You are Here : Home / USA News

ചൈതന്യമുള്‍ക്കൊണ്ട് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനയോഗം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, March 25, 2014 03:11 hrs UTC

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീകധ്യാനയോഗം 2014 മാര്‍ച്ച് 13 മുതല്‍ 15 വരെ താമ്പ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.

വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ച് തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ ധ്യാനയോഗത്തില്‍, കാനഡയിലേയും, അമേരിക്കയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി, ബ: കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍, വൈദീകര്‍, ശെമ്മാശ്ശന്മാര്‍ എന്നിങ്ങനെയായി അമ്പതില്‍പരം പേര്‍ സംബന്ധിച്ചു. ഈ ത്രിദിന ധ്യാന യോഗത്തില്‍, സംബന്ധിച്ച ഏവര്‍ക്കും, ദൈവിക കൃപയാല്‍ നിറയപ്പെട്ട ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഇതൊരവസരമായി മാറി.

വൈദീക സെക്രട്ടറി വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ ആമുഖ പ്രസംഗത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. റവ.ഫാ. ജോര്‍ജ് അബ്രഹാം സ്വാഗതം ആശംസിച്ചു.
ദൈവീക പരിജ്ഞാനത്തിലൂടെ ഇടവകയെ നയിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരായ വൈദീകര്‍ തങ്ങളില്‍ നിഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം ക്രിസ്തുവില്‍ നിറവേറ്റി, തികഞ്ഞ ജീവിത വിശുദ്ധിയില്‍, പ.സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍, നിഷ്ഠയോടെ അനുഷ്ഠിച്ച്, ഫലകരമായ സുവിശേഷവേലയിലൂടെ, ക്രിസ്തുവിന്റെ നല്ലവനും, വിശ്വസ്തനുമായ ഭടനായി തീരുവാന്‍ അഭിവന്ദ്യ തിരുമേനി, തന്റെ പ്രസംഗത്തിലൂടെ വൈദീകരെ ഓര്‍മ്മിച്ചു.

ക്രിസ്തുവിന്റെ വാസസ്ഥലമായ നമ്മുടെ ശരീരത്തെ, വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച്, ദൈവകൃപ നഷ്ടപെടാതെ, ദൈവസന്നിധിയില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച്, വ്യക്തിജീവിതത്തിലും, സഭാ ജീവിതത്തിലും, നല്ല സാക്ഷ്യമുള്ളവരായിരിപ്പാന്‍ റവ.ഫാ. ആന്റണി തേക്കനാത്ത് ബ: വൈദീകരെ ഉദ്‌ബോധിപ്പിച്ചു. വൈദീകവൃത്തിയുടെ മഹാത്മത്തെ സംബന്ധിച്ച് വെരി.റവ. അബ്രാഹാം തോമസ് വാഴയില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, തിരുവചനാടിസ്ഥാനത്തില്‍ ഓര്‍മ്മിപ്പിച്ചു.

പ്രമുഖ മാര്യേജ് കൗണ്‍സിലറും, മികച്ച വാഗ്മിയുമായ റവ.ഫാ. തോമസ് കുര്യന്‍ നടത്തിയ പ്രീ മാരേജ് കൗണ്‍സിലിങ്ങ് ക്ലാസ്സ് ഏറെ വിജ്ഞാനപ്രദവും, ആകര്‍ഷകവുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ നടത്തിയ ധ്യാനത്തിനു ശേഷം വി. കുമ്പസാരവും നടന്നു.

ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, ബ.കോര്‍ എപ്പിസ്‌ക്കോപ്പാമാരുടെ  സഹകാര്‍മ്മികത്വത്തിലും, വി. അഞ്ചിന്മേല്‍ കുര്‍ബ്ബാനയും നടന്നു.
പത്താമത് സ്ഥാനാരോഹണ വാര്‍ഷീകമാഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്തായെ, ബ: വൈദീകരുടെ വകയായിട്ടുള്ള ഉപഹാരം നല്‍കി ആദരിച്ചു.

സ്‌നേഹവിരുന്നോടെ, ഈ വര്‍ഷത്തെ വൈദീക ധ്യാനം തികഞ്ഞ ആത്മീയ നിറവില്‍ സമാപിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.