You are Here : Home / USA News

ക്‌നാനായ സംഗമം 2014 ന്യൂജേഴ്‌സിയില്‍ അരങ്ങേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 12, 2014 10:53 hrs UTC

സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ `ക്‌നാനായ സംഗമം 2014' എന്നു പേരിട്ട വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ കൂട്ടായ്‌മ ജൂലൈ 18,19,20 തീയതികളില്‍ ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ സോമര്‍സെറ്റ്‌ ബ്രിഡ്‌ജ്‌ വാട്ടറില്‍ നടത്തപ്പെട്ടു. ജൂലൈ 18-ന്‌ ഉച്ചയോടുകൂടി ക്‌നാനായ വിശ്വാസികള്‍ പ്രധാന സംഗമ വേദിയായ മാര്‍ ക്ലീമീസ്‌ നഗറിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ മോട്ടി മാലത്തുശേരില്‍, സജ്ജു കുന്നിരിക്കന്‍, റെജിമോന്‍ പാലംപള്ളത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ `വെല്‍കം പാക്കറ്റ്‌' കൈമാറി.

 

സംഗമവേദിക്കു മുന്നില്‍ വൈകുന്നേരം 6 മണിക്ക്‌ ഡിട്രോയിറ്റ്‌, ചിക്കാഗോ എന്നിവടങ്ങളില്‍ നിന്നുള്ള ക്‌നാനായക്കാരുടെ ചെണ്ടമേളം അരങ്ങേറി. അപ്പോഴേയ്‌ക്കും അവിടം ഒരു ജനസമുദ്രമായി രൂപാന്തരപ്പെട്ടിരുന്നു. സ്വന്തം രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാസവും ആയ ക്‌നാനായ സഹോദരങ്ങള്‍ പരസ്‌പരം കണ്ടുമുട്ടിയപ്പോള്‍ ആനന്ദാതിരേകത്താല്‍ പരസ്‌പരം ആലിംഗനം ചെയ്‌തു. അജയ്‌ വാഴയ്‌ക്കന്‍, സജി കളരിത്തറ, ബാബു പാറയില്‍, ലെജി പട്ടരുമഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടയുടെ താളം ദ്രുതമാകുമ്പോഴേയ്‌ക്കും എന്‍.എ.എം.കെ.സിയുടെ പ്രസിഡന്റ്‌ ഡോ. ജേക്കബ്‌ തോമസ്‌ (ബെന്നി) പുതിയമഠത്തില്‍ പതാക ഉയര്‍ത്തി. അപ്പോള്‍ തോമസ്‌ ചാലുപറമ്പിലിന്റെ നേതൃത്വത്തിലുള്ള നടവിളി അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു. പതാക ഉയര്‍ത്തലിനുശേഷം എല്ലാവരും മുഖ്യവേദിയായ മാര്‍ ക്ലീമീസ്‌ നഗറിലേക്ക്‌ പ്രവേശിച്ചു.

 

 

അതിനുശേഷം ബഹു. സി.എ. തോമസ്‌ ചിറത്തലയ്‌ക്കല്‍ അച്ചന്റേയും, ഡീക്കന്‍ അജീഷ്‌ പഴയാറ്റിലിന്റേയും നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തപ്പെട്ടു. തുടര്‍ന്ന്‌ ക്‌നാനായ സംഗമം 2014-ന്റെ ഉദ്‌ഘാടന സമ്മേളനം നടന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വേദ വായനയ്‌ക്കുശേഷം എന്‍.എ.എം.കെ.സി സെക്രട്ടറി രാജന്‍ പുന്നാറ്റുശേരി ഏവരേയും സംഗമവേദിയിലേക്ക്‌ സ്വാഗതം ചെയ്‌തു. എന്‍.എ.എം.കെ.സി പ്രസിഡന്റ്‌ ഡോ. ജേക്കബ്‌ തോമസ്‌ പുതിയാമഠത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര സുറിയാനി ക്‌നാനായ മുന്‍ സമുദായ സെക്രട്ടറി തമ്പാന്‍ തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം എന്‍.എ.എം.കെ.സി ഭാരവാഹികള്‍, ക്‌നാനായ ലൈറ്റ്‌ ചീഫ്‌ എഡിറ്റര്‍ സണ്ണി കല്ലമ്പറമ്പില്‍, തമ്പാന്‍ തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ചതോടുകൂടി ക്‌നാനായ സംഗമം 2014 ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഉദ്‌ഘാടനത്തിനുശേഷം പരസ്‌പരം പരിചയപ്പെടലിനുശേഷം ടാലന്റോ ഷോ അരങ്ങേറി. അതില്‍ അമ്പതോളം പ്രതിഭകള്‍ അവരുടെ കഴിവ്‌ തെളിയിച്ചു.

