്‍ തയ്യാറാണ്. എന്തു ചെയ്യാമെന്ന നിര്‍ദ്ദേശം തരാന്‍ ആരെങ്കിലും മുന്നോട്ടു വരണം. അതുപോലെ ഞങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുകയും വേണം.” അമേരിക്കന്‍ മുഖ്യധാരാ മാധ്യമ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ലേഖകന് പെട്ടെന്നാണ് ഈ ആശയമുദിച്ചത്.

 

മലയാളീ യുവതീയുവാക്കള്‍ക്കായി ഒരു സ്പീഡ് ഡേറ്റിങ്ങ് പ്രോഗ്രാം നടത്തുക. അതിലൂടെ അവര്‍ക്ക് പരസ്പരം മനസ്സിലാക്കാനും അവര്‍ക്കിഷ്ടപ്പെട്ട ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കിക്കൊടുക്കുക. ഈ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യാന്‍ യുവതീ യുവാക്കന്‍മാര്‍ക്ക് അവസരം നല്‍കുക. മുതിര്‍ന്നവര്‍ മേല്‍നോട്ടം നടത്തിയാല്‍ മതി. പറഞ്ഞുതീരും മുമ്പ് തോമസ് കൂവള്ളൂര്‍ വീണ്ടും പ്രതികരിച്ചു. “യോങ്കേഴ്‌സില്‍ അമ്പതുപേര്‍ക്കിരിക്കാന്‍ കഴിയുന്ന ഒരു സ്റ്റുഡിയോ എനിക്കു സ്വന്തമായുണ്ട്. അവിടെ വച്ച് ജസ്റ്റീസ് ഫോര്‍ ആളിന്റെ മേല്‍നോട്ടം ഈ പ്രോഗ്രാം നടത്താന്‍ ഞാന്‍ തയ്യാറാണ്. നിങ്ങളുടെ സഹായസഹകരണം ഉണ്ടാവണമെന്നു മാത്രം.” ഈ പ്രോഗ്രാം എങ്ങനെ നടത്താം? എത്ര സമയം ഇതിനനുവദിക്കണം? എങ്ങനെ ഫലപ്രദമായി ഇതു നടത്താം? എന്നൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു ടെലികോണ്‍ഫറന്‍സ് നടത്താന്‍ തോമസ് കൂവള്ളൂര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഈ വിഷയത്തോട് താല്‍പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ന്യൂയോര്‍ക്ക് സമയം വൈകീട്ട് ഒമ്പതുമണിക്ക് ഈ ടെലികോണ്‍ഫറന്‍സ് ആരംഭിക്കും.

ജൂലൈ മാസം പതിനഞ്ചിനാണ് ഈ ടെലികോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ഡയലിങ്ങ് നമ്പര്‍ -1-559-726-1300 അക്‌സസ് കോഡ്- 605 988

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

തോമസ് കൂവള്ളൂര്‍- 914 409 5772

എം.കെ.മാത്യൂസ്- 914 806 5007

ജേക്കബ് കല്ലുപുര- 781 864 1391

എ.സി.ജോര്‍ജ് - 281 741 9465

വര്‍ഗ്ഗീസ് മാത്യൂ- 646 785 7318

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.