You are Here : Home / USA News

ഓര്‍മ്മയ്ക്കായി മുന്നൂറ് ചുമപ്പ റോസാപുഷ്പങ്ങള്‍- ജോസ് പിന്റോ സ്റ്റീഫന്‍

Text Size  

Story Dated: Thursday, March 13, 2014 08:15 hrs UTC

 

അകാലത്തില്‍ പൊലിഞ്ഞുപോയ ഡോ. റോയി ജോസഫിന്റെ സഹോദരിയെയും കുടുംബത്തെയും ന്യൂജേഴ്‌സിയിലെ ചെറിഹില്ലില്ലുള്ള ഭവനത്തില്‍ പോയി കണ്ട് തയ്യാറാക്കിയ ലേഖനം ജെ.എഫ്.എ. ചെയര്‍മാന്‍ തോമസ് കൂവള്ളൂരിനൊപ്പമായിരുന്നു ഈ ലേഖകന്‍ ആ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയത്.

പോണ്ടിച്ചേരിയിലായിരുന്നു റോയിയും സഹോദരങ്ങളും ജനിച്ചുവളര്‍ന്നത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാഹിത്യത്തിലും കമ്മ്യൂണിക്കേഷനിലും എം. ഫില്‍ നേടിയതിനുശേഷമാണ് റോയി അമേരിക്കയിലെത്തിയത്. പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്ന റോയിയുടെ സഹോദരങ്ങളും ഉന്നതബിരുദ്ധാരികളാണ്.

അമേരിക്കയില്‍ എത്തിയിട്ടും റോയി പഠനം തുടര്‍ന്നു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡയില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.

അതിനുശേഷം വിവിധ കോളേജുകളില്‍ പഠിച്ചതിനുശേഷം എ. ആന്റ്.എം. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചുവരവെയാണ് ആ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടത്. റോയി ജോസഫ് മരിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ല. ക്രിസ്തീയ വിശ്വാസപ്രകാരം റോയി ജോസഫ് ദൈവസന്നിധിയില്‍ സമാധാന പൂര്‍ണ്ണമായ അവസ്ഥയില്‍ എത്തിചേര്‍ന്ന എന്ന വിശ്വാസവും പ്രത്യാശവുമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്.

ആ കുടുംബത്തിന് മാത്രമല്ല, റോയി സ്‌നേഹിക്കുകയും റോയിയെ സ്‌നേഹിക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നികത്താനാവാത്ത നഷ്ടമേല്‍പ്പിച്ചുകൊണ്ടാണ് റോയി ഈ ലോകം വിട്ടു പോയത്. മൂന്നു സഹോദരിമാരുടെ ഇടയിലുണ്ടായിരുന്ന ഒരേയൊരു ആണ്‍തരി നഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ വൃദ്ധരായ മാതാപിതാക്കന്‍മാര്‍ക്ക് എന്തുമാത്രം വേദയുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.
അസാമാന്യപ്രതിഭാശാലിയായിരുന്നു റോയി നല്ലൊരു ഫ്രീലാന്‍സ് എഴുത്തുകാരന്‍, കോണ്‍ഫോറന്‍സ് സ്പീക്കര്‍ എന്നീ നിലകളില്‍ തിങ്ങളിനിന്ന ഡോ. റോയിയുടെ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ നാമത്തില്‍ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന ടെക്‌സാസ് എ.ആന്റ്.എം. യൂണിവേഴ്‌സിറ്റി ഒരു സ്‌കോളര്‍ഷിപ്പ് ഫണ്ട് ആരംഭിച്ചുകഴിഞ്ഞു.
നല്ലൊരു മനുഷ്യസ്‌നേഹിയായിരുന്നു റോയി. ദൈവവുമായും സഭയുമായും നല്ല ബന്ധവും വിധേയത്വവും പുലര്‍ത്തിയിരുന്ന റോയി അമേരിക്കയിലും ഇന്ത്യയിലും അനേകം മിഷന്‍ട്രിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. അനുഗ്രഹീതനായ ഗായകനും ഗിറ്റാറിസ്റ്റുമായിരുന്നു അദ്ദേഹം. പള്ളിയിലും കോളേജിലും അദ്ദേഹം പാടുമായിരുന്നു.

ഒരു മലയാളി എന്നു പറയുന്നതില്‍ ഏറെ അഭിമാനിച്ചിരുന്ന റോയി കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നല്ല അംശങ്ങള്‍ കൂട്ടിചേര്‍ത്ത് ഒരു സമതുലന ജീവിതരീതിയാണ് പിന്തുടര്‍ന്നുവന്നത്.

പാവപ്പെട്ടവരോട്, പ്രത്യേകിച്ച് അവസരം നിഷേധിക്കപ്പെട്ടവരോട് പ്രത്യേക വാല്‍സല്യമുണ്ടായിരുന്ന റോയി ദരിദ്ര്യ ബാലികാ ബാലന്‍മാരെ പലരെയും സാമ്പത്തികമായി സഹായിക്കുമായിരുന്നു. അവര്‍ക്കു മാത്രമല്ല, റോയിയുടെ മരുമക്കള്‍ക്കും ഒരു റോള്‍മോഡലും മെന്ററുമായിരുന്നു റോയി.

