You are Here : Home / USA News

പരാധീനതകളുടെ പരാതിക്കെട്ടുകളഴിച്ച് മാധ്യമങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, November 05, 2013 04:39 hrs UTC

സോമര്‍സെറ്റ് (ന്യൂജെഴ്‌സി): മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്ത 'മാറ്റത്തിന്റെ മാധ്യമം' അവതരണം കൊണ്ടും കാലികപ്രസക്തിയുള്ള വിഷയങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ചടി മാധ്യമങ്ങള്‍ക്ക് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ ഭീഷണിയാണെന്ന് എല്ലാ അച്ചടി മാധ്യമ പ്രസാധകരും അഭിപ്രായപ്പെട്ടു. എന്നാല്‍, അത് തീര്‍ത്തും തെറ്റായ ചിന്താഗതിയാണെന്ന് അമേരിക്കയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ആദ്യകാല മലയാള ഓണ്‍‌ലൈന്‍ പത്രമുടമയുമായ ജോയിച്ചന്‍ പുതുക്കുളം ഖണ്ഡശ: വിവരിച്ചു. പ്രസ് ക്ലബിന്റെ നിയുക്ത പ്രസിഡന്റ് ടാജ് മാത്യു മോഡറേറ്ററായ ഈ ചര്‍ച്ച ചിന്തനീയമായ വിഷയത്തിലൂന്നിയതായിരുന്നതുകൊണ്ട് സദസ്യരും ആസ്വദിച്ചു

. അമേരിക്കയിലെ ആദ്യകാല അച്ചടി മാധ്യമമായ മലയാളം പത്രത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് റോയി പറഞ്ഞു. ഓരോ പ്രാവശ്യവും വരിസംഖ്യയുടെ കാര്യം ഓര്‍മ്മിപ്പിച്ച് കത്തെഴുതിക്കഴിഞ്ഞ് അവയുടെ മറുപടി വരുന്നതു കാണുമ്പോഴാണ് ഏറെ വിഷമം തോന്നുക എന്ന് അദ്ദേഹം പറഞ്ഞു. പത്രത്തിന്റെ നിലനില്പ് പരസ്യങ്ങളിലാണ്. എന്നാല്‍, ഓണ്‍‌ലൈന്‍ വന്നതോടെ ചിലര്‍ പരസ്യങ്ങള്‍ വാര്‍ത്തയാക്കി ഓണ്‍ലൈനില്‍ കൊടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പരസ്യങ്ങളുടെ വരുമാനം അങ്ങനെ കുറയുന്നു. പത്രം ആഴ്ചയിലൊരിക്കല്‍ ഇറങ്ങിക്കഴിയുമ്പോള്‍ ഒരു സുഖപ്രസവത്തിന്റെ അനുഭൂതിയാണുണ്ടാകുക, ജേക്കബ് റോയി പറഞ്ഞത് സദസ്സില്‍ ചിരി പരത്തി. എല്ലാം ശരിയാകുമെന്ന ശുഭപ്രതീക്ഷയോടെ ഓരോ ആഴ്ചയും പത്രം അച്ചടിച്ച് ഇറക്കുന്നു എന്നു മാത്രം. റോയി കൂട്ടിച്ചേര്‍ത്തു. സംഘടനകളും പ്രൊഗ്രാം പ്രൊമോട്ടര്‍മാരും ആദ്യമൊക്കെ ഫുള്‍ പേജ് പരസ്യം തന്നിരുന്നത് ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ വാര്‍ത്തകളാണ് അതിനു കാരണം. പരസ്യങ്ങളും വരിസംഖ്യയും ഇല്ലെങ്കില്‍ പത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാവില്ല എന്നും ജേക്കബ് റോയി പറഞ്ഞു.

