You are Here : Home / USA News

തെരഞ്ഞെടുപ്പ്‌ അവലോകനം ഷിക്കാഗോയില്‍; തോമസ്‌ ചാണ്ടി എം.എല്‍.എ പങ്കെടുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 07:30 hrs UTC

ഷിക്കാഗോ: കഴിഞ്ഞ രണ്ടു മാസങ്ങളായി തെരഞ്ഞെടുപ്പ്‌ ചൂടില്‍ കത്തിജ്വലിക്കുന്ന കേരളം മെയ്‌ 16-ന്‌ പെട്ടി തുറന്ന്‌ വോട്ടെണ്ണുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ എന്നറിയുവാന്‍ ജനം ആകാംക്ഷയോടെ കാത്തിരിക്കുന്നു. കേരളത്തിലെ ഓരോ രാഷ്‌ട്രീയ ചലനങ്ങളും ഹൃദയമിടിപ്പോടെ സുസൂക്ഷ്‌മം വീക്ഷിക്കുന്ന അമേരിക്കന്‍ മലയാളികളും തെരഞ്ഞെടുപ്പ്‌ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലെ ഏതൊക്കെ പാര്‍ലമെന്റ്‌ സീറ്റുകളില്‍ ആരൊക്കെ വിജയിക്കും, ഇന്ത്യയുടെ ഭരണചക്രം മോഡിയുടേയോ, രാഹുലിന്റേയോ, അതല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈയ്യിലായോ എന്നൊക്കെ പ്രവചിക്കുവാനും, തെരഞ്ഞെടുപ്പ്‌ അവലോകനം നടത്തുവാനും ഷിക്കാഗോയിലെ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കള്‍ക്ക്‌ സുവര്‍ണ്ണാവസരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഷിക്കാഗോയിലെ സാംസ്‌കാരിക-രാഷ്‌ട്രീയ സംഘടനകള്‍ ഒരുക്കുകയാണ്‌.

 

മെയ്‌ 11-ന്‌ ഞായറാഴ്‌ച 5 മണിക്ക്‌ ഷിക്കാഗോയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ സംവാദത്തില്‍ മുഖ്യ അതിഥിയായി എത്തിച്ചേരുന്നത്‌ വിദേശ മലയാളകളുടെ എം.എല്‍.എയും പ്രമുഖ ബിസിനസുകാരനുമായ തോമസ്‌ ചാണ്ടി എം.എല്‍.എയുമാണ്‌. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ മൂന്നു ഘട്ടങ്ങളായി പ്രതിനിധീകരിച്ച്‌, കര്‍ഷകരുടേയും വിദേശ മലയാളികളുടേയും ശബ്‌ദം നിയമസഭയില്‍ ശക്തമായി ഉയര്‍ത്തിയ തോമസ്‌ ചാണ്ടി എം.എല്‍.എയ്‌ക്ക്‌ ഷിക്കാഗോ മലയാളികളുടെ ഊഷ്‌മളമായ സ്വീകരണവും തദവസരത്തില്‍ നല്‍കുവാന്‍ തീരുമാനിച്ചതായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം അറിയിച്ചു. ഷിക്കാഗോയിലെ വിവിധ സംഘടനാ നേതാക്കളായ ജെയ്‌ബു കുളങ്ങര, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, ജോയിച്ചന്‍ പുതുക്കുളം, പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, ജോയ്‌ ചെമ്മാച്ചേല്‍, തോമസ്‌ മാത്യു, പോള്‍ പറമ്പി, ബിജി ഇടയാട്ട്‌, സാബു നടുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ ഫോമാ, ഫൊക്കാനാ, ഷിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍, ഐ.പി.സി.എന്‍.എ ഷിക്കാഗോ ചാപ്‌റ്റര്‍, ഐ.എന്‍.ഒ.സി, ഇടതുപക്ഷ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ സണ്ണി വള്ളിക്കളം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.