You are Here : Home / USA News

ഫൈന്‍ ആര്‍ട്സിന്‍െറ നാടകം മേരിലാന്‍ഡില്‍

Text Size  

Story Dated: Wednesday, October 15, 2014 11:07 hrs UTC


 
മേരിലാന്‍ഡ്. എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സ് (ഇസികെകെ) ആഭിമുഖ്യത്തില്‍ കൌണ്‍സിലിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ട് ശേഖരണാര്‍ത്ഥം ഒക്ടോബര്‍ 11  ശനിയാഴ്ച ലോറല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ന്യൂജഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം ക്ലബ്ബിന്‍െറ 'മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം നടത്തി.

എക്യുമെനിക്കല്‍ കൌണ്‍സിലിന്‍െറ സ്പിരിച്ചല്‍ അഡ്വൈസര്‍ ഫാ. കെ. പി. വര്‍ഗീസിന്‍െറ പ്രാര്‍ഥനയോടും സ്വാഗതത്തോടും ആരംഭിച്ച യോഗത്തില്‍ ഷഹി പ്രഭാകര്‍ ഗാനമാലപിച്ചു. നാടകാവസാനം കൌണ്‍സിലിന്‍െറ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാമുവല്‍ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

പ്രസിഡന്റ് ഡോ. ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി ഡോ. സജി എബ്രഹാം, ട്രഷറര്‍ ദയാല്‍ എബ്രഹാം, ടി. സി. ഗീവര്‍ഗീസ്, ഷീബാ മാത്യു, സാജു മാര്‍ക്കോസ്, ഷീബ ചെറിയാന്‍, ഷീജ ജോണ്‍, ഷാജു ജോസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കലാമൂല്യമുളളതായ ഒരു നാടകം നന്നായി അവതരിപ്പിച്ച ഫൈന്‍ ആര്‍ട്സ് മലയാളത്തിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റും ഭാരവാഹികളും ആശംസകള്‍ ചൊരിഞ്ഞു.

ഒരു നാടകം നന്നായിരിക്കുന്നുവെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നതിന്‍െറ പ്രധാന കാരണം തീവ്രതയാര്‍ന്നൊരു പ്രമേയത്തെ അപ്രതീക്ഷിതവും അപ്രകാശിതവുമായ നിരവധി നാടക മുഹൂര്‍ത്തങ്ങളാല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ കഥാപാത്രങ്ങളിലൂടെ വിശ്വസനീയമാം വിധം അവതരിപ്പിക്കപ്പെടുമ്പോഴാണ്. ഒരു നാടകത്തിന്‍െറ മഹത്വം നിര്‍ണ്ണയിക്കപ്പെടുന്നത് അതില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന നാടകീയ സംഘട്ടനങ്ങളുടെ തോത് അനുസരിച്ചാണ്. ഫൈന്‍ ആര്‍ട്സ് മലയാളം മേരിലാന്‍ഡില്‍ അവതരിപ്പിച്ച നാടകം, നാടകീയ മുഹൂര്‍ത്തങ്ങളുടെ ഔന്നത്യത്താലും അവതരണത്തിന്‍െറയും ആവിഷ്ക്കാരത്തിന്‍െറയും ആസ്വാദിതമായ ആസ്ഥായികരാലും നല്ല നിലവാരം പുലര്‍ത്തി.

അമ്മയുടെ അപദാനങ്ങളെ പാടി പുകഴ്ത്താത്ത കവികളില്ല, ചിന്തകരില്ല. വയലാര്‍ ചോദിച്ചു, അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍ ഞാനാര് ദൈവമാര് ? ശ്രീകുമാരന്‍ തമ്പി വിശ്വസിക്കുന്നു, അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ ? നിസ്വാര്‍ത്ഥ സ്നേഹത്തിന്‍െറ നിറകുടമാണമ്മ, ത്യാഗസേവനങ്ങളുടെ മൂര്‍ത്തീഭാവമാണമ്മ.

