You are Here : Home / USA News

നിത്യജീവിതത്തിലേക്ക്‌ ഒരുക്കമുള്ളവരാകുക: ഡീക്കന്‍ അജീഷ്‌ ഏബ്രഹാം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 14, 2014 10:28 hrs UTC

ന്യൂയോര്‍ക്ക്‌: നശ്വരമായ ലോകജീവിതത്തില്‍ ദാനമായി ലഭിക്കുന്ന എണ്ണപ്പെട്ട നാളുകള്‍ ദൈവാശ്രയത്തില്‍ ജീവിച്ച്‌ നന്മകളുടെ വിളഭൂമിയായി നമ്മെതന്നെ രൂപാന്തരപ്പെടുത്തിക്കൊണ്ട്‌ ഒരുക്കമുള്ളവരായി നിത്യജീവിത്തിലേക്ക്‌ പ്രവേശിക്കുവാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണമെന്ന്‌ റവ. ഡീക്കന്‍ അജീഷ്‌ ഏബ്രഹാം ഉത്‌ബോദിപ്പിച്ചു. സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ അഞ്ചാം തീയതി ശനിയാഴ്‌ച നടത്തപ്പെട്ട വാര്‍ഷിക ധ്യാന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കന്‍ ക്‌നാനായ ആര്‍ച്ച്‌ ഡയോസിസിലെ യുവ ശെമ്മാശനായ ഡീക്കന്‍ അജീഷ്‌. ദൈവരൂപത്തില്‍ സൃഷ്‌ടിക്കപ്പെട്ടവരായ മനുഷ്യര്‍ മൂന്നു ലോകാവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

 

 

മാതൃഗര്‍ഭത്തില്‍ ദൈവപരിപാലനത്തില്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്ന കുഞ്ഞുങ്ങള്‍ കര്‍തൃകല്‍പ്പന പ്രകാരം ഭൗതീക ലോകത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ മുതല്‍ കഷ്‌ടനഷ്‌ടങ്ങളുടെ പരമ്പരയിലൂടെ കടന്നുപോകുന്നു. അസംഖ്യങ്ങളായ നമ്മുടെ ചെറുതും വലുതുമായ പാപങ്ങള്‍ ദൈവത്തിരുമുമ്പാകെ ഏറ്റുപറഞ്ഞ്‌ സ്വയം ശുദ്ധീകരിക്കാന്‍ കഴിയുമ്പോള്‍ ദൈവാനുഗ്രഹങ്ങള്‍ക്കായുള്ള വാതിലുകള്‍ നമുക്കായി തുറക്കപ്പെടും. വിശുദ്ധ സഭയുടെ വലിയ നോമ്പാചരണവും വിശുദ്ധ കുമ്പസാരവും പാപക്ഷമയ്‌ക്കും ആത്മരൂപാന്തരത്തിനുമുള്ള മുഖാന്തിരങ്ങളായി തീരട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. വിവിധ ക്രൈസ്‌തവ ദേവാലയങ്ങളില്‍ നിന്നായി നിരവധി പേര്‍ വചനശുശ്രൂഷയിലും സന്ധ്യനമസ്‌കാരത്തിലും പങ്കുചേര്‍ന്നു. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, സഹവികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കി. യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുമായി നടത്തപ്പെട്ട റിട്രീറ്റിന്‌ റവ ഡീക്കന്‍ അജീഷ്‌ മാത്യു നേതൃത്വം നല്‍കി.

 

 

നോമ്പാചരണത്തിന്റെ പ്രാധാന്യവും നോമ്പില്‍ വര്‍ജ്ജിക്കേണ്ടവയും, നോമ്പുകാല എവന്‍ഗേലിയന്‍ വായനയില്‍ നാം കാണുന്ന യേശുക്രിസ്‌തുവിന്റെ അത്ഭുതങ്ങളേയും ആസ്‌പദമാക്കി സാങ്കേതികവിദ്യയുടെ സഹകരണത്തോടെ നടത്തിയ പ്രഭാഷണം ഏറെ ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ആര്‍ച്ച്‌ ഡയോസിലെ യുവ ശെമ്മാശനായ ഡീക്കന്‍ അജീഷ്‌ മാത്യു മികച്ച യുവജന സംഘാടകനും ആദ്ധ്യാത്മിക മേഖലയിലെ പ്രതീക്ഷ നല്‍കുന്ന വാഗ്‌ദാനവുമാണ്‌. വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയാംഗവുമാണ്‌ അദ്ദേഹം. ഇടവക യൂത്ത്‌ ഭാരവാഹികളായ ശ്രേയ സന്തോഷ്‌, കെസിയ ജോസഫ്‌, സ്‌നേഹ സാജന്‍, സെന്റ്‌ ജോണ്‍സ്‌ പ്രാര്‍ത്ഥനായോഗം സെക്രട്ടറി ഗീവര്‍ഗീസ്‌ തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.