You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഡഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 10, 2014 09:44 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം പ്രൗഡഗംഭീരമായി കൊണ്ടാടുകയുണ്ടായി. സെപ്‌റ്റംബര്‍ ആറാം തീയതി വൈകുന്നേരം പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ട ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനമേഖലയിലെ മറ്റൊരു പൊന്‍തൂവലായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. 
 
ഈവര്‍ഷത്തെ ഓണാഘോഷത്തില്‍ മലയാള സിനിമാ-സീരിയല്‍ താരം സോനാ നായര്‍ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നല്‌കുകയും ചെയ്‌തു. വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റേയും പുലിക്കളിയുടേയും, മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനെ കേരളത്തനിമയില്‍ വേഷവിധാനം ചെയ്‌ത നൂറുകണക്കിന്‌ മലയാളികളുടെ അകമ്പടിയോടെ ഘോഷയാത്രയായി വേദിയിലേക്ക്‌ ആനയിച്ചു. 
 
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷററും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പൊതുയോഗം ചേര്‍ന്നു. ഷിക്കഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിശിഷ്‌ടാതിഥി സോനാ നായര്‍ ഭദ്രദീപം തെളിയിച്ച്‌ ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ മോര്‍ട്ടന്‍ഗ്രോവ്‌ മേയര്‍ ഡാന്‍ ഡി. മരിയ, ഫൊക്കാനാ മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ബെന്നി വാച്ചാച്ചിറ, ഫൊക്കാനാ വൈസ്‌ പ്രസിഡന്റ്‌ ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
 
ചടങ്ങില്‍ വെച്ച്‌ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ്‌, കലാ-കായിക മത്സര വിജയികള്‍ക്കുള്ള ട്രോഫികള്‍ എന്നിവ വിതരണം ചെയ്യുകയും, ഓണാഘോഷപരിപാടികളുടെ സ്‌പോണ്‍സേഴ്‌സിനെ ആദരിക്കുകയും ചെയ്‌തു. 
 
അടുത്ത രണ്ടുവര്‍ഷത്തെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന റ്റോമി അംബേനാട്ടിനേയും, അദ്ദേഹത്തിന്റെ ടീമിനെ പരിചയപ്പെടുത്തുകയും ചെയ്‌തു. ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും സെക്രട്ടറി സാബു നടുവീട്ടില്‍ സ്വാഗതവും, വൈസ്‌ പ്രസിഡന്റ്‌ രഞ്ചന്‍ ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി. 
 
പൊതുയോഗത്തെ തുടര്‍ന്ന്‌ നടന്ന രണ്ടര മണിക്കൂര്‍ കലാപരിപാടികളില്‍ ഷിക്കാഗോയിലെ വിവിധ കലാകേന്ദ്രങ്ങളിലെ കലാകാരന്മാരും കലാകാരികളും വൈവിധ്യമാര്‍ന്ന കലാവിരുന്ന്‌ അണിയിച്ചൊരുക്കി. ആനുകാലിക വിഷയത്തെ ആസ്‌പദമാക്കി പോള്‍സണ്‍ കൈപ്പറമ്പാട്ട്‌ സംവിധാനം ചെയ്‌ത സ്‌കിറ്റ്‌ സദസിന്റെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. കലാപരിപാടികളുടെ അവതാരികയായി ബീന വള്ളിക്കളം പ്രവര്‍ത്തിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനും, റ്റോമി അംബേനാട്ട്‌, ഫിലിപ്പ്‌ പുത്തന്‍പുര, ലീലാ ജോസഫ്‌ എന്നിവര്‍ കോ- ചെയര്‍മാന്‍മാരുമായ വിപുലമായ കമ്മിറ്റിയാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.