 

 

വിനീത്‌ കണ്ണാത്തുമുറിയും, ചിപ്പി വടക്കേമണ്ണിലും മാസ്റ്റര്‍ ഓഫ്‌ സെറിമണിമാരായിരുന്നു. ടാലന്റ്‌ ഷോയുടെ തിരശീല വീഴുമ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. രണ്ടാം ദിവസമായ ജൂലൈ 19-ന്‌ രാവിലെ മുഖ്യവേദിയിലെ പ്രഭാത പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം പുരാതനപ്പാട്ട്‌ മത്സരം നടന്നു. അതിനുശേഷം റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍ വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ `വിശ്വാസാധിഷ്‌ഠിതമായ ആചാരാനുഷ്‌ഠാനങ്ങളെ'പറ്റി സംവാദം നടത്തി. അതിനുശേഷം മുഖ്യവേദിയില്‍ ഉച്ചനമസ്‌കാരം നടന്നു. തുടര്‍ന്ന്‌ എന്‍.എ.എം.കെ.സി ബിസിനസ്‌ മീറ്റിംഗ്‌ നടത്തപ്പെട്ടു. ക്‌നാനായ സമുദായത്തിന്റെ പ്രത്യേകത നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ ഇന്നത്തെ അവസ്ഥയേയും, മുന്നോട്ടുള്ള പോക്കിനെപ്പറ്റിയും, അതിനു ഒരു സമൂഹമായി നമുക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും എന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ റവ. ഡോ. എ.ടി. ഏബ്രഹാം ആലുംമൂട്ടില്‍, റവ.ഫാ. ടി.എ തോമസ്‌ ചിറത്തലയ്‌ക്കല്‍, ഫാ. ചാക്കോ പുന്നൂസ്‌ ഏബ്രഹാം, ഫാ. സി.എം. മര്‍ക്കോസ്‌ ചാലുപറമ്പില്‍, ഫാ. പുന്നൂസ്‌ ഏബ്രഹാം കല്ലമ്പറമ്പില്‍, ഡീക്കന്‍ അജീഷ്‌ ഏബ്രഹാം പഴയാറ്റ്‌, ലെജി പട്ടരുമഠത്തില്‍, ഷാജു കല്ലമ്പറമ്പില്‍, സണ്ണി കല്ലമ്പളില്‍, ജിനോ ജോസഫ്‌ കുന്നത്തുശേരില്‍, ബാലു മാലത്തുശേരില്‍, തമ്പാന്‍ തോമസ്‌, സാബു തോട്ടുങ്കല്‍, രാജന്‍ പുന്നാറ്റുശേരില്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.

