You are Here : Home / USA News

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Text Size  

Story Dated: Monday, September 15, 2014 12:39 hrs UTC

 
 
ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച കാക്കിയാട്ട് എലിമെന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം രണ്ടു മണി മുതല്‍ വിവിധ കലാപരിപാടികള്‍ നടന്നു.
 
ചെണ്ടമേളവും താലപ്പൊലിയും ആര്‍പ്പും കുരവയുമായി മാവേലി തമ്പുരാനെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ചു. മാവേലിയായി രംഗത്തെത്തിയ തമ്പി പനക്കല്‍ ഏവരെയും അനുഗ്രഹിക്കുകയും, ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് ലൈസി അലക്സിന്റെ നേതൃത്വത്തിലുള്ള തിരുവാതിരയും നൃത്ത ശില്പവും അരങ്ങേറി. പ്രസിഡന്റ് ജെയിംസ്‌ ഇളംപുരയിടത്തില്‍ സ്വാഗതം ആശംസിക്കുകയും, ഏവര്‍ക്കും ഓണത്തിന്റെ സര്‍വ്വ മംഗളങ്ങളും നേര്‍ന്നു. 
 
മുഖ്യാതിഥിയായി എത്തിയ റോക്ക്‌ലാന്‍ഡ് കൗണ്ടി എക്സിക്യൂട്ടീവ് എഡ്വിന്‍ ജെ ഡേ ഏവര്‍ക്കും ഓണം ആശംസിച്ചു. മലയാളികളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു.     
 
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി.പി. മേനോന്‍ ഓണസന്ദേശം നല്‍കുകയും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ജാതി  മത ഭേദമെന്യേ ഒരു മേക്കൂരയ്ക്കു താഴെ എല്ലാവരെയും സംഘടിപ്പിക്കുവാന്‍ മലയാളി അസോസിയേഷനുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. സെക്രട്ടറി ജയപ്രകാശ്  നായര്‍ വി.പി. മേനോനെ സദസ്സിനു പരിചയപ്പെടുത്തി. ഫൊക്കാനയെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ് വൈസ്  പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ആശംസ അര്‍പ്പിച്ചുകൊണ്ട്  സംസാരിച്ചു. 
 
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും, ഐശ്വര്യപൂര്‍ണ്ണമായ ഒരു ഓണം ഏവര്‍ക്കും നേരുകയും  ചെയ്തു.
 
കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ രണ്ടാം പതിപ്പ്, ഫൊക്കാനയുടെ അനിഷേധ്യ നേതാവായ റ്റി.എസ്. ചാക്കോ ഒരു കോപ്പി  മുഖ്യാതിഥിയായ വി.പി. മേനോന് നല്കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ട്രഷറര്‍ മത്തായി പി. ദാസ്‌ അനുമോദിച്ചു.
 
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് ബോസ് കുരുവിളയ്ക്കും മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാനും പ്രശംസാ ഫലകം നല്കി ആദരിക്കുകയുണ്ടായി.
 
ന്യൂയോര്‍ക്ക്  സ്റ്റേറ്റ് അസംബ്ളിയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ പി.റ്റി. തോമസ്‌, വരുന്ന ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ എല്ലാ മലയാളികളുടെയും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്‌  സംസാരിച്ചു. 
 
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. അതില്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍ നടന്ന വള്ളം കളി എടുത്തു പറയേണ്ടിയിരിക്കുന്നു. 
 
അജിന്‍ ആന്റണി, ലൈസി അലക്സ്, അലക്സ്  എബ്രഹാം, ശില്പാ രാധാകൃഷ്ണന്‍, അമാന്റാ കടന്തോട്ട് എന്നിവര്‍ എം.സി. മാരായി  പ്രവര്‍ത്തിച്ചു. പ്രസിഡന്റ്‌ ഇലക്റ്റ് ഷാജി വെട്ടത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.   
 
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.