You are Here : Home / USA News

ഒ.സി.ഐ.യും `ആധാര്‍' കാര്‍ഡും: പ്രസ്‌താവനകള്‍ ദോഷമേ ചെയ്യൂ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, August 21, 2013 10:55 hrs UTC

ഈയ്യിടെ ഓവര്‍സീസ്‌ സിറ്റിസന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഒ.സി.ഐ.) കാര്‍ഡിനെക്കുറിച്ചും ഇന്ത്യയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ ഇഷ്യൂ ചെയ്യുന്ന 'ആധാര്‍' കാര്‍ഡിനെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ രീതിയിലൊരു വാര്‍ത്ത പത്രങ്ങളില്‍ കണ്ടു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യാ ഗവണ്മെന്റ്‌ നല്‍കിയിരിക്കുന്ന ഒ.സി.ഐ. കാര്‍ഡ്‌ ഇന്ത്യയിലെ ആധാര്‍ കാര്‍ഡുമായി യാതൊരു വിധത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന്‌ മനസ്സിലാക്കിയിരുന്നെങ്കില്‍ അങ്ങനെയൊരു തെറ്റായ വാര്‍ത്ത ഉത്ഭവിക്കില്ലായിരുന്നു. ഒ.സി.ഐ. എന്നാല്‍ ഇരട്ട പൗരത്വമാണെന്നു തെറ്റിദ്ധരിച്ച്‌ പലരും (മലയാളികള്‍ ) അമേരിക്കന്‍ പാസ്‌പോര്‍ട്ടുപോലുമില്ലാതെ നാട്ടില്‍ പോയ കഥയും അവര്‍ ചെന്നുപെട്ട പൊല്ലാപ്പിനെക്കുറിച്ചുമൊക്കെ നാം പല കഥകളും കേട്ടിട്ടുണ്ട്‌. ഒ.സി.ഐ. കാര്‍ഡിന്‌ അപേക്ഷിക്കുമ്പോള്‍ തന്നെ അതിന്റെ നിബന്ധനകള്‍ കൂടി വായിച്ചിരുന്നെങ്കില്‍ മേല്‌പറഞ്ഞ അബദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇപ്പോള്‍ 'ആധാര്‍' കാര്‍ഡിനേയും ഒ.സി.ഐ. കാര്‍ഡിനേയും ബന്ധിപ്പിച്ച്‌ പുതിയ പ്രസ്‌താവനകള്‍ ഇറക്കുന്നത്‌ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. 'ആധാര്‍' കാര്‍ഡ്‌ എന്താണെന്നും അതെങ്ങനെ ലഭിക്കുമെന്നും, അതുകൊണ്ടുള്ള ഗുണങ്ങളെന്താണെന്നും അമേരിക്കന്‍ മലയാളികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വസ്‌തുതയാണ്‌. പ്രത്യേകിച്ച്‌ നാട്ടില്‍ സ്ഥിരതാമസത്തിന്‌ തയ്യാറായി പോകുന്നവര്‍ പലരും. ആരെങ്കിലും വളഞ്ഞ വഴിയില്‍ ആധാര്‍ കൈവശപ്പെടുത്തുകയോ അതിന്‌ ശ്രമിക്കുകയോ ചെയ്‌താല്‍ അവര്‍ തീര്‍ച്ചയായും പല കുഴപ്പങ്ങളില്‍ ചെന്നു ചാടിയെന്നിരിക്കും. അമേരിക്കയിലെ സോഷ്യല്‍ സെക്യുരിറ്റി കാര്‍ഡുപോലെ 12 നമ്പറുകളുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡാണ്‌ ആധാര്‍ . അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ എവിടെയും ഉപയോഗിക്കാവുന്ന പോലെ ഇന്ത്യയിലെവിടെയും വ്യക്തിത്വവും അഡ്രസ്സും തെളിയിക്കാനുള്ള രേഖയാണ്‌ ആധാര്‍ . ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ഏതൊരു വ്യക്തിക്കും സ്‌ത്രീ/പുരുഷ വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ ആധാറില്‍ പേരു ചേര്‍ക്കാം. ആധാറില്‍ പേരു ചേര്‍ക്കല്‍ തികച്ചും സൗജന്യമാണ്‌. സോഷ്യല്‍ സെക്യൂരിറ്റി ആജീവനാന്ത നമ്പര്‍ പോലെ ആധാര്‍ നമ്പര്‍ ജീവിതാന്ത്യം വരെ മാറുകയില്ല. ആധാര്‍ കാര്‍ഡുപയോഗിച്ച്‌ വ്യക്തിയെ എപ്പോള്‍, എവിടെവച്ച്‌, എങ്ങനെ വേണമെങ്കിലും തിരിച്ചറിയാം. അതിനാല്‍ ഭാരതത്തിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും മാറി താമസിക്കുന്നവര്‍ക്ക്‌ സ്വന്തം വ്യക്തിത്വം തെളിയിക്കാന്‍ എളുപ്പമാണ്‌. ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ ആധാര്‍ കാര്‍ഡിനാവുന്നു. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം നേരിട്ട്‌ കൈമാറ്റം ചെയ്യുന്നു. ആധാര്‍ വ്യക്തിത്വം തെളിയിക്കാനുള്ള ഒരു രേഖയാണ്‌. