You are Here : Home / USA News

ബാള്‍ട്ടിമൂറില്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയ കൂദാശാ കര്‍മ്മവും ആശീര്‍വാദവും

Text Size  

Story Dated: Monday, August 04, 2014 08:23 hrs UTCബാള്‍ട്ടിമൂര്‍: പത്തുവര്‍ഷമായി സ്വന്തമായി ഒരു ദേവാലയം സ്വപ്‌നം കണ്ടുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമിരുന്ന ബാള്‍ട്ടിമൂറിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ ജൂലൈ 26 ശനിയാഴ്‌ച കോരിത്തരിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും ആശീര്‍വാദവും.

പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന ഷിക്കാഗോ സീറോ മലബാര്‍ സഭയുടെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനേയും, ബാള്‍ട്ടിമൂര്‍ ആര്‍ച്ച്‌ ഡയോസിസ്‌ ആക്‌സിലറി ബിഷപ്‌ മോസ്റ്റ്‌ റവ. ഡെന്നീസ്‌ മാഡനേയും മുത്തുക്കുടകളും, താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയ വികാരി റവ.ഫാ.ജെയിംസ്  നിരപ്പേലിന്റേയും അഞ്ഞൂറില്‍പ്പരം ഭക്തജനങ്ങളുടേയും അകമ്പടിയോടെയാണ്‌ സ്വീകരിച്ചത്‌. പതിനെട്ടില്‍പ്പരം വന്ദ്യ വൈദീകരും ഒരുമിച്ച്‌ നീങ്ങിയ ഘോഷയാത്ര ദേവാലത്തിനു മുമ്പിലുള്ള വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടിനു മുന്നില്‍ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അരങ്ങോടെ ദേവാലയത്തിനു മുന്നിലുള്ള കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ എത്തുകയും ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നാടമുറിച്ച്‌ ദേവാലയത്തിനുള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്‌തു.

ഭക്തജനങ്ങളുടെ കണ്ണുകളില്‍ സന്തോഷത്തിന്റേയും കൃതജ്ഞതയുടേയും അശ്രുക്കള്‍ പൊഴിഞ്ഞു. പത്തുവര്‍ഷത്തിലേറെ ബാള്‍ട്ടിമൂര്‍ ജനത സ്വപ്‌നം കണ്ടുകൊണ്ടിരുന്ന ഒരു മഹാ സംഭവമാണ്‌ അവര്‍ക്ക്‌ സ്വന്തം കണ്ണുകള്‍ കൊണ്ട്‌ കാണാനിടയായത്‌. ഈ അവിസ്‌മരണീയ ദിനത്തില്‍ അവര്‍ ഹൃദയം നിറയെ സന്തോഷം കൊണ്ടും ഭക്തികൊണ്ടും ഈ കൂദാശാ കര്‍മ്മത്തിന്‌ സാക്ഷിയായി.

കൂദാശാകര്‍മം തുടങ്ങുന്നതിനു മുമ്പായി റവ.ഫാ.ജെയിംസ് നിരപ്പേല്‍ ബഹുമാനപ്പെട്ട പിതാക്കന്മാര്‍ക്കും, വൈദീകര്‍ക്കും സ്വാഗതം ആശംസിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റികളോടും വ്യക്തികളോടും നന്ദി പറഞ്ഞു. അതിനുശേഷം ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയോടും ഗായക സംഘത്തിന്റെ ഇമ്പമേറിയ ഗാനാലാപനത്താലും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ വെഞ്ചരിപ്പ്‌ കര്‍മ്മം നടന്നുകൊണ്ടിരിക്കെ റവ.ഫാ. ബിനോയി അക്കാലയില്‍ വെഞ്ചരിപ്പിന്റെ ഓരോ ഘട്ടങ്ങളും അതിന്റെ അര്‍ത്ഥവും വിശദീകരിച്ചുകൊണ്ടിരുന്നു.

ദേവാലയ വെഞ്ചരിപ്പിനും ആശീര്‍വാദത്തിനുംശേഷം ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍, ചാന്‍സിലര്‍ റവ.ഫാ സെബാസ്റ്റ്യന്‍ വേത്താനത്ത്‌, റവ.ഫാ. ബിനോയി അക്കാലയില്‍, റവ.ഫാ. മാത്യു പുഞ്ചയില്‍ എന്നിവരുടെ കാര്‍മികത്വത്തിലും ബാള്‍ട്ടിമൂര്‍ ആര്‍ച്ച്‌ ഡയോസിസ്‌ ആക്‌സിലറി ബിഷപ്പ്‌ മോസ്റ്റ്‌ റവ. ഡെന്നീസ്‌ മാഡന്‍ ഉള്‍പ്പടെ പതിനാറ്‌ വൈദീകരുടെ സഹകാര്‍മികത്വത്തിലും ദിവ്യബലിയര്‍പ്പിച്ചു.

