You are Here : Home / USA News

മലങ്കര കത്തോലിക്കാ ബിഷപ്പ്‌ മാര്‍ തോമസ്‌ യൗസേബിയോസിന്‌ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 07, 2014 10:30 hrs UTC

ഷിക്കാഗോ: ജൂലൈ മൂന്നിന്‌ സീറോ മലങ്കര കത്തോലിക്കാ സഭയുടെ അഭിവന്ദ്യ പിതാവ്‌ മാര്‍ തോമസ്‌ യൗസേബിയോസിന്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വന്‍ സ്വീകരണവും വരവേല്‍പും നല്‍കി. 6.30-ന്‌ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന പിതാവിനെ താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ചുവന്ന പരവതാനിയിലൂടെ കത്തീഡ്രലിലേക്ക്‌ ആനയിച്ചു. കുട്ടികളും, സ്‌ത്രീകളും വിശുദ്ധ തോമാശ്ശീഹായുടെ വസ്‌ത്രത്തെ അനുകരിച്ച്‌ ചുവപ്പും മഞ്ഞയും നിറഞ്ഞ വേഷങ്ങള്‍ ധരിച്ച്‌ രണ്ടു വശങ്ങളിലായി അണിനിരന്നു. ട്രസ്റ്റി സിറിയക്‌ തട്ടാരേട്ട്‌ ബൊക്കെ നല്‍കിയും, വികാരി ജോയി അച്ചന്‍ തിരി നല്‍കിയും പിതാവിനെ വരവേറ്റു. മലങ്കര റീത്തില്‍ അനേകം വൈദീകരോട്‌ ചേര്‍ന്ന്‌ അദ്ദേഹം ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. മലങ്കര റീത്തിലും സീറോ മലബാര്‍ റീത്തിലും പെട്ട ധാരാളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. ഗാനശുശ്രൂഷയ്‌ക്ക്‌ ഷിക്കാഗോ മലങ്കര ക്വയര്‍ നേതൃത്വം നല്‍കി. തന്റെ തിരുനാള്‍ സന്ദേശത്തില്‍ വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും ഐക്യമാണ്‌ സഭയുടെ കൂട്ടായ്‌മ എന്ന്‌ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഈ തിരുനാള്‍ ആഘോഷങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ വിശ്വാസത്തിന്റെ ഒരു മാതൃക ആകട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. കേരളത്തിലെ എല്ലാ ക്രൈസ്‌തവ സഭകളുടേയും മധ്യസ്ഥനായ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്ന ഇതേ ദിവസം തന്നെ അഭിവന്ദ്യ പിതാവ്‌ ഷിക്കാഗോ കത്തീഡ്രല്‍ സന്ദര്‍ശിക്കാനും ദിവ്യബലിയര്‍പ്പിക്കാനും തയാറായതില്‍ ജോയി അച്ചന്‍ വളരെ ആഹ്ലാദവും നന്ദിയും പ്രകടിപ്പിച്ചു. നോര്‍ത്ത്‌ അമേരിക്കയിലെ സീറോ മലങ്കര സഭയുടെ പരമാധികാരിയും, യൂറോപ്പ്‌-കാനഡ എന്നീ രാജ്യങ്ങളിലെ അപ്പസ്‌തോലിക്‌ വിസിറ്റര്‍ ആയും ഉത്തരവാദിത്വം വഹിക്കുന്ന അഭിവന്ദ്യ പിതാവ്‌ ആദ്യമായാണ്‌ ചിക്കാഗോ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നത്‌. റോയ്‌ വരകില്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.