You are Here : Home / USA News

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 07, 2014 09:49 hrs UTC


എഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ അല്‍ഫോന്‍സാ സറോ മലബാര്‍ ഇടവകയുടെ മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇടവക പെരുന്നാള്‍ ആയി ജൂലൈ 25,26,27 തീയതികളില്‍ ആഘോഷിച്ചു. 25 വ്യക്തികള്‍ പ്രസുദേന്തിമാരായി ഏറ്റെടുത്തു നടത്തിയ തിരുനാള്‍ തികച്ചും ഭക്തിസാന്ദ്രവും ആഘോഷപ്രദവുമായിരുന്നു. മൂന്നുദിവസങ്ങളിലും വിശ്വാസികള്‍ തികഞ്ഞ ആദരവോടെയാണ്‌ പങ്കെടുത്തത്‌.

ജൂലൈ 25-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ പെരുന്നാളിനു കൊടിയേറിയതോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോസ്‌ പാലക്കീല്‍ ആണ്‌ പെരുനാളിനു കൊടിയേറ്റ്‌ നടത്തിയത്‌. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും പ്രസുദേന്തിവാഴിക്കലും അതിനുശേഷം നൊവേനയും ലദീഞ്ഞും നടന്നു.

രണ്ടാം ദിവസത്തെ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ റവ.ഫാ. സില്‍വിച്ചന്‍ മാറാട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ഷിമിറ്റ്‌, റവ.ഡോ. ജോണ്‍ കുടിയിരിപ്പില്‍, ഫാ. സാജന്‍ പിന്‍ഡിയന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സാധാരണ കന്യാസ്‌ത്രീയായി ജീവിച്ച്‌ അതികഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോയ അല്‍ഫോന്‍സ എങ്ങനെ വിശുദ്ധ അല്‍ഫോന്‍സാമ്മയായി എന്നതായിരുന്നു ഫാ. സില്‍വിച്ചന്‍ പങ്കുവെച്ച ചിന്താവിഷയം. ദൈവത്തോടുള്ള അഗാധമായ സ്‌നേഹത്തെ പ്രതി, ജീവിതത്തില്‍ കടന്നുവന്ന ദുഖങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചതാണ്‌ അല്‍ഫോന്‍സാമ്മയെ വിശുദ്ധീകരിച്ചതെന്ന്‌ അച്ചന്‍ വിശദമാക്കി. ഈശോ നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി കുരിശില്‍ മരിച്ചു എന്ന ബോധ്യത്തില്‍, ആ സ്‌നേഹത്തെപ്രതി നമ്മളും സന്തോഷത്തോടെ സഹനങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മളും അല്‍ഫോന്‍സാമ്മയെപ്പോലെ വിശുദ്ധിയിലേക്കാണ്‌ നയിക്കപ്പെടുന്നതെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ നൊവേനയും, ലദീഞ്ഞും അതിനെ തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഇടവകയുടെ ചരിത്രത്തിലെ പ്രഥമ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടന്നു. സണ്‍ഡേ സ്‌കൂള്‍ ഒന്നംാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ വിവിധ കലാപരിപാടികള്‍ നടത്തിയത്‌. മീറ്റിംഗിനുശേഷം രംഗപൂജയോടെ ആരംഭിച്ച കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധ ക്ലാസുകളില്‍ നിന്നുള്ള ഗ്രൂപ്പ്‌ ഡാന്‍സ്‌, ഗ്രൂപ്പ്‌ സോംഗ്‌, സ്‌കിറ്റ്‌, ബൈബിള്‍ സ്റ്റോറി പറച്ചില്‍ എന്നിവ വിശ്വാസികളെ ആകര്‍ഷിച്ചു. കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കാറ്റിക്കിസം ആനിവേഴ്‌സറിയുടെ ലക്ഷ്യമെങ്കില്‍, തങ്ങളുടെ സര്‍ഗ്ഗപ്രതിഭകൊണ്ട്‌ വിശ്വാസികളെ വിസ്‌മയിപ്പിക്കുകയാണ്‌ കുട്ടികള്‍ ചെയ്‌തത്‌. മാര്‍ത്തോമാ ക്രിസ്‌ത്യാനികളുടെ പാരമ്പര്യത്തെ വിളിച്ചോതിയുള്ള മാര്‍ഗ്ഗംകളി ഇടവകയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.