ബാള്‍ട്ടിമൂര്‍ ആര്‍ച്ച്‌ ഡയോസിസ്‌ ആക്‌സിലറി ബിഷപ്പ്‌ മോസ്റ്റ്‌ റവ. ഡെന്നീസ്‌ മാഡന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വകാല സുഹൃത്തും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായിരുന്ന കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

പള്ളി വെഞ്ചരിപ്പിനും വിശുദ്ധ കുര്‍ബാനയ്‌ക്കുംശേഷം ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സന്ദേശം നല്‍കി. ഒരു പഴയ പള്ളി വാങ്ങി പുതുക്കിപ്പണിത്‌ ഇത്രയും നല്ല ഒരു ദേവാലയമാക്കിത്തീര്‍ത്തതിന്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റിക്കാരേയും ട്രസ്റ്റിമാരേയും സാമ്പത്തിക സഹായം നല്‍കിയവരേയും, പ്രത്യേകമായി ഇതിനെല്ലാം നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ.ജെയിംസ് നിരപ്പേലിനേയും പ്രശംസിക്കുകയും രൂപതയുടെ പേരില്‍ നന്ദി പറയുകയും ചെയ്‌തു. പള്ളിയുടെ വെഞ്ചരിപ്പു സമയത്തും അതിനുശേഷവുമുള്ള ദിവ്യബലിയിലും പങ്കെടുത്തപ്പോള്‍ ഒരു പ്രത്യേക ദൈവാനുഭൂതി അനുഭവപ്പെട്ടതായി തിരുമേനി തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഒരു ദേവലായം കൂദാശ ചെയ്യപ്പെടുന്നതോടെ ദേവാലയത്തിലെ സകല വസ്‌തുക്കളും വിശ്വാസികളും വിശുദ്ധീകരിക്കപ്പെട്ട്‌ ദൈവത്തിനായി മാറ്റിവെയ്‌ക്കപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ തന്റെ സന്ദേശത്തില്‍ മാര്‍ അങ്ങാടിയത്ത്‌ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ പോപ്പ്‌ ഫ്രാന്‍സീസിന്റെ സന്ദശം വായിച്ചു. ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ ഫൊറോനാ പള്ളി വികാരി റവ. ജോണിക്കുട്ടി പുലിശേരി, അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യോ മോസ്റ്റ്‌ റവ. ആര്‍ച്ച്‌ ബിഷപ്പ്‌ കാര്‍ലോ മരിയ വിഗ്‌മോയുടെ സന്ദേശവും, ട്രസ്റ്റി ഏബ്രഹാം പുളിക്കല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സന്ദേശവും, ട്രസ്റ്റി ബിബി തോമസ്‌ ബാള്‍ട്ടിമുര്‍ ആര്‍ച്ച്‌ ഡയോസിസ്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ. വില്യം ലോറിയുടേയും സന്ദേശങ്ങള്‍ വായിച്ചു.

അതിനുശേഷം ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ ഓഫ്‌ ബാള്‍ട്ടിമൂറിനെ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയായും, മിഷന്‍ ഡയറക്‌ടര്‍ ഫാ.ജയിംസ്‌ നിരപ്പേലിനെ ഇടവകയുടെ വികാരിയായും പ്രഖ്യാപിച്ചു.

സീറോ മലബാര്‍ മിഷന്റെ 2004 മുതല്‍ 2014 വരെ സേവനം അനുഷ്‌ഠിച്ച എല്ലാ ട്രസ്റ്റിമാരേയും പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയ ജോവി വള്ളമറ്റത്തിനേയും ഭാര്യ അനു വള്ളമറ്റത്തിനേയും, ആദ്യമായി പള്ളിയുടെ നിര്‍മ്മാണത്തിനായി 500 ഡോളര്‍ നല്‍കിയ ഇടവകയിലെ ഏറ്റവും പ്രായംകൂടിയ എല്ലാവരും `അപ്പനെ'ന്നു വിളിക്കുന്ന കുഞ്ഞുവറീത്‌ പറനിലത്തിനും, പള്ളിയുടെ അള്‍ത്താര അതിമനോഹരമായി പെയിന്റ്‌ ചെയ്‌ത ജിന്റോ ജേക്കബിനും (Jinto Jacob), പള്ളിയുടെ സൗണ്ട്‌ സിസ്റ്റം-ഓഡിയോ, ക്യാമറ എന്നിവയുടെ നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബാബു ജോര്‍ജിനേയും പ്ലാക്കുകള്‍ നല്‍കി ആദരിച്ചു.

സീറോ മലബാര്‍ മിഷന്‍ സ്ഥാപിതമായിട്ട്‌ പത്തുവര്‍ഷം തികയുന്നതിന്റേയും പള്ളിയുടെ കൂദാശാകര്‍മ്മത്തിന്റേയും ഓര്‍മയ്‌ക്കായി തയാറാക്കിയ സുവനീറിന്റെ പ്രകാശനം സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ്‌ ഞരളക്കാട്ടും ബഹു. ജയിംസ്‌ നിരപ്പേല്‍ അച്ചനും കൂടി ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനു നല്‍കി നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്‌ പടിയാനിക്കലിന്റെ നന്ദി പ്രകാശത്തോടും സ്‌നേഹവിരുന്നോടുംകൂടി ആഘോഷങ്ങള്‍ പര്യവസാനിച്ചു.

ചടങ്ങുകള്‍ക്ക്‌ വളരെ ഭംഗിയായി നേതൃത്വം നല്‍കിയത്‌ ഡയറക്‌ടര്‍ ഓഫ്‌ റിലീജിയസ്‌ എഡ്യൂക്കേഷന്‍ പാസ്റ്ററല്‍ ആന്‍ഡ്‌ കൗണ്‍സില്‍ മെമ്പര്‍ ടിസന്‍ തോമസാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.