ഒഴിവുസമയങ്ങളില്‍ കവിതയെഴുതിയിരുന്ന റോയി അവയില്‍ ചിലതിന് സ്വന്തമായി സംഗീതവും നല്‍കിയിട്ടുണ്ട്. പതിനഞ്ചു വയസ്സുകാരനായിരുന്നപ്പോള്‍ തന്റെ ഇഷ്ടകായിക ഇനമായ ക്രിക്കറ്റിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സ്‌പോര്‍ട്‌സ് സെക്ഷനില്‍ ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാണ് എഴുത്തുകാരുടെ ലോകത്തിലേക്ക് റോയി പ്രവേശിച്ചത്.
വളരെ വിനീതനായിരുന്ന, ആരെയും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാതിരുന്ന, ആര്‍ക്കെതിരെയും ഗോസിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കാതിരുന്ന റോയിയുടെ മരണം നമ്മുടെ സമൂഹത്തിന് വലിയൊരു നഷ്ടം തന്നെയാണ്.

റോയിയുടെ മരണത്തിന് കാരണക്കാരിയായ ആ സ്ത്രീയോട് ഈ കുടുംബത്തിന് പ്രത്യേക ദേഷ്യമൊന്നുമില്ല. എന്നാല്‍ അവര്‍ കാണിച്ച കടുത്ത നിരുത്തരവാദിത്വസമീപനത്തോട് അവര്‍ക്ക് പ്രതിഷേധമുണ്ട്. സ്വന്തം കണ്‍മുമ്പില്‍ അതും തന്റെ തന്നെ പ്രവര്‍ത്തിയുടെ ഫലമായി വിലപ്പെട്ട ഒരു മനുഷ്യജീവന്‍ വേദനയില്‍ കുതിര്‍ന്ന് ജീവശ്വാസത്തിനായി മല്ലിടുമ്പോള്‍ ഭയന്ന് ഒളിച്ചോടിയ ആ സ്ത്രീയുടെ ഭീരുത്വത്തോടെയാണ് ആ കുടുംബത്തിന് നീരസം.

അതുപോലെ റോയിയുടെ കേസ് കുറച്ചുകൂടി സീരിസ്സായി നീതിപീഠം കാണണമെന്നും ആ കുടുംബം ആഗ്രഹിക്കുന്നു. ഇതുപോലുള്ള കേസ്സുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വളരെ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യുമ്പോള്‍ ഇവിടെ കുറ്റവാളിയെന്ന് പോലീസ് കണ്ടെത്തിയ സ്ത്രീയെ അവരര്‍ഹിക്കുന്ന നിലയില്‍ ശിക്ഷണനടപടികള്‍ക്ക് വിധേയമാക്കാത്തതിലും കുടുംബത്തിന് പരിഭവമുണ്ട്. ആ സ്ത്രീക്ക് കഠിന ശിക്ഷ ലഭിക്കണം, അതുവഴി സമാധാനം ലഭിക്കും എന്നല്ല ഈ കുടുംബം ചിന്തിക്കുന്നത് മറിച്ച് ഈ കേസ്സിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ഇനിയും ഇത്തരം കൊടും പാതകങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും മനസ്സ് വരാതിരിക്കുകയും ചെയ്യണമെന്നാണ് റോയിയുടെ കുടുംബം ആഗ്രഹിക്കുന്നത്.
തന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ ജോസഫ് തലക്കോട്ട്, ഏലിക്കുട്ടി തലക്കോട്ട്, സഹോദരിമാരായ റീന, റെജി, റെനി, അവരുടെ കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധിക്കള്‍ എന്നിവരെല്ലാം റോയിയുടെ മരണത്തില്‍ വ്യസനിക്കുന്നു. റോയി നടത്തിവന്നിരുന്ന നന്മപ്രവര്‍ത്തികള്‍ തുടരുവാനും ആ നന്മകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനകരമാക്കാനും അവര്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി റോയിയുടെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണവര്‍.

ഒരാളെക്കുറിച്ച് കൂടു പറയാതിരിക്കാന്‍ വയ്യ. റോയിയിക്ക് പ്രിയപ്പെട്ട ഒരു ഗേള്‍ ഫ്രണ്ടുണ്ട്. റോയിയെപ്പോലെ തന്നെ ആര്‍ദ്രഹൃദയമുള്ള ഒരു മലയാളി ഡോക്ടര്‍. സമീപഭാവിയില്‍ വിവാഹിതരാകാന്‍ തയ്യാറെടുത്തുവരവെയാണ് ആ ദാരുണസംഭവം നടന്നത്. പോര്‍ട്ടോറിക്കോയില്‍ മിഷണറി ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് ആ യുവതി. സംഭവസ്ഥലത്ത് പാഞ്ഞെടുത്തിയ ആ യുവതി റോയിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ അവിടെ സമര്‍പ്പിച്ചത് 300 ചുമപ്പ് റോസാപ്പൂക്കളായിരുന്നു.

ഈ ദുഃഖത്തില്‍നിന്ന് വിമുക്തി പ്രാപിച്ച് പുതിയൊരു ജീവിതത്തിലേക്ക് ആ യുവതി പ്രവേശിക്കണം എന്നവര്‍ ആഗ്രഹിക്കുന്നതുകൊണ്ട് ആ യുവതിയെക്കുറിച്ച് കൂടുതല്‍ വിവരിക്കാന്‍ റോയിയുടെ കുടുംബം ആഗ്രഹിക്കുന്നില്ല.

ഈ കുടുംബത്തിന് ദൈവം സമാധാനം നല്‍കാനും റോയിയുടെ പേരില്‍ തുടങ്ങുന്ന ഫൗണ്ടേഷന്‍ വഴി അനേകര്‍ക്ക് നന്മ ഉണ്ടാകാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു.
ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിക്കാനും ധാര്‍മ്മിക പിന്തുണ നല്‍കാനും ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
Reena Colacot reenacolacot@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.