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഫലങ്ങള്‍ നേരിട്ട്‌ കൈപ്പറ്റാന്‍ ഇത്‌ സഹായിക്കുന്നു. പൊതുവിതരണ സംവിധാനം, ഭക്ഷ്യസുരക്ഷ, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, സമഗ്ര ശിശു വികസന പദ്ധതി, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി, സ്വര്‍ണ ജയന്തി, ഗ്രാമ സ്വരോസ്‌ഗര്‍ യോജന, ഇന്ദിര ആവാസ്‌ യോജന, പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ്‌ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍, ജനനി സുരക്ഷാ യോജന, സര്‍വ്വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന, ജനശ്രീ ബീമ യോജന, ആം ആദ്‌മി ബീമ യോജന തുടങ്ങിയവയുടെ ആനുകൂല്യങ്ങളാണ്‌ ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ വിതരണം ചെയ്യുന്നത്‌. ആധാറുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയും ഒരാള്‍ക്ക്‌ സ്വന്തം അവകാശങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍ കാര്‍ഡുപയോഗിച്ച്‌ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്കുപോലും സ്വന്തം വ്യക്തിത്വം തെളിയിച്ച്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങുന്നതിന്‌ സാധിക്കും. ട്രെയിന്‍ യാത്രയില്‍ ആധാര്‍ കാര്‍ഡ്‌ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. അമേരിക്കയില്‍ ഏത്‌ ആനുകൂല്യങ്ങളും കൈപ്പറ്റണമെങ്കില്‍ അവ സോഷ്യല്‍ സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കണം. അതില്ലാതെ ഒരു ആനുകൂല്യവും ലഭിക്കുകയില്ല. അതേ രീതിയില്‍ തന്നെയാണ്‌ ആധാറും ബന്ധിപ്പിച്ചിരിക്കുന്നത്‌. സര്‍ക്കാരിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക്‌ കൈമാറേണ്ട ആനുകൂല്യ തുക അവരുടെ ആധാര്‍ നമ്പറുമായി ബന്ധിച്ചിട്ടുള്ള ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ സര്‍ക്കാര്‍ നിക്ഷേപിക്കുന്നു. ഇന്ത്യയില്‍ എല്ലാ പ്രദേശത്തും ആധാര്‍ നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ടും, ധാരാളം പേര്‍ക്ക്‌ ഇനിയും ആധാര്‍ കാര്‍ഡ്‌ ലഭിക്കാനുള്ളതുകൊണ്ടും ആധാര്‍ നമ്പറിന്റെ സഹായമില്ലാതെ തന്നെയാണ്‌ ആനുകൂല്യങ്ങള്‍ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നിക്ഷേപിക്കുന്നതെന്ന്‌ ന്യൂഡല്‍ഹിയിലെ ഒരു പ്രമുഖ ബാങ്കില്‍ ഉദ്യോഗസ്ഥനായ ലേഖകന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി ആരംഭിച്ചത്‌ 2013 ജനുവരി ഒന്നിനാണ്‌. 16 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 43 ജില്ലകളിലാണ്‌ ഇത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. 25 വ്യത്യസ്‌ത പദ്ധതികള്‍ക്ക്‌ കീഴിലുള്ള ആനുകൂല്യങ്ങളാണ്‌ ഇപ്പോള്‍ ആധാര്‍ ഉപയോഗിച്ച്‌ നല്‍കികൊണ്ടിരിക്കുന്നത്‌. 2013 ജൂലൈയില്‍ 78 ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചു. അതായത്‌ മൊത്തം 121 ജില്ലകള്‍ ഇതോടെ ആധാറിന്‌ കീഴിലായി. മേല്‍പറഞ്ഞ 25 വ്യത്യസ്ഥ പദ്ധതികളില്‍ 17ഉം വിവിധ മന്ത്രാലയങ്ങള്‍ വിതരണം ചെയ്യുന്ന വ്യത്യസ്‌ത സ്‌കോളര്‍ഷിപ്പുകളാണ്‌. കൂടാതെ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ്‌ യോജന, ധനലക്ഷ്‌മി പദ്ധതി, ജനനി സുരക്ഷാ പദ്ധതി, ബീഡി തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ ആനുകൂല്യങ്ങള്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കോച്ചിംഗ്‌/മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, തൊഴില്‍ പരിശീലനം എന്നിവയും സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ നേരിട്ടുള്ള ആനുകൂല്യകൈമാറ്റ പദ്ധതി വഴിയാണ്‌ വിതരണം ചെയ്യുന്നത്‌. രാജ്യത്തെ 19 ജില്ലകളില്‍ 2013 ജൂണ്‍ ഒന്ന്‌ മുതല്‍ പാചക വാതകത്തിനുള്ള ആനുകൂല്യ കൈമാറ്റം നടപ്പിലായി. സാവധാനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത്‌ വ്യാപിപ്പിക്കും. ഈ പദ്ധതി പ്രകാരം ആധാര്‍ കാര്‍ഡുമായി ബാങ്ക്‌ അക്കൗണ്ട്‌ ബന്ധിപ്പിച്ചിട്ടുള്ള ഓരോ പാചക വാതക ഉപഭോക്താവിനും ബുക്ക്‌ ചെയ്‌ത ഉടനെ ബുക്ക്‌ ചെയ്യാന്‍ പോകുന്ന സിലിണ്ടറിന്‌ 435 രൂപ വീതം നല്‍കും. പാചക വാതക സിലിണ്ടറുകള്‍ വിപണി വിലയ്‌ക്ക്‌ വില്‍ക്കുന്നതിനാല്‍ സബ്‌സിഡി തുക ഓട്ടോമാറ്റിക്കായി ഉപഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ലഭിക്കാന്‍ നാം എന്തെല്ലാം ചെയ്യണമോ ഏകദേശം അതേ മാര്‍ഗം തന്നെയാണ്‌ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ സ്വീകരിക്കേണ്ടത്‌. ഇന്ത്യയിലെ ഏത്‌ അംഗീകൃത ആധാര്‍ എന്‍റോള്‍മെന്റ്‌ കേന്ദ്രത്തിലും വ്യക്തിത്വം, അഡ്ഡ്രസ്‌ എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരായി ആധാറിന്‌ അപേക്ഷിക്കാം. വ്യക്തിത്വം, മേല്‍വിലാസം ഇവ തെളിയിക്കുന്നതിനുള്ള രേഖകള്‍: വോട്ടര്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌, െ്രെഡവിംഗ്‌ ലൈസന്‍സ്‌, പാന്‍കാര്‍ഡ്‌ എന്നിവയാണ്‌. മേല്‍വിലാസം തെളിയിക്കുന്നതിന്‌ ആധാറിന്‌ അപേക്ഷിക്കുന്ന തൊട്ടുമുമ്പുള്ള മൂന്ന്‌ മാസത്തിനകം ലഭിച്ചിട്ടുള്ള വാട്ടര്‍, ഇലക്ട്രിസിറ്റി, ഫോണ്‍ ബില്ലുകള്‍ എന്നിവയും സ്വീകരിക്കും. എം.പി/എം.എല്‍.എ/ഗസറ്റഡ്‌ ഓഫീസര്‍/തഹസില്‍ദാര്‍/ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവര്‍ അവരുടെ ലെറ്റര്‍ ഹെഡ്ഡില്‍ നല്‍കിയ അഡ്രസ്സ്‌ പ്രൂഫും മേല്‍വിലാസം തെളിയിക്കാന്‍ മതിയായ രേഖയാണ്‌. വ്യക്തിത്വമോ, മേല്‍വിലാസമോ തെളിയിക്കാന്‍ യാതൊരു രേഖയും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഒരാള്‍ക്ക്‌ ആധാര്‍ എന്റോള്‍മെന്റ്‌ സെന്ററിലുള്ള പരിചയപ്പെടുത്തുന്ന ആളുടെ സഹായം തേടാം. പേര്‌ ചേര്‍ക്കാന്‍ എന്റോള്‍മെന്റ്‌ സെന്ററിലെത്തുന്നവര്‍ സ്വന്തം വിശദാംശങ്ങള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ പൂരിപ്പിച്ചു നല്‍കണം. ഒരാളുടെ വിരലടയാളവും കണ്ണിന്റെ സ്‌കാനിംഗും എന്റോള്‍മെന്റിന്റെ ഭാഗമായി എടുക്കുന്നതാണ്‌. അമേരിക്കന്‍ പൗരത്വമെടുത്തവര്‍ക്ക്‌ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന നിര്‍ബ്ബന്ധം പിടിക്കാന്‍ സാധിക്കുകയില്ല. നാട്ടില്‍ സ്ഥിരതാമസത്തിനു പോകുന്നവര്‍ അവരവരുടെ തിരിച്ചറിയല്‍ കാര്‍ഡിനോടൊപ്പം (പാസ്‌പോര്‍ട്ട്‌, ഒ.സി.ഐ./പി.ഐ.ഒ മുതലായവ) ഇന്ത്യയിലെ പാന്‍ കാര്‍ഡിനു കൂടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നാണറിവ്‌. അതിന്‌ ഓരോ പ്രദേശത്തേയും കലക്ടറേറ്റുമായി ബന്ധപ്പെടണം. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ കാര്‍ഡ്‌ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ മാത്രമുള്ളതെന്നു സാരം. ആധാറിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക്‌ സന്ദര്‍ശിക്കുക: https://portal.uidai.gov.in/ResidentPortal/faqLink

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.