 

 

ചര്‍ച്ചകള്‍ക്ക്‌ ഡോ. ജേക്കബ്‌ തോമസ്‌ പുതിയമഠത്തില്‍ മോഡറേറ്ററായിരുന്നു. ഈ ചര്‍ച്ചകളില്‍ ക്‌നാനായ സമുദായത്തിന്റേയും പ്രത്യേകിച്ച്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടേയും ഇന്നത്തെ പോക്കില്‍, അതിനു ഉത്തരവാദികളായ സമുദായ നേതൃത്വത്തോടുള്ള അമര്‍ഷവും പ്രതിക്ഷേധവും ഉയര്‍ന്നു. നോര്‍ത്ത്‌ അമേരിക്കയില്‍ ആദിമ കാലത്ത്‌ ക്‌നാനായ പള്ളികള്‍ സ്ഥാപിച്ചതിനു പിന്നിലെ കഷ്‌ടപ്പാടും ദുരിതവും വിവരിച്ചപ്പോള്‍ റവ.ഡോ. എ.ടി. ഏബ്രഹാം ഗദ്‌ഗദകണ്‌ഠനായി. വന്നുകൂടിയ ജനങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച്‌ എന്‍.എ.എം.കെ.സി പ്രസിഡന്റ്‌ ഒരു പ്രമേയം അവതരിപ്പിക്കുകയും അത്‌ ഏകകണ്‌ഠമായി പാസാക്കുകയും ചെയ്‌തു. ക്‌നാനായ സമുദായത്തിന്റെ ഭരണഘടനയ്‌ക്കും അതിന്റെ ആചാരങ്ങള്‍ക്കും, പാരമ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരേയും അംഗീകരിക്കില്ല എന്നും ക്‌നാനായ സമുദായത്തിന്റെ കേന്ദ്രീകൃത ഉള്‍ഭരണ സ്വാതന്ത്ര്യത്തില്‍ യാതൊരു ബാഹ്യശക്തികളേയും കൈകടത്തുവാന്‍ അനുവദിക്കില്ലെന്നും അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. അതിനുശേഷം വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വൈകുന്നേരം ആറുമണിയോടുകൂടി കേരളീയ വേഷം ധരിച്ച്‌, തനിമയില്‍ ഒരുമയില്‍ പ്രായഭേദമെന്യേ ഏവരും പ്രൊസഷനുവേണ്ടി സമ്മേളന വേദിക്ക്‌ പുറത്ത്‌ അണിനിരന്നു. `ഒന്നാണേ ഒന്നാണേ ക്‌നാനായ സമുദായം ഒന്നാണേ' എന്ന്‌ ഉച്ഛൈസ്ഥരം ഉരുവിട്ട്‌ നടന്നുനീങ്ങിയ ഘോഷയാത്രയ്‌ക്ക്‌ എന്‍.എ.എം.കെ.സി ഭാരവാഹികള്‍ നേതൃത്വം നല്‍കി. മുത്തുക്കുടകള്‍ ഏന്തി, പതാകകള്‍ വഹിച്ച്‌ ചെണ്ടമേളത്തിന്റേയും നടവിളിയുടേയും അകമ്പടിയോടെ നടന്നു നീങ്ങിയ ഘോഷയാത്ര നയനാനന്ദകരമായിരുന്നു. രാജു മാലിക്കറുകയില്‍, രാജു പെരിഞ്ചേരി എന്നിവര്‍ ഘോഷയാത്ര നിയന്ത്രിച്ചു. സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി അരങ്ങേറി. സംഗീതം, നൃത്തം, നര്‍മ്മം നിറഞ്ഞ രൂപകങ്ങള്‍, മാര്‍ഗ്ഗംകളി എന്നിവ സമന്വയിപ്പിച്ച്‌ അവതരിപ്പിച്ച ഓരോ പരിപാടിയും വര്‍ണ്ണാഭവും ഒന്നിനൊന്ന്‌ മെച്ചവുമായിരുന്നു. അപ്പോഴേയ്‌ക്കും ഫാഷന്‍ഷോയ്‌ക്ക്‌ സമയമായി. നാല്‍പ്പതോളം യുവതീയുവാക്കള്‍പങ്കെടുത്ത പുതുമയാര്‍ന്ന ഈ പരിപാടി നമ്മുടെ യുവജനങ്ങള്‍ക്കു അവരെ സ്വയം പരിചയപ്പെടുത്താനും, അവരുടെ കരിയറിനെപ്പറ്റിയും ഇഷ്‌ടാനിഷ്‌ടങ്ങളെപ്പറ്റിയും ചുരുക്കമായി