You are Here : Home / USA News

എഴുത്തുകാര്‍, എഴുത്തുകാരോട് ഒരു വാക്ക് റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ്

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, August 22, 2013 12:15 hrs UTC

ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടേയും സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ സംഘടിപ്പിച്ച സെമിനാര്‍ ചര്‍ച്ചയിലെ മുഖ്യവിഷയം 'എഴുത്തുകാര്‍, എഴുത്തുകാരോട് ഒരു വാക്ക്' എന്നതായിരുന്നു. അവിടെ കൂടിയ വിവിധ ശാഖയിലെ എഴുത്തുകാരും സാഹിത്യകാരന്മാരും ചിന്തകരും നിരൂപകരും തങ്ങളുടെ സാഹിത്യപ്രവര്‍ത്തനങ്ങളേയും രചനകളേയും വിലയിരുത്തുകയും ആത്മപരിശോധന നടത്തുകയും പോരായ്മകളും നേട്ടങ്ങളും വളരെ ഹൃസ്വമായി അവതരിപ്പിക്കുകയുമുണ്ടായി. ഒരെഴുത്തുകാരനോ സാഹിത്യകാരനോ എഴുത്തിന്റെ പണിപ്പുരയിലെ ഏതുശാഖയില്‍ പ്രവര്‍ത്തിച്ചാലും അതേപ്രകാരമായിരിക്കണമെന്ന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുകയുണ്ടായി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. മണ്‍മറഞ്ഞ സാഹിത്യനായകന്‍ സുകുമാര്‍ അഴീക്കോടിന്റെ വീണ്ടു വിചാരങ്ങള്‍ എന്ന കൃതിയിലെ 'എഴുത്തുകാര്‍ എഴുത്തുകാര്‍ക്കുവേണ്ടി' എന്ന ഒരു ലേഖനം വായിച്ചതിനുശേഷം സംഘടനയുടെ സെക്രട്ടറി ഈശൊ ജേക്കബ് ഏതൊരു എഴുത്തുകാരനും എഴുത്തുകൊണ്ടു മാത്രം സമൂഹത്തോടുള്ള കടമ തീരുന്നില്ല പ്രത്യുത ഫലപ്രദമായ ജീവിതമാണ് പ്രധാനം എന്നഭിപ്രായപ്പെട്ടു. കാലഘട്ടങ്ങള്‍ എത്ര എങ്ങനെ മാറിയാലും ഒരെഴുത്തുകാരന്റെ മുഖമുദ്ര എക്കാലത്തും സാമൂഹ്യ പ്രതിബദ്ധതയായിരിക്കണമെന്ന് അരവിന്ദാക്ഷമേനോന്‍ പറഞ്ഞു. മാത്യു കുരവയ്ക്കവിന്റെ കാഴ്ചപ്പാടില്‍ ഒരു സാഹിത്യകാരന്‍ ധാരാളം വായിക്കണം, ധാരാളം എഴുതണം, ഒരിക്കലും എഴുത്തുകാരന്റെ കൂമ്പടയരുത് എന്നതായിരുന്നു. എഴുത്തുകാരന്‍ കാലത്തിന്റേയും സമൂഹത്തിന്റേയും പുരോഗതിയും മാറ്റങ്ങളും ഉള്‍ക്കൊള്ളണം എന്നാല്‍ ഒരിക്കലും ഉദാത്തമായ ജീവിതമൂല്യങ്ങള്‍ക്ക് കോട്ടം തട്ടാത്തവിധത്തിലായിരിക്കണം രചനകള്‍. മുന്‍വിധിയോടെയൊ വൈരനിര്‍വാഹണ ബുദ്ധിയോടെയൊ എഴുതരുത്. എന്നാല്‍ സ്വതന്ത്രചിന്ത പ്രതിഫലിക്കുകയും വേണമെന്ന് എ.