You are Here : Home / USA News

ശങ്കരത്തില്‍ കുടുംബയോഗം അമേരിക്കയില്‍ നടന്നു

Text Size  

Story Dated: Friday, August 29, 2014 08:04 hrs UTC

ഫിലഡല്‍ഫിയ: പുരാതനവും ചരിത്രപ്രസിദ്ധവുമായ ശങ്കരത്തില്‍ കുടുംബത്തിലെ അമേരിക്കയിലും കാനഡായിലും വസിക്കുന്ന കുടുംബാംഗങ്ങളുടെ സമ്മേളനം ഓഗസ്റ്റ്‌ 23 ശനിയാഴ്‌ച ഫിലഡല്‍ഫിയായിലെ അസംന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തി. രജിസ്‌ട്രേഷന്‍ ഫോറം തയ്യാറാക്കല്‍, പ്രഭാത ഭക്ഷണം എന്നിവയ്‌ക്കുശേഷം, കുടുംബയോഗം പ്രസിഡന്റ്‌ ഫാ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പായുടെ അധ്യക്ഷതയില്‍ പ്രാര്‍ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു.
 
പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമാരായ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളായ വൈദീകരും ചേര്‍ന്നു നിലവിളക്കു കൊളുത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കുടുംബത്തില്‍ നിന്നും വാങ്ങിപ്പോയ വൈദികരെയും പിതാക്കന്മാരെയും അനുസ്‌മരിച്ചുകൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌. ഫാ. ഫിലിപ്പ്‌ ശങ്കരത്തില്‍, ഫാ. ഡോ. സി. കെ. രാജന്‍, ഫാ. ഡോ. വര്‍ഗീസ്‌ ഡാനിയേല്‍, ഫാ. കെ. കെ. ജോണ്‍, ഫാ. ബിനു എബ്രഹാം, ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍, സി. മാത്യു ശങ്കരത്തില്‍(എഡ്‌മണ്ടന്‍, കാനഡ) എന്നിവര്‍ കുടുംബയോഗത്തിന്റെ ആവശ്യകതയേയും ശ്രേഷ്‌ഠതയെയും പറ്റി സംസാരിച്ചു. മാര്‍ത്തോമ ശ്ലീഹായാല്‍ പാലൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ വച്ച്‌ ജ്ഞാന സ്‌നാനമേറ്റ, ശങ്കരപുരി, പകലോമറ്റം, കളളി, കാളിയാങ്കല്‍ എന്നീ നാലു ബ്രാഹ്മണ ഇല്ലങ്ങളിലെ പിതാക്കന്മാര്‍ അവിടെ നിന്ന്‌ തെക്കോട്ടു യാത്രയായി. കുറവിലങ്ങാട്‌ എത്തിയതും അവിടെ നിന്ന്‌ വിവിധ സ്ഥലങ്ങളില്‍ പോയി താമസിച്ചതിന്റെ ചരിത്രവും ശങ്കരപുരി കുടുംബക്കാര്‍ തൊടുപുഴയ്‌ക്കടുത്തുളള തലയനാട്ടു നിന്നും പന്തളത്തു രാജാവിന്റെ ആശ്രിതരായി പന്തളം കടയ്‌ക്കാടിനു സമീപം തലയനാട്ടു താമസിച്ചതും, അവിടെയും ശങ്കരപുരി(ശങ്കരത്തില്‍) എന്ന പേരു സ്വീകരിച്ചതും, 1665 മുതല്‍ ഉളള പിതാക്കന്മാരെക്കുറിച്ചും അവരുടെ പിന്‍തലമുറക്കാരായ ശാഖാ കുടുംബക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പോയി പാര്‍ത്തതിനെക്കുറിച്ചും 1970 ല്‍ ഈ കുടുംബക്കാര്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിനെ കുറിച്ചും കുടുംബയോഗം പ്രസിഡന്റ്‌, വളരെ ചുരുക്കമായി വിശദീകരിച്ചു. തലയനാട്ടു പറമ്പില്‍ ഈ പൂര്‍വ്വ പിതാക്കന്മാരുടെ അഞ്ചു കബറിടങ്ങള്‍ ഉണ്ട്‌ .ശങ്കരത്തില്‍ കുടുംബ വകയായി ദൈവമാതാവിന്റെ നാമത്തില്‍ അവിടെയുളള ദേവാലയത്തിലും കബറിങ്കലും വന്ന്‌ പ്രാര്‍ഥിച്ച്‌, നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിച്ച്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത്‌ സുപ്രസിദ്ധമാണ്‌. ചന്ദ്രത്തില്‍, ശങ്കരമംഗലം, ശങ്കൂരി, ശംഖുമഠം, ശങ്കരത്തില്‍ എന്നീ കുടുംബക്കാരെല്ലാം തന്നെ ശങ്കരപുരി കുടുംബത്തില്‍ വിവിധ സ്ഥലങ്ങളില്‍ പാര്‍ത്തവര്‍ എടുത്തിട്ടുളള നാമങ്ങളാണെന്ന്‌ പ്രസിഡന്റ്‌ എടുത്തു പറഞ്ഞു. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, പാലൂര്‍ പറവൂര്‍ മുതല്‍ ശങ്കരപുരി കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ എത്തിയതു വരെയുളള ചരിത്രം കവിതയായി രചിച്ച്‌ ആലപിച്ചു. സജി വര്‍ഗീസ്‌, വിനീത്‌ വര്‍ഗീസ്‌, ആദര്‍ശ്‌ വര്‍ഗീസ്‌ എന്നിവരുടെ ഗാനാലാപനം സമ്മേളനത്തിനു മാറ്റു കൂട്ടി.
 