 

ആദ്യകാലങ്ങളില്‍ ഓണ്‍‌ലൈന്‍ പത്രം തുടങ്ങാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇ-മലയാളി പത്രാധിപന്‍ ജോര്‍ജ്ജ് ജോസഫ് വിശദീകരിച്ചു. വെബ്സൈറ്റ് ഉണ്ടാക്കാനൊന്നും അറിയില്ലായിരുന്നു. പിന്നെ അവിടന്നുമിവിടന്നുമൊക്കെ കിട്ടിയ അറിവു വെച്ച് സ്വന്തമായി ഒരു വെബ് സൈറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞു. അതില്‍ തുടങ്ങി ഇന്നുവരെ നല്ല രീതിയില്‍ ഇ-മലയാളി നടത്തിക്കൊണ്ടു പോകുന്നു. എന്നിരുന്നാലും പ്രശ്നങ്ങള്‍ നിരവധിയുണ്ട്. പരസ്യങ്ങളില്ലാതെ ഒന്നും നടക്കുകയില്ല. അദ്ദേഹം പറഞ്ഞു. കൃത്യമായി ഓരോ പതിപ്പും വരിക്കാര്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ വരിസംഖ്യ കൃത്യമായി അയച്ചു തരേണ്ടത് ഓരോ വരിക്കാരുടേയും ഉത്തരവാദിത്വമാണ്. അവരത് നിര്‍‌വ്വഹിച്ചില്ലെങ്കില്‍ പത്രങ്ങളുടെ നിലനില്പ്പ് തന്നെ അവതാളത്തിലാകും. വെറും 45 ഡോളര്‍ ഒരു വര്‍ഷത്തില്‍ മുടക്കാന്‍ കഴിയാഞ്ഞിട്ടല്ല. പക്ഷെ, അതുപോലും ചെയ്യാത്ത സ്ഥിതിയാണിന്ന്. തന്നെയുമല്ല പല സംഘടനകളും ചൂഷണ മനോഭാവത്തോടെയാണ് മാധ്യമങ്ങളെ കാണുന്നത്. ആ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ഏതൊരു പത്രത്തിനും പിടിച്ചു നില്‍ക്കാനാവില്ലെന്ന് കേരളാ എക്‌സ്പ്രസ് എഡിറ്റര്‍ ജോസ് കണിയാലി പറഞ്ഞു.

 

പത്രപ്രവര്‍ത്തനത്തിലെ അതീവ താല്പര്യം കൊണ്ടു മാത്രമാണ് താന്‍ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്നതെന്ന് ആഴ്ചവട്ടം പത്രാധിപര്‍ ഡോ. ജോര്‍ജ്ജ് കാക്കനാട്ട് പറഞ്ഞു. വരിസംഖ്യ വരുന്നതും നോക്കി പത്രം നടത്തിയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. ലാഭമോ നഷ്ടമോ നോക്കിയല്ല താന്‍ പത്രം നടത്തുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആഴ്ചവട്ടത്തിന്റെ കണക്കു നോക്കിയപ്പോള്‍ അതാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. 'ബ്രേക്ക് ഇവണ്‍' ആയത് മഹാഭാഗ്യമായി കരുതുന്നു. പിന്നെ താമസം മാറുമ്പോള്‍ വിലാസം മാറിയ വിവരത്തിന് ഒരു ഇ-മെയില്‍ പോലും അയക്കാന്‍ മടിക്കുന്നവരാണ് പലരുമെന്നും അദ്ദേഹം പരിഭവിച്ചു. വല്ലയിടത്തും വെച്ചു കാണുമ്പോള്‍ 'ഞങ്ങള്‍ക്ക് പത്രം കിട്ടുന്നില്ല' എന്ന പരാതി പറയുമ്പോള്‍ മാത്രമാണ് അവരുടെ വിലാസം മാറിയ വിവരങ്ങള്‍ അറിയുന്നതെന്നും കാക്കനാട്ട് കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് യുഗം ആഗതമായതോടെ അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കാലക്രമേണ ഇല്ലാതാകുമെന്ന് 'എമര്‍ജിംഗ് കേരള'യുടെ സാരഥികളിലൊരാളായ സജി കീക്കാടന്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും അച്ചടി മാധ്യമങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും സജി പറഞ്ഞു.