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. ഒരു സാഹിത്യകാരന്‍ സത്യസന്ധനും സ്വതന്ത്രനിരീക്ഷകനുമായിരിക്കണമെന്ന് മാത്യു നെല്ലിക്കുന്ന് പറഞ്ഞു. എഴുത്തുകാര്‍ സമൂഹത്തിന്റെ പ്രവാചകരാണ്. അതുപോലെ രചനകളില്‍ ദൈവനിയോഗമുണ്ടെന്ന വസ്തുതയും മറക്കരുതെന്ന് നയിനാന്‍ മാത്തുള്ള ഓര്‍മ്മിപ്പിച്ചു. ഒരെഴുത്തുകാരന്‍ മറ്റൊരെഴുത്തുകാരനെ കല്ലെറിയുന്നതിനു പകരം പ്രോല്‍സാഹിപ്പിക്കണം. എന്നാല്‍ ഒട്ടും വാസനയില്ലാത്തവര്‍ ആ പണിക്കു പോകുകയോ എഴുത്തുകാരനായി ഞെളിയുകയോ ചെയ്യരുതെന്നായിരുന്നു ജോണ്‍ മാത്യു പറഞ്ഞത്. എഴുത്തുകാര്‍ വൈകാരിക ജീവികളാണ്. കാലഘട്ടത്തിന്റെ തുടിപ്പ് എഴുത്തില്‍ പ്രതിഫലിക്കണം. മദ്യലഹരി ഉണ്ടെങ്കിലെ ചില എഴുത്തുകാര്‍ക്ക് ഭാവന വരികയുള്ളൂ. അതില്‍ അവരെ വിമര്‍ശിക്കാനില്ലെന്ന് സുഗുണന്‍ ഞെക്കാട് പറഞ്ഞു. സത്യസന്ധമായി ജീവിത ചിത്രീകരണം നടത്തുന്ന ഒരു വിഷനറി ആയിരിക്കണം രചയിതാക്കളെന്ന് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഒരശ്ലീലത്തെ ശ്ലീലമായി ചിത്രീകരിക്കുന്നതിലാണ് സാഹിത്യകാരന്റെ കഴിവ് പ്രകടമാകേണ്ടത്. അതുപോലെ സാമൂഹ്യപ്രതിബദ്ധത ഒരിക്കലും കൈവെടിയരുതെന്നും ജോസഫ് തച്ചാറ അനുസ്മരിപ്പിച്ചു. ഒരു സാഹിത്യകാരന്‍ സമൂഹത്തില്‍ നന്മയുടെ ചാലക ശക്തിയായിരിക്കണം തന്റെ തൂലികത്തുമ്പിലൂടെ പ്രകടിപ്പിക്കേണ്ടതെന്നായിരുന്ന ബ്ലസന്‍ ഹുസ്റ്റന്‍ അഭിപ്രായപ്പെട്ടത്. സ്വതന്ത്രവും, സത്യ-നീതി-ധര്‍മ്മങ്ങളില്‍ അധിഷ്ടിതവുമായ നല്ല ആവിഷ്‌കാരങ്ങളായിരിക്കണം എഴുത്ത് എന്നതായിരുന്നു ടി.എന്‍. സാമുവലിന്റെ കാഴ്ചപ്പാട്. സ്വന്തമായി ചിന്തിച്ച് ആരുടെയും പക്ഷം പിടിക്കാതെ തുറന്നെഴുതണമെന്ന് എബ്രഹാം പത്രോസ് എഴുത്തുകാരോട് നിര്‍ദ്ദേശം വെക്കുകയുണ്ടായി. നന്നായി ചിന്തിച്ച് പഠിച്ച് വായനക്കാരെ മനസ്സില്‍ തൊട്ടറിഞ്ഞിട്ട് നല്ലതുമാത്രം എഴുതണം എന്നും എന്തും അലസമായി പടച്ചുവിടരുതെന്നുമായിരുന്നു ജോസഫ് പുന്നോലിയുടെ നിര്‍ദ്ദേശം. എഴുത്തുകാരന്‍ ഒരിക്കലും സമൂഹത്തില്‍ വിഷവിത്തുകള്‍ വിതക്കരുത്. നന്മതിന്മകള്‍ വേര്‍തിരിച്ചറിഞ്ഞശേഷമെ തങ്ങളുടെ തൂലികയെന്ന പടവാളെടുക്കാവൂ എന്നായിരുന്നു മാത്യു മത്തായി പറഞ്ഞത്. എഴുത്തുകാര്‍ സല്‍ഭാവനകളുടെ വക്താക്കളാവുന്നത് ശുഭോദര്‍ക്കമെന്ന് സജി പുല്ലാട് പറഞ്ഞു. നല്ല എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ താന്‍ എപ്പോഴും തയ്യാറായിരിക്കുമെന്ന് ബോബി മാത്യു പറഞ്ഞു. റൈറ്റേഴ്‌സ് ഫോറത്തിന്റെ രജത ജൂബിലി വര്‍ഷമായ ഇക്കൊല്ലം ഒരു സോവനീര്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായി. റൈറ്റേഴ്‌സ് ഫോറത്തിന്റെ ഹൃസ്വ ചരിത്രമെഴുതി വരുന്ന ജോണ്‍ മാതുവിനേയും വെബ്‌സൈറ്റ് അപ്‌ഡേറ്റു ചെയ്തു വരുന്ന ജോസഫ് പുന്നോലിയേയും യോഗം അഭിനന്ദിക്കുകയും അവര്‍ക്കു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.