You are Here : Home / USA News

വിശ്വാസ പരിശീലനം മാതൃസഭയോടൊത്താകണം: റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 03, 2013 03:28 hrs UTC

ഷിക്കാഗോ: 22 സഭകളുടെ കൂട്ടായ്‌മയായ കത്തോലിക്കാ സഭയിലെ അംഗങ്ങള്‍ തങ്ങളുടെ വിശ്വാസ പരിശീലനം ഓരോരുത്തരും അംഗങ്ങളായിരിക്കുന്ന മാതൃസഭയോട്‌ ചേര്‍ന്ന്‌ നടത്തണമെന്ന്‌ സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍ ഉത്‌ബോധിപ്പിച്ചു. വിശ്വാസ പരിശീലനത്തിന്റെ ഉറവിടങ്ങളായ വിശുദ്ധ ഗ്രന്ഥം, വിശുദ്ധ പാരമ്പര്യം, ആരാധനാക്രമം, സഭാ പഠനങ്ങള്‍, വിശുദ്ധര്‍ എന്നിവയില്‍, ദൈവവചനമൊഴികെയുള്ള ഘടകങ്ങള്‍ ഓരോ വ്യക്തി സഭയ്‌ക്കും പ്രത്യേകമായിട്ടുളവായതിനാല്‍ അവയ്‌ക്ക്‌ അനുസൃതമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന വിശ്വാസ പരിശീലന പുസ്‌തകങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള വിശ്വാസ പരിശീലനം എല്ലാ തലങ്ങളിലും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ വൈദീക സമ്മേളനം 2013-ല്‍ `വിശ്വാസ പരിശീലനം -സീറോ മലബാര്‍ സഭയില്‍' എന്ന വിഷയത്തെ അധികരിച്ച്‌ ബഹുമാനപ്പെട്ട ജോര്‍ജ്‌ അച്ചന്‍ നടത്തിയ ക്ലാസ്‌ വിശ്വാസ പരിശീലനത്തിന്റെ വ്യത്യസ്‌ത തലങ്ങളെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ചകള്‍ നല്‍കി. ഞായറാഴ്‌ചകളില്‍ ഇടവക ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന വിശ്വാസ പരിശീലന ക്ലാസുകള്‍ വെറും മതപഠനത്തിനുള്ള മാര്‍ഗ്ഗമായി കാണരുത്‌. മറിച്ച്‌ വിശ്വാസത്തെ പരിശീലിപ്പിച്ച്‌ വളര്‍ത്തിയെടുക്കാനുള്ള ഉപാധിയായി മാറണം. ഈശോയെ അറിഞ്ഞ ഒരാള്‍, ഈശോയെ അറിയാത്ത വ്യക്തിയോട്‌ താന്‍ അനുഭവിച്ചറിഞ്ഞ ഈശോയെ പരിചയപ്പെടുത്തി കൊടുക്കുന്നതാവണം വിശ്വാസ പരിശീലനം. കുടുംബത്തിലും ഇടവകകളിലും നല്‍കുന്ന വിശ്വാസ പരിശീലന ക്ലാസുകള്‍, വിശ്വാസ ജീവിതത്തിന്റെ ആഘോഷങ്ങള്‍, പ്രായോഗിക പരിശീലനങ്ങള്‍ എന്നിവയിലൂടെയാണ്‌ വിശ്വാസ പരിശീലനം സംധിതമാകേണ്ടത്‌.

 

വിശുദ്ധ ഗ്രന്ഥപഠനങ്ങള്‍ക്കനുസരിച്ചും സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കും, ആരാധനാക്രമത്തിനും പ്രബോധനങ്ങള്‍ക്കും വിശുദ്ധരുടെ ജീവിതത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടും തയാറാക്കിയിരിക്കുന്ന വിശ്വാസ പരിശീലന പുസ്‌തകങ്ങള്‍ സഭയുടെ 30 രൂപതകളിലും, ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമുള്ള സീറോ മലബാര്‍ കുടിയേറ്റ കേന്ദ്രങ്ങളിലും ഉപയോഗപ്പെടുന്നുവെന്നത്‌ സഭാംഗങ്ങളുടെ കൂട്ടായ്‌മയ്‌ക്കും ഐക്യത്തിനും കാരണമാകുന്നു. ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ സ്ഥാപിതമായിരിക്കുന്ന ഏക സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപത മാതൃസഭയുടെ വിശ്വാസ പൈതൃകത്തില്‍ വളര്‍ന്നുവരണമെങ്കില്‍, അവളുടെ വിശ്വാസ പാരമ്പര്യങ്ങള്‍ക്കനുസരിച്ച്‌ വിശ്വാസ പരിശീലനം നല്‍കണമെന്നും, അതിനായി സഭയുടെ മതബോധന കേന്ദ്രങ്ങളില്‍ നിന്നും നല്‍കപ്പെടുന്ന പുസ്‌തകങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും ബഹു. ദാനവേലില്‍ അച്ചന്‍ നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.