യേശു പറഞ്ഞ ധൂര്‍ത്ത പുത്രന്‍െറ കഥയില്‍, ഒരു അമ്മ ഉണ്ടായിരുന്നുവെങ്കില്‍ ആ ഭവനത്തിലൊരു ധൂര്‍ത്ത പുത്രന്‍ ഉണ്ടാകുമായിരുന്നോ ? സംശയമാണ്. ജോണ്‍ ഹെര്‍ബര്‍ട്ട് പറയുന്നു-അമ്മ നൂറ് ഉപദേഷ്ടാക്കളുടെ ഗുണം ചെയ്യും. ഈ നാടകത്തിന്‍െറ പ്രമേയം ഈ ആധുനിക യുഗത്തിലെ അമ്മയാണ്. ഈ നൂറ്റാണ്ടിന്‍െറ സൃഷ്ടിയായി ഉപഭോക്തൃസംസ്ക്കാരത്തിന്‍െറ സ്വാധീന വലയത്തിലാണ് ഇന്നത്തെ തലമുറ. മാര്‍ക്കറ്റില്‍ നിന്ന് ഒരു വസ്തു വാങ്ങി ഉപയോഗിക്കുന്നു. അത് ഉപയോഗിച്ച് പൂര്‍ണ്ണമായും ഉപയോഗ ശൂന്യമാകുമ്പോള്‍ ഒരു പാഴ് വസ്തുവായി കരുതി ഗാര്‍ബേജ് ബാഗിലേയ്ക്കോ, വഴി വക്കിലേയ്ക്കോ വലിച്ചെറിയുന്നു. തങ്ങളുടെ ജീവനും ജീവിതവും ആയുസും ആരോഗ്യവും സമ്പത്തും സമയവുമെല്ലാം തങ്ങളുടെ മക്കളുടെ വളര്‍ച്ചക്കും ഉയര്‍ച്ചയ്ക്കുമായി ചെലവഴിച്ച മാതാപിതാക്കള്‍ അവഗണകളാലും അസുഖങ്ങളാലും തളരുമ്പോള്‍ അവരെ ഒരു പാഴ്വസ്തുവിനെ പോലെ കരുതി ആയിരങ്ങള്‍ ഒത്തുകൂടുന്ന ഉത്സവപ്പറമ്പിലോ വിജനമായ വഴിയോരങ്ങളിലോ ഉപേക്ഷിച്ച് കടന്നു കളയുന്ന മക്കളെക്കുറിച്ചുളള ഈ വാര്‍ത്തകള്‍ എന്നും ദിനപത്രങ്ങളില്‍ ഇടം തേടാറുണ്ട്.  ഇത് ഇന്നിന്‍െറ കഥയാണ്. നിങ്ങളുടെ കഥയാണ്. ഈ നാടകത്തില്‍ എവിടെയെങ്കിലും വച്ച് നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടുമുട്ടിയേക്കാം. ഒരുപക്ഷേ, നിങ്ങള്‍ക്ക് അറിയാവുന്ന മറ്റു പലരേയും കണ്ടുമുട്ടിയേക്കാം.

നാം എത്തിച്ചേര്‍ന്ന ലോകത്തെ മാത്രമല്ല, നാം എത്തിച്ചേരേണ്ടുന്ന ലോകമേതെന്നു കാണിച്ചു തരുന്നതാണ് ഒരു നാടകത്തിന്‍െറ ധര്‍മ്മം.

ഒരു അമ്മയില്ലാത്തൊരു ഭവനത്തിലേക്ക് ഒരമ്മ കടന്നു വരുമ്പോള്‍ അവിടെ വികലമായ വ്യക്തിബന്ധങ്ങളും ശിഥിലമായ കുടുംബ ബന്ധങ്ങളും വഴിമാറുന്നു. ആ അമ്മ ഏവരെയും  സ്നേഹത്തിന്‍െറയും സഹിഷ്ണുതയുടെയും സേവനത്തിന്‍െറയും വര്‍ണ്ണ ഇഴകള്‍ കോര്‍ത്തിണക്കുമ്പോള്‍ കാര്‍മേഘം മാറിയ നീലാകാശത്തില്‍ ഒരുമിച്ചു വരുന്ന വര്‍ണ്ണാഭമായ മഴവില്ലു പോലെ സംതൃപ്തി പ്രേക്ഷകരുടെ മനസ്സില്‍ ഇതള്‍ വിടരുന്നതോടെ നാടകം പൂര്‍ണ്ണമാകുന്നു.

മേരിലാന്‍ഡില്‍ നടന്ന നാടകാവതരണത്തില്‍ അഭിനയിച്ചവരും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും കൃഷ്ണന്‍ കുട്ടി നായര്‍- ജോസ് കാഞ്ഞിരപ്പളളി, മധുസൂദനന്‍ - സണ്ണി റാന്നി, കുഞ്ഞുണ്ണി- റോയി മാത്യു, ഹരിശങ്കര്‍ - ടീനോ തോമസ്, ശ്രേയ- ദിവ്യ ശ്രീജിത്ത്, അമ്മ- ജിനു പ്രമോദ്, പ്രതിഭ- സജിനി സക്കറിയ, ഡോ. നിരഞ്ജന്‍- ജോര്‍ജ് തുമ്പയില്‍, നാടകരചന- ഫ്രാന്‍സിസ് ടി. മാവേലിക്കര, സംവിധാനം - റെഞ്ചി കൊച്ചുമ്മന്‍, പ്രൊഡ്യൂസര്‍ - ജോസ് കുട്ടോല മഠം, ലൈറ്റ് - ജിജി എബ്രഹാം, മ്യൂസിക്ക് - റീന മാത്യു, ഷൈനി എബ്രഹാം, സാങ്കേതിക വിഭാഗം ചീഫ് - സാം പി. എബ്രഹാം, ചീഫ് സ്റ്റേജ് മാനേജര്‍- ചാക്കോ ടി. ജോണ്‍, സ്റ്റേജ് മാനേജര്‍ - ശ്രീജിത്ത് മേനോന്‍, ക്രിസ്റ്റി സക്കറിയ, ജയന്‍ ജോസഫ്, സൌണ്ട്- ബാബു ജോര്‍ജ്.

വാര്‍ത്ത. സണ്ണി മാമ്പിളളി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.