You are Here : Home / USA News

പ്രണയ ദിനത്തില്‍ കാമുകിയെ കാണാന്‍ ജയില്‍ ചാടിയ പ്രതി അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, February 16, 2014 12:57 hrs UTC

 

അരിസോണ: വാലന്റൈന്‍ ദിനത്തില്‍ ഒരു റോസാ പുഷ്‌പമെങ്കിലും പ്രണയിനിക്കു നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? കാരാഗ്രഹത്തിന്റെ ഇരുമ്പോടാമ്പലുകളോ, ഉയര്‍ന്നു നില്‍ക്കുന്ന ഫെന്‍സോ ഇതിനു തടസ്സമാകുകയില്ല എന്ന്‌ തെളിയിച്ച ഒരു സംഭവം അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഫെബ്രുവരി 14-ന്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം. വിവിധ മോഷണ കേസുകളില്‍ പിടിക്കപ്പെട്ട്‌ ജയിലില്‍ കഴിയുകയായിരുന്നു ജോസഫ്‌ ആന്‍ഡ്രൂ എന്ന നാല്‍പ്പതുകാരന്‍. വാലന്റൈന്‍ ദിനത്തില്‍ തന്റെ കാമുകിയെ കാണുന്നതിനും ചുംബനം നല്‍കുന്നതിനും ജയിലില്‍ കഴിഞ്ഞാല്‍ സാധിക്കുമോ? കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിന്റെ 12 അടി ഉയരത്തില്‍ നില്‍ക്കുന്ന ഫെന്‍സിനു ചുറ്റുമുള്ള റേസര്‍ വയറിനിടയിലൂടെ ജയിലില്‍ നിന്നും രക്ഷപ്പെട്ട്‌ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന റെസ്റ്റോറന്റില്‍ എത്തി. കാമുകിയെ ഒരുനോക്കു കാണുന്നതിനിടെ പോലീസ്‌ സംഘം അവിടെ എത്തുകയും, യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങുകയും ചെയ്‌തു. കാമുകിയെ വേര്‍പിരിഞ്ഞതിലുള്ള ദുഖം ഉള്ളിലൊതുക്കി വീണ്ടും ജയിലിലേക്ക്‌.

ജയിലില്‍ നിന്നും രക്ഷപ്പെട്ട്‌ മൂന്നു മണിക്കൂറിനുള്ളില്‍ അധികാരികളുടെ പിടിയില്‍ അകപ്പെട്ട ജോസഫ്‌ ആന്‍ഡ്രുവിന്‌ ഇനി ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌ പരിഗണിക്കപ്പെടുന്നത്‌. ജോസഫ്‌ ആന്‍ഡ്രുവിന്‌ ജയില്‍ ചാടുന്നതിനുള്ള സഹായം ചെയ്‌തുകൊടുത്തവരെ അന്വേഷിക്കുകയാണ്‌ ജയില്‍ അധികൃതര്‍.