 

ഇതേ അഭിപ്രായം തന്നെയായിരുന്നു 'മലയാളം വാര്‍ത്ത'യുടെ പത്രാധിപര്‍ ഏബ്രഹാം മാത്യുവിന്റേയും. അച്ചടി മാധ്യമങ്ങള്‍ ഇല്ലാതാകുമെന്ന വ്യഥ കൂടുന്നുണ്ടെങ്കിലും, മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ അമേരിക്കയിലുള്ളിടത്തൊളം കാലം ആശങ്കക്ക് വകയില്ലെന്നും ഏബ്രഹാം മാത്യു പറഞ്ഞു ഹൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'വോയ്സ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ ഉടമ കോശി തോമസിന്റെ അഭിപ്രായത്തില്‍ മലയാള പ്രസിദ്ധീകരണങ്ങളുടെ സാരഥികള്‍ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ്. മലയാളികളെ മാത്രം ലക്ഷ്യം വെയ്ക്കാതെ അടുത്ത തലമുറയെ ലക്ഷ്യം വെച്ചാണ് താന്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലേക്ക് തിരിഞ്ഞതെന്നും അത് വളരെ വിജയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തെട്ടു വര്‍ഷങ്ങളായി താന്‍ ഈ മേഖലയില്‍. ഏകദേശം കാല്‍ മില്യന്‍ ഡോളറോളമാണ് തന്റെ ശമ്പളപ്പട്ടിക. പരസ്യങ്ങളിലല്ല വരിസംഖ്യയിലാണ് തന്റെ പത്രം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഞാന്‍ ആരേയും പഴിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ജനനി' മാസികയുടെ പത്രാധിപര്‍ ജെ. മാത്യൂസിന് പറയാനുണ്ടായിരുന്നത് മറ്റൊരു അനുഭവമാണ്. ഒരാളുടെ കൃതികള്‍ എവിടെയെങ്കിലും അച്ചടിച്ചു വരുന്നതു കാണാന്‍ ആഗ്രഹമുണ്ടായിരിക്കും. അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രസിദ്ധീകരണയോഗ്യമായ കൃതികള്‍ തെരഞ്ഞെടുത്ത് പ്രസ്സില്‍ കൊടുത്ത് അച്ചടി തുടങ്ങുമ്പോഴായിരിക്കും അതേ കൃതികള്‍ മറ്റു പ്രസിദ്ധീകരണങ്ങളിലോ ഓണ്‍‌ലൈനിലോ വരുന്നത്. അപ്പോള്‍ ചങ്കിടിക്കും.

 

