You are Here : Home / USA News

മോദി അമേരിക്കയിലേക്ക്, ആകാംക്ഷയോടെ മലയാളി സമൂഹവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 25, 2014 11:23 hrs UTC


ന്യൂയോര്‍ക്ക്. ലോകത്തില്‍ ജനാധിപത്യത്തിന്റെ സൌന്ദര്യം ഏറ്റവും മനോഹരമായി കാണാന്‍ സാധിക്കുന്ന വന്‍ ശക്തികള്‍ ഏതാവും എന്ന് ചോദിച്ചാല്‍ അതിനു ഇന്ത്യയെന്നും അമേരിക്കയെന്നും ഉത്തരം പറയാന്‍ ഇനി ആരും മടിക്കും എന്നു തോന്നുന്നില്ല .ഒരു കെനിയന്‍ പിതാവില്‍ ജനിച്ച് ചെറിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ബരാക്ക് ഹുസൈന്‍ ഒബാമ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരക്കാരനായി നില്‍ക്കുമ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍, അത്തരം ചെറിയ സാഹചര്യങ്ങളില്‍ നിന്ന് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ പ്രതിനിധിയായി ,ആ മണ്ണിന്റെ ചൈതന്യവും, കരുത്തും ആവാഹിച്ചു കാലം കരുതി വച്ച നിയോഗം പോലെ നരേന്ദ്ര ദാമോദര്‍ ദാസ് മോദി വരുന്നു. സ്വന്തം രാജ്യത്തിനകത്തും പുറത്തും നേരിട്ട വര്‍ഷങ്ങള്‍ നീണ്ട വെല്ലുവിളികളെ കാലത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളിക്കൊണ്ട് അജയîനായി,അനിഷേധ്യനായി ലോകത്തിലെ ഏറ്റവും ശക്തമായ ഭരണ കേന്ദ്രത്തിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തിയും പ്രാധാന്യവും മനുഷ്യരാശിക്ക് മുന്നില്‍ ഒരിക്കല്‍ കൂടി മാറ്റ് തെളിയിക്കപ്പെടുന്നു .

മഹത്തായ സംസ്കൃതിയുടെയും അറിവിന്റെയും പൂര്‍വ്വ കാല വൈഭവം പേറുന്ന ഒരു രാജ്യത്തിന് എവിടെയോ നഷ്ടപ്പെട്ടു പോയ ആര്‍ജിത കര്‍മ ശേഷി സ്വായത്തമാക്കാന്‍ ഇന്നൊരു നേതാവിനെ ലഭിച്ചു എന്ന ബോധ്യത്തില്‍ ലോകത്തിലെ വന്‍ ശക്തികള്‍ അദ്ദേഹത്തിലൂടെ ആ രാജ്യവുമായി ചങ്ങാത്തം കൂടാന്‍ മത്സരിക്കുന്നത് ,ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്ക് , അവര്‍ ലോകത്തെവിടെയാണെങ്കിലും കുളിരുള്ള കാഴ്ച്ചയാകുന്നു എന്നത് നിസ്തര്‍ക്കം ആണ് .

പ്രവാസികള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണം മുതല്‍ വാണിജ്യ വ്യവസായ രംഗത്തെ കുതിപ്പിന് വഴിയൊരുക്കുന്ന കൂടിക്കാഴ്ചകളും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു ദിശാബോധം നല്‍കുമെന്ന് കരുതപ്പെടുന്ന നയതന്ത്ര ഇടപെടലുകളും ഒക്കെയായി മോഡി സന്ദര്‍ശനം ചരിത്രം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു .

ഫോമ , ഫൊക്കാന ഉള്‍പ്പടെ ഇരുപതോളം വിവിധ മലയാളി സംഘടനകളും , അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാര്‍ട്ടി അനുഭാവികളുടെ ദേശീയ സംഘടനയായ നമോ ബിജെപിയും മാഡിസണ്‍ സ്ക്വയറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ സജീവമായി രംഗത്തുണ്ട്. ഈ പരിപാടിയിലെ മലയാളികളുടെ വന്‍ സാന്നിധ്യം നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണത്തോടെ ഇന്ത്യയുടെ മണ്ണില്‍ ഉദയം കൊണ്ട പ്രതീക്ഷകളുടെ അലയൊലികള്‍ അമേരിക്കന്‍ മലയാളികളുടെ മനസിലും സ്ഥാനം നേടി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ്. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.