You are Here : Home / USA News

ന്യൂഹൈഡ്‌ പാര്‍ക്ക്‌ നോട്ടര്‍ഡാം പള്ളിയില്‍ തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 17, 2014 11:49 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ക്യൂന്‍സ്‌ ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള നോട്ടര്‍ഡാം പള്ളിയില്‍ ഭാരത അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷപൂര്‍വ്വം നടത്തി. ക്യൂന്‍സിലും മറ്റ്‌ പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളും ചേര്‍ന്നാണ്‌ ഈ തിരുനാള്‍ ഏറ്റുനടത്തിയതെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. ജൂലൈ മൂന്നാം തീയതി വൈകിട്ട്‌ ഏഴുമണിക്ക്‌ പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ടില്‍ എല്ലാവരും ഒരുമിച്ചുകൂടി.

 

അവിടെ തോമാശ്ശീഹായുടെ രൂപം വെഞ്ചരിച്ചു. തുടര്‍ന്ന്‌ ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പള്ളിയിലേക്ക്‌ പ്രദക്ഷിണം നടത്തി. ന്യൂയോര്‍ക്കിലെ സി.എം.ഐ സഭയുടെ കോര്‍ഡിനേറ്റര്‍ റവ.ഫാ. ഡേവി കാവുങ്കലിന്റെ നേതൃത്വത്തില്‍ 15 വൈദീകരുടെ സമൂഹബലി നടന്നു. കുര്‍ബാനയുടെ ആരംഭത്തില്‍ ഫാ. ജോസ്‌ മാപ്പിളവാട്ടേല്‍ തിരുനാളിനെപ്പറ്റി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ നോട്ടര്‍ഡാം പള്ളിയുടെ പാസ്റ്റര്‍ ഫാ. വില്യം സ്ലേറ്റര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. ബിജു നാറാണത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി. കുര്‍ബാനയ്‌ക്ക്‌ ലിന്‍ഡ, ക്രിസ്റ്റി, ജീനാ, ജസ്റ്റിന്‍, ഷേര്‍ലി, ഷൈനി എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ്‌ ഒരു ഇംഗ്ലീഷ്‌ പള്ളിയില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

 

പള്ളി വികാരി ഫാ. സ്ലേറ്റര്‍, അസി. വികാരി ഫാ. സ്റ്റീവ്‌ എന്നിവര്‍ എല്ലാവിധ പിന്തുണയും നല്‌കി. കുര്‍ബാനയ്‌ക്കുശേഷം നേര്‍ച്ച-കാഴ്‌ച അര്‍പ്പിക്കല്‍, അപ്പം മുറിക്കല്‍ എന്നീ തിരുകര്‍മ്മങ്ങള്‍ നടന്നു. നോട്ടര്‍ഡാം പള്ളി അംഗമായ ജോസഫ്‌ തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ആന്റണി മാത്യു, മാത്യു സിറിയക്‌, ഷൈനി മാത്യു, ജെസി അഗസ്റ്റിന്‍, വെറോനി, ചിന്നമ്മ, ജോസ്‌ വട്ടത്തിക്കുന്നേല്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കി. കുര്‍ബാനയ്‌ക്കുശേഷം സ്‌കൂള്‍ ഹാളില്‍ എല്ലാവര്‍ക്കും സ്‌നേഹവിരുന്ന്‌ ഒരുക്കിയിരുന്നു. അമേരിക്കക്കാരുള്‍പ്പടെ മുന്നൂറോളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സ്വദേശീയര്‍ക്ക്‌ ചെണ്ടമേളവും, മുത്തുക്കുടകളും പുതിയ അനുഭവമായിരുന്നു. തിരുനാള്‍ ഭംഗിയായി നടത്തുവാന്‍ സഹായിച്ച എല്ലാവര്‍ക്കും കുര്‍ബാന മധ്യേ ജോസഫ്‌ തോമസ്‌ നന്ദി പറഞ്ഞു. തിരുനാള്‍ ഏറ്റവും ഭംഗിയായി നടത്തിയതിന്റെ വെളിച്ചത്തില്‍ അടുത്തവര്‍ഷം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ തിരുനാള്‍ കൂടുതല്‍ ആഘോഷമായി നടത്തുവാനുള്ള ഉത്സാഹത്തിലാണ്‌ ലോംഗ്‌ഐലന്റ്‌ മലയാളികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.