ഇങ്ങനെയുള്ള പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ നിസ്സഹായാവസ്ഥയില്‍ എത്തിച്ചേരാറുണ്ട്. പിന്നെ പരസ്യങ്ങളെ മാത്രം ആശ്രയിച്ചല്ല ജനനി പ്രസിദ്ധീകരിക്കുന്നത്. വരിസംഖ്യയാണ് മുഖ്യ വരുമാനം. പലപ്പോഴും പലരും വരിസംഖ്യ അയക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് മാസിക കിട്ടിക്കൊള്ളണമെന്നുമില്ല. അങ്ങനെ കിട്ടാതെ വരുന്നവര്‍ എവിടെവെച്ചെങ്കിലും കാണുമ്പോല്‍ ചോദിക്കും 'എന്താ ജനനി നിര്‍ത്തിയോ' എന്ന്. 'നിര്‍ത്തിയിട്ടില്ല, വരിസംഖ്യ അയച്ചിട്ടില്ലെങ്കില്‍ മാസിക കിട്ടണമെന്നില്ല.' അദ്ദേഹം പറഞ്ഞു. എണ്ണത്തിലല്ല ഗുണനിലവാരത്തിലാണ് ഏതൊരു പ്രസിദ്ധീകരണത്തിന്റേയും നിലനില്പും വിജയവും എന്ന് അക്ഷരം മാസിക പത്രാധിപര്‍ പ്രിന്‍സ് മാര്‍ക്കോസ് ചൂണ്ടിക്കാട്ടി. നിലവാരഗുണമാണ് അക്ഷരം മാസികയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി പത്രങ്ങള്‍ പരസ്പരം ലയിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അച്ചടി മാധ്യമങ്ങളെപ്പോലെ തന്നെ പ്രതിസന്ധികള്‍ നേരിടുകയാണ് ദൃശ്യമാധ്യമമെന്ന് പത്രപ്രവര്‍ത്തകയായ വിനീത നായര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ സംഘടനകളില്‍ നിന്ന് പ്രതിഫലമൊന്നും ലഭിക്കുന്നില്ലെങ്കിലും അത് കാര്യമാക്കാതെ ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ കടമ നിറവേറ്റുന്നു എന്നും വിനീത പറഞ്ഞു. അതുപോലെ പ്രസ് ക്ലബില്‍ പുതിയ തലമുറയുടെ പ്രാതിനിധ്യം ഒരു ന്യൂനതയാണെന്നും വിനീത പ്രസ്താവിച്ചു. പണ്ടു പണ്ട് കേരളത്തിനു വെളിയില്‍ ജോലി ചെയ്തിരുന്ന തന്റെ സഹോദരന്‍ അവുധിക്ക് വന്നപ്പോള്‍ ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ കൊണ്ടുവന്ന കഥയുമായാണ് ജോയിച്ചന്‍ പുതുക്കുളം തന്റെ വിവരണം തുടങ്ങിയത്. ആ ട്രാന്‍സിസ്റ്റര്‍ വന്ന വിവരം നാട്ടിലൊക്കെ പാട്ടായതും, ആ അത്ഭുതം നേരില്‍ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയതും നര്‍മ്മത്തോടെ ജോയിച്ചന്‍ വിവരിച്ചു. പിന്നീട് അതേ സഹോദരന്‍ ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ടുവന്നതും, ടെലിവിഷന്‍ കൊണ്ടുവന്നതുമൊക്കെ ജോയിച്ചന്‍ വിവരിച്ചു. ടെലിവിഷന്‍ വന്നപ്പോള്‍ റേഡിയോ കമ്പനി അടച്ചുപൂട്ടിയില്ല. പകരം അവര്‍ ടെലിവിഷന്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതുപോലെയാണ് അച്ചടി മാധ്യമങ്ങള്‍. ഓണ്‍‌ലൈന്‍ പത്രം ഒരിക്കലും അവര്‍ക്കൊരു ഭീഷണിയല്ല. അതുകൊണ്ട് പത്രങ്ങള്‍ ഓണ്‍‌ലൈന്‍ തുടങ്ങണമെന്നും ജോയിച്ചന്‍ വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അച്ചടിക്കുന്നത് ശ്രമകരമാണെന്നുള്ള പത്രാധിപന്മാരുടെ അഭിപ്രായത്തോട് ജോയിച്ചന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുകൊണ്ടാണ് എല്ലാവരും ഓണ്‍‌ലൈനിനെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

അതില്‍ ആരും പരിഭവപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള ഭാഷയോടുള്ള പ്രതിപത്തിയാണ് താനും ഈ രംഗത്തേക്ക് പ്രവേശിക്കാനുണ്ടായ കാരണമെന്നും, നിരവധി സംഘടനകള്‍ക്ക് വാര്‍ത്തകള്‍ എഴുതി ഒടുവില്‍ തന്റേതായ മലയാളം ഡെയ്‌ലി ന്യൂസ് എന്ന ഒരു ഓണ്‍‌ലൈന്‍ പത്രം തുടങ്ങാനുണ്ടായ മുഖ്യ കാരണവും അതുതന്നെയാണെന്ന് മൊയ്തീന്‍ പുത്തന്‍‌ചിറ പറഞ്ഞു. മാധ്യമങ്ങള്‍ അവരവരുടേതായ ബുദ്ധിമുട്ടുകളും പരാധീനതകളും നിരത്തിയെങ്കിലും, അവര്‍ക്ക് വാര്‍ത്തകള്‍ അയച്ചുകൊടുക്കുന്ന തന്നെപ്പോലെയുള്ള ജേര്