ആശാ ശങ്കരത്തില്‍ പന്തളത്തു നിന്നും നൂറനാട്‌ താമസമാക്കിയ ശാഖയുടെ ചരിത്രം അവതരിപ്പിച്ചത്‌ പുതിയ തലമുറക്ക്‌ ആവേശം പകര്‍ന്നു. 70 വയസിനു മുകളിലുളള ആത്മായ കുടുംബാംഗങ്ങള്‍ക്കും, കുടുംബാംഗങ്ങളായ എല്ലാ വൈദികര്‍ക്കും പൊന്നാട നല്‍കി ആദരിച്ചു. ശങ്കരത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന വൈദികനും ഏറ്റവും കൂടുതല്‍ കുടുംബാംഗങ്ങള്‍ ഇവിടെയെത്തുന്നതിന്‌ കാരണക്കാരനും, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ ആദ്യത്തെ ഇടവക സ്ഥാപകനും വികാരിയും അമേരിക്കയിലെ പ്രഥമ കോറെപ്പിസ്‌കോപ്പായും ശങ്കരത്തില്‍ കുടുംബത്തിന്റെ അമേരിക്കയിലെ കുടുംബയോഗ പ്രസിഡിന്റുമായ ഫാ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പായെ എല്ലാ വൈദീകരും ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു.
 
കേരളത്തിലെ ശങ്കരത്തില്‍ കുടുംബത്തില്‍പ്പെട്ട, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്‌ ധനസഹായം കേരളത്തിലെ ആഗോള കുടുംബയോഗ പ്രസിഡന്റ്‌ ഫാ. ജോണ്‍ ശങ്കരത്തിലുമായി ആലോചിച്ചു നല്‍കുന്നതിനായി ഒരു ചാരിറ്റി ഫണ്ട്‌ ട്രഷറര്‍ രാജു ശങ്കരത്തില്‍ പ്രസിഡന്റിനെ ഏല്‍പ്പിച്ചുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. 3000 ല്‍പരം മൈല്‍ അകലെയുളള ആല്‍ബര്‍ട്ടാ, കാലിഫോര്‍ണിയാ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 150 ഓളം കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയവരില്‍ നിന്നും തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ്‌ 21, 2015 വെളളിയാഴ്‌ച New York City, Statue of Liberty cruise എന്നിവയും, ഓഗസ്റ്റ്‌ 22 ശനിയാഴ്‌ച ന്യുയോര്‍ക്കില്‍ വച്ചു രാവിലെ മുതല്‍ കുടുംബയോഗവും നടത്തുന്നതാണ്‌. സെക്രട്ടറി സജീവ്‌ ശങ്കരത്തില്‍ ഏവര്‍ക്കും സ്വാഗതം അര്‍പ്പിച്ച്‌, മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ക്രിസ്റ്റഫര്‍ യോഹന്നാനും റെന്‍ജുവും കൂടി കുടുംബ യോഗത്തിന്റെ ലോഗോ വെച്ചുണ്ടാക്കിയ ടി ഷര്‍ട്ടും, ബോബി ശങ്കരത്തില്‍ അവിടെ എത്തിച്ചേര്‍ന്നവരുടെ അഡ്രസ്‌ ഡയറക്‌ടറിയും തയാറാക്കിയത്‌ വിതരണം ചെയ്‌തു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം, കാപ്പി ഇവയ്‌ക്കുശേഷം യോഗം സമംഗളം സമാപിച്ചു.യോഹന്നാന്‍ ശങ്കരത്തില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.