You are Here : Home / USA News

മാര്‍ക്ക്‌ പിക്‌നിക്കില്‍ കൗതുകമായി ഐസ്‌ ബക്കറ്റ്‌ ചലഞ്ചും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 29, 2014 07:54 hrs UTC

 
ഷിക്കാഗോ: സുഹൃത്ത്‌ ജിതിലിന്‍ ജോര്‍ജിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട്‌ നിറച്ച ഐസ്‌ ബക്കറ്റ്‌ തലയില്‍ കമഴ്‌ത്തുവാന്‍ റോഷന്‍ വര്‍ഗീസ്‌ പ്രകടിപ്പിച്ച സന്നദ്ധത മാര്‍ക്ക്‌ പിക്‌നിക്കില്‍ കൗതുകമുണര്‍ത്തി. നെട്ടെല്ലിന്റേയും തലച്ചോറിന്റേയും നേര്‍വ്‌ സെല്ലുകളെ ബാധിക്കുന്ന അമിയോ ട്രോഫിക്‌ ലാറ്ററല്‍ സ്‌കോളിയോസിസ്‌ (എ.എല്‍.എസ്‌) എന്ന രോഗത്തെക്കുറിച്ച്‌ പൊതുജനങ്ങളില്‍ ബോധവത്‌കരണം നടത്തുവാനും ഈ രോഗത്തിന്‌ ഫലപ്രദമായൊരു ചികിത്സ കണ്ടെത്താനുള്ള ഗവേഷണത്തിന്‌ വേണ്ടിവരുന്ന ഫണ്ട്‌ സ്വരൂപിക്കാനുമായി ആരംഭിച്ച നടപടിയാണ്‌ ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌. 
 
2012-ല്‍ ഈ രോഗം സ്ഥിരീകരിക്കപ്പെട്ട പിറ്റ്‌ ഫ്രേറ്റ്‌സ്‌ എന്ന വ്യക്തിയില്‍ ഉടലെടുത്ത ഈ ആശയം സോഷ്യല്‍മീഡിയ വഴി പ്രചാരം ലഭിച്ച്‌ ഒരു ആഗോള സംരംഭമായി മാറിയിട്ടുണ്ട്‌ ഇപ്പോള്‍. കലാ-കായകരംഗത്തെ പ്രശസ്‌തരും, പ്രമുഖ രാഷ്‌ട്രീയ നേതാക്കളും ചലഞ്ച്‌ സ്വീകരിച്ചുകൊണ്ട്‌ ഐസ്‌ ബക്കറ്റ്‌ കമഴ്‌ത്തലിന്‌ വിധേയപ്പെടുകയും സംഭാവനകള്‍ സ്വരൂപിക്കുകയും, നല്‍കുകയും ചെയ്‌തപ്പോള്‍, ത്വരിതഗതിയില്‍ എ.എല്‍.എസ്‌ അസോസിയേഷന്‍ ഫണ്ടിലേക്ക്‌ സംഭാവനകള്‍ ഒഴുകിയെത്തുകയും, പോയ ഒരു മാസത്തില്‍ മാത്രം ഏതാണ്ട്‌ 100 മില്യന്‍ ഡോളര്‍ ഗവേഷണത്തിനായി ലഭിക്കുകുയം ചെയ്‌തു. 
 
മാര്‍ക്കിന്റെ സ്ഥാപക നേതാവുകൂടിയായ റെന്‍ജി വര്‍ഗീസ്‌ - ബിന്‍സി വര്‍ഗീസ്‌ ദമ്പതികളുടെ പുത്രനും, രണ്ടാം വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ്‌ വിദ്യാര്‍ത്ഥിയുമായ റോഷന്‍ വര്‍ഗീസ്‌ 500 ഡോളര്‍ ഈ സംരംഭത്തിനായി സമാഹരിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. 
 
