You are Here : Home / USA News

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസ്‌ത്രവിതരണം വന്‍വിജയം

Text Size  

Story Dated: Monday, August 04, 2014 08:19 hrs UTC


    

ന്യൂയോര്‍ക്ക്‌: പോര്‍ട്ട്‌ ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗങ്ങള്‍ സമാഹരിച്ച വസ്‌ത്രങ്ങളുടെ വിതരണം ജൂലൈ 27ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തിയൊഡോഷ്യസ്‌ തിരുമേനി നിര്‍വഹിച്ചു.

കേരളത്തില്‍ നിന്നും കുടിയേറ്റക്കാരായി ഈ പ്രദേശത്ത്‌ കടന്നുവന്ന്‌, ഈ നാടിന്റെ നന്മയും ഗുണവും അനുഭവിക്കുന്ന പ്രവാസികളായ നമുക്ക്‌, നമ്മുടെ ചുറ്റുപാടിനോടും, സമൂഹത്തോടുമുള്ള കടപ്പാട്‌ പ്രകടിപ്പിക്കുവാനും, ഭാഷസംസ്‌കാരജാതി വ്യത്യാസമില്ലാതെ അന്യോന്യം സ്‌നേഹിക്കുവാനും, കരുതുവാനും ലഭിച്ചിരിക്കുന്ന നന്മകളെ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുമായി പങ്കുവയ്‌ക്കുക എന്ന ആശയത്തില്‍ രൂപം കൊണ്ട 'നെയ്‌ബര്‍ ഹുഡ്‌ മിനിസ്‌ട്രി'യുടെ ഭാഗമായിട്ടാണ്‌ ഈ വസ്‌ത്രവിതരണം സംഘടിപ്പിച്ചത്‌.

ജൂലൈ 27 ഞായറാഴ്‌ച ഉച്ചക്ക്‌ 1:30 മുതല്‍ 5:30 വരെയുള്ള സമയത്ത്‌ സംഘടിപ്പിച്ച ഈ സംരംഭത്തിലേക്ക്‌ കടന്നുവന്ന വ്യക്തികളോടും, കുടുംബാംഗങ്ങളോടും അഭിവന്ദ്യതിരുമേനി മാര്‍ത്തോമാ സഭയെപ്പറ്റി ചുരുക്കമായി സംസാരിക്കുകയും, എബനേസര്‍ ഇടവക പോര്‍ട്ട്‌ ചെസ്റ്ററിലെ കമ്മ്യൂണിറ്റിയില്‍ ചെയ്യുന്ന പലവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്‌തു. മാര്‍ത്തോമാ സഭയിലെ ആരാധനാലയങ്ങളിലൊന്നായ എബനേസര്‍ ചര്‍ച്ചിലേക്ക്‌ കടന്നുവന്നവരെ സ്വാഗതം ചെയ്യുകയും താല്‌പര്യമുള്ളവര്‍ക്ക്‌ ആരാധനയില്‍ സംബന്ധിക്കാവുന്നതുമാണെന്ന്‌ തിരുമേനി അറിയിച്ചു. സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും, അവിടെ ഇല്ലായ്‌മ അനുഭവിക്കുന്നവരോടൊപ്പം നമുക്കു ലഭിച്ചിരിക്കുന്ന നന്മകളെ പങ്കുവയ്‌ക്കുന്നതാണ്‌ യഥാര്‍ത്ഥ മിഷന്‍ പ്രവര്‍ത്തനം എന്നും തിരുമേനി ഇടവക ജനങ്ങളെ ഓര്‍മിപ്പിച്ചു.

പോര്‍ട്ട്‌ ചെസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വസ്‌ത്രത്തിനുവേണ്ടി കടന്നുവന്നവര്‍ക്ക്‌ തിരുമേനി വസ്‌ത്രദാനം നിര്‍വഹിക്കുകയും, എബനേസര്‍ ഇടവക ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും, ഇതിനായി പ്രവര്‍ത്തിച്ചവരെയും അനുമോദിക്കുകയും ചെയ്‌തു.

ഇടവക ജനങ്ങള്‍ സമാഹരിച്ച വസ്‌ത്രങ്ങള്‍, ഷൂകള്‍, കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, പെര്‍ഫ്യൂംസ്‌, മറ്റ്‌ കോസ്‌മെറ്റിക്‌ സാധനങ്ങള്‍ എന്നിവ കടന്നുവന്നവര്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും, ഈ സംരംഭത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടവകയിലെ വോളന്റിയേഴ്‌സ്‌ പോര്‍ട്ട്‌ ചെസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുകയും, വെസ്റ്റ്‌ ചെസ്റ്ററിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ മുഖേന പ്രത്യേക അറിയിപ്പു നടത്തുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ വര്‍ഷം ക്രിസ്‌മസിന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിനോട്‌ ചേര്‍ന്ന്‌ ഭക്ഷണ വിതരണം നടത്തിയതിനു ശേഷം ആദ്യമായാണ്‌ ഇടവക തനിയെ ഇത്രവലിയ വസ്‌ത്രവിതരണം സംഘടിപ്പിക്കുന്നത്‌. ഈ വര്‍ഷം തണുപ്പു സീസണോടനുബന്ധിച്ച്‌ കോട്ട്‌ വിതരണവും, താങ്ക്‌സ്‌ ഗിവിങ്ങിനോടു ചേര്‍ന്ന്‌ സൂപ്പ്‌ കിച്ചണും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ നെയ്‌ബര്‍ഹുഡ്‌ മിനിസ്‌ട്രിയോട്‌ സഹകരിച്ച എല്ലാവരോടും പ്രത്യേകിച്ച്‌ ഈ സംരംഭത്തിന്‌ നേതൃത്വം കൊടുത്ത വികാരി റവ. ഏബ്രഹാം ഉമ്മന്‍ അച്ചനോടും, ഇടവ സെക്രട്ടറി ഏബ്രഹാം ജേക്കബിനോടുമുള്ള ഇടവകയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ ഈ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഭദ്രാസന തിരുമേനിയെ കൂടാതെ ഭദ്രാസന കൗണ്‍സില്‍ അംഗം മി. ശാമുവേല്‍, കെ. ശാമുവേല്‍, മി. തോമസ്‌ ഉമ്മന്‍ (സജി) എന്നിവരും സംബന്ധിച്ചു. ഇടവകയ്‌ക്കുവേണ്ടി ഭദ്രാസന മെംബറും, ഇടവ വൈസ്‌ പ്രസിഡന്റുമായ സി.എസ്‌ ചാക്കോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.