വിവരിക്കുവാന്‍ സാധിച്ചു. രണ്ടാം ദിവസത്തെ പരിപാടികള്‍ രാത്രി ഏറെ വൈകിയാണ്‌ സമാപിച്ചത്‌. യൂത്തിനുവേണ്ടി റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍ `Science Vs Theology' എന്ന വിഷയത്തെ അധികരിച്ച്‌ സെമിനാര്‍ നടത്തി. അതിനുശേഷം `ക്‌നാനായ ലൈറ്റ്‌' മാസികയുടെ പ്രകാശന കര്‍മ്മം ചീഫ്‌ എഡിറ്റര്‍ സണ്ണി ഏബ്രഹാം കല്ലമ്പറമ്പില്‍ നിന്നും കോപ്പി സ്വീകരിച്ച്‌ മലങ്കര സുറിയാനി ക്‌നാനായ കമ്മിറ്റി അംഗം സാബു തോട്ടുങ്കല്‍ നിര്‍വഹിച്ചു. മൂന്നാം ദിവസമായ ജൂലൈ 20-ന്‌ ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയോടുകൂടി വി. കുര്‍ബാന ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയില്‍ ഫാ. സി.എ തോമസ്‌ ചിറത്തലയ്‌ക്കല്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ചാക്കോ പുന്നൂസ്‌ സഹകാര്‍മികനും, ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍, ഡീക്കന്‍ അജീഷ്‌ പഴയാറ്റ്‌ എന്നിവര്‍ സഹായികളും ആയിരുന്നു. വിനീത്‌ കണ്ണോത്തുമുറിയുടെം നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാന ഭക്തിസാന്ദ്രമാക്കി. വി. കുര്‍ബാനയ്‌ക്കുശേഷം ക്‌നാനായ സംഗമം 2014-ന്റെ സമാപന സമ്മേളനം നടന്നു. എന്‍.എ.എം.കെ.സി ട്രഷറര്‍ ജേക്കബ്‌ തോമസ്‌ (ജിജി) ഇടവഴിക്കല്‍ ഏവരേയും സ്വാഗതം ചെയ്‌തു. സമുദായത്തിന്റെ ഐക്യവും അഖണ്‌ഡതയും ആണ്‌ എന്‍.എ.എം.കെ.സിയുടെ ലക്ഷ്യമെന്നും, ആ ലക്ഷ്യത്തിനുവേണ്ടി തുടര്‍ന്നും പോരാടുമെന്നും ട്രഷറര്‍ ഓര്‍മ്മപ്പെടുത്തി. ശേഷം മത്സരവിജയികള്‍ക്ക്‌ റിട്ട. പ്രൊഫ. ബേബി ഏബ്രഹാം പുളിക്കാവില്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബി മാത്യു കുറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളേയും, രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മോട്ടി മാലത്തുശേരില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങളേയും സദസിന്‌ പരിചയപ്പെടുത്തി. എന്‍.എ.എം.കെ.സി സെക്രട്ടറി രാജന്‍ പുന്നാറ്റുശേരി സംഘടനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്‌ത വ്യക്തികളെ നന്ദി അറിയിച്ചു. തുടര്‍ന്ന്‌ എന്‍.എ.എം.കെ.സി വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിനുശേഷം വരുംവര്‍ഷം വീണ്ടുമൊരു ക്‌നാനായ സംഗമത്തിന്‌ കാണാമെന്ന പ്രത്യാശയോടെ പരസ്‌പരം ഉപചാരം ചൊല്ലി കണ്‍വന്‍ഷന്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.