ഓഗസ്റ്റ്‌ 23-ന്‌ ശനിയാഴ്‌ച സ്‌കോക്കിയിലെ ലരാമി പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ട മാര്‍ക്ക്‌ പിക്‌നിക്കില്‍ പ്രൊഫഷനിലെ മുതിര്‍ന്നവരും നവാഗതരുമായ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ പത്തിന്‌ വൈസ്‌ പ്രസിഡന്റ്‌ റവ. ഹാം ജോസഫ്‌ നല്‍കിയ പ്രാര്‍ത്ഥനാ സന്ദേശത്തോടുകൂടി ആരംഭിച്ച പിക്‌നിക്കിലേക്ക്‌ പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ ഏവരേയും സ്വാഗതം ചെയ്‌തു. അടുത്തയിടെ വിടപറഞ്ഞ മാര്‍ക്ക്‌ അംഗങ്ങളായ ബിജു തുരുത്തിയില്‍, ആന്റണി മത്തായി, കുടുംബാംഗങ്ങളായ പ്രവീണ്‍ വര്‍ഗീസ്‌, മേരി കക്കാട്ടില്‍, മറിയാമ്മ തെക്കേപറമ്പില്‍, ജോര്‍ജുകുട്ടി തെക്കേപറമ്പില്‍ എന്നിവരെ തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ പ്രത്യേകം സ്‌മരിച്ചു. മുന്‍ മാര്‍ക്ക്‌ പ്രസിഡന്റും, മെതഡിസ്റ്റ്‌ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസഫ്‌ ചാണ്ടി കാഞ്ഞുപ്പറമ്പില്‍ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. 
 
തട്ടുകട മാതൃകയില്‍ ഒരുക്കിയ പ്രഭാത ഭക്ഷണത്തോടുകൂടി മലബാര്‍ കേറ്ററിംഗ്‌ നല്‍കിയ പിക്‌നിക്കിലെ ഭക്ഷണവിഭവങ്ങള്‍ ഏവര്‍ക്കും ആസ്വാദ്യമായി അനുഭവപ്പെട്ടു. ജോര്‍ജ്‌ പ്ലാമൂട്ടില്‍, ബെന്‍സി ബെനഡിക്‌ട്‌ എന്നിവരുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സരങ്ങള്‍ നടത്തി. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ തടസ്സം സൃഷ്‌ടിച്ചുവെങ്കിലും, അവിസ്‌മരണീയമായ പഴയകാല ചലച്ചിത്ര ഗാനങ്ങളും ഭക്തിഗാനങ്ങളും ഉള്‍പ്പെടുത്തി ഫിലിപ്പ്‌ സ്‌റ്റീഫന്‍, ബീനാ തോമസ്‌, മറിയാമ്മ തോമസ്‌, ബേബി ആന്‍ഡ്രിയാ തോമസ്‌ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന്‌ പിക്‌നിക്ക്‌ ആവേശം സായാഹ്‌നം വരെ നിലനിര്‍ത്തുവാന്‍ സഹായിച്ചു. ട്രഷറര്‍ സാം തുണ്ടിയില്‍, ജോ. ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജോമോന്‍ മാത്യു എന്നിവര്‍ പിക്‌നിക്കിന്റെ നടത്തിപ്പിന്‌ നേതൃത്വം നല്‍കി. 
 
റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷന്റെ നിലനില്‍പിന്റെ അത്യന്താപേക്ഷിതമായ ലൈസന്‍സ്‌ നിയമം തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ സെപ്‌റ്റംബര്‍ ഒമ്പിതിന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഇല്ലിനോയി മസോണിക്‌ മെഡിക്കല്‍ സെന്ററില്‍ ചേരുന്ന ഐസ്‌ ആര്‍സി മീറ്റിംഗ്‌ വിപുലമായി ചര്‍ച്ച ചെയ്യുന്നതാണ്‌. ആധുനിക ചികിത്സയുടെ അവിഭാജ്യഘടകമായ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫനില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അറിവും, അനുഭവവും ഉറപ്പുവരുത്തുന്നതാണ്‌ ലൈസന്‍സ്‌ നിയമം. 10 വര്‍ഷത്തെ പ്രാബല്യത്തില്‍ നടപ്പാക്കിയ നിയനമം സ്ഥിരപ്പെടുത്തേണ്ടത്‌ രോഗികളുടെ സുരക്ഷയ്‌ക്കൊപ്പം ഓരോ റെസ്‌പിരേറ്ററി കെയര്‍ പ്രാക്‌ടീഷണേഴ്‌സിന്റേയും തൊഴില്‍ സുരക്ഷയുടെ കൂടി പ്രശ്‌നമാണ്‌. ആകയാല്‍ എല്ലാ റെസ്‌പിരേറ്ററി കെയര്‍ പ്രാക്‌ടീഷണേഴ്‌സും സെപ്‌റ്റംബര്‍ ഒമ്പതിലെ മീറ്റിംഗില്‍ പങ്കെടുത്ത്‌ ഐസ്‌- ആര്‍.സിയുടെ ശ്രമങ്ങള്‍ക്ക്‌ പിന്തുണ നല്‍കണമെന്ന്‌ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ പ്രത്യേകം താത്‌പര്യപ്പെടുന്നു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.