തിരുനാളിന്റെ മൂന്നംദിവസത്തെ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഇടവക വികാരി ജോണച്ചനോടൊപ്പം, റവ.ഫാ. ജയിംസ്‌ ചിറ്റേത്തും റവ.ഫാ. പാട്രിക്കും കാര്‍മികരായിരുന്നു. തിരുനാള്‍ സന്ദേശം നല്‍കിയ ജോണച്ചന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദൈവസ്‌നേഹവും സഹനവും ആണ്‌ ചിന്താവിഷയം ആക്കിയത്‌. 36 വര്‍ഷം മാത്രം നീണ്ടുനിന്ന അല്‍ഫോന്‍സാമ്മയുടെ ധന്യജീവിതം വേറിട്ടുനിന്നത്‌ സഹനം ദൈവസ്‌നേഹം ആണെന്നുള്ള തിരിച്ചറിവിലൂടെയാണ്‌ എന്ന ഓര്‍മ്മപുതുക്കലായിരുന്നു വചന ശുശ്രൂഷ.

തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, നൊവേനയും ലദീഞ്ഞും ആഘോഷമായ പ്രദക്ഷിണവും നടന്നു. പരിശുദ്ധ അമ്മയുടേയും വിശുദ്ധ സെബസ്‌ത്യാനോസിന്റേയും വി. തോമാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും രൂപങ്ങള്‍ തോളിലേറ്റിയുള്ള പ്രദക്ഷിണത്തില്‍ അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. വിവിധതരത്തിലുള്ള കൊടികളുടേയും, മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആയിരുന്നു പ്രദക്ഷിണം. ആഘോഷമായ പ്രദക്ഷിണത്തെ തുടര്‍ന്ന്‌ രൂപംമുത്തലിനുള്ള അവസരവുമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന്‌ പാച്ചോര്‍ നേര്‍ച്ച വിതരണവും അതിനുശേഷം വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പില്‍ പെരുന്നാള്‍ കൊടി ഇറക്കി. തുടര്‍ന്ന്‌ ഇടവക ക്വയറിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

ഇടവക തിരുനാളിന്റെ മൂന്നുദിവസങ്ങളിലും വിശുദ്ധ കുമ്പസാരത്തിനും അടിമവെയ്‌ക്കല്‍, മുടി, കഴുന്ന്‌ എടുക്കല്‍ എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം സ്റ്റാളും ലഘുഭക്ഷണശാലയും ഒരുക്കിയിരുന്നു.

ഇടവക വികാരി ഫാ. ജോണ്‍ കുടിയിരുപ്പിലിന്റെ നേതൃത്വത്തില്‍ ഇടവക കമ്മിറ്റിക്കൊപ്പം വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചായിരുന്നു തിരുനാള്‍ ഏകോപിപ്പിച്ചത്‌. ഡെക്കറേഷന്‍ കമ്മിറ്റി, സ്റ്റാള്‍ കമ്മിറ്റി, ഫുഡ്‌ കമ്മിറ്റി, സ്വാഗതസംഘം കമ്മിറ്റി, ആള്‍ട്ടര്‍ സര്‍വീസ്‌ കമ്മിറ്റി എന്നിവയായിരുന്നു വിവിധ കമ്മിറ്റികള്‍. എല്ലാറ്റിനും ഉപരി ഇടവകയിലെ ഓരോ വ്യക്തിയുടേയും സഹായ സഹകരണങ്ങളും തിരുനാളിനു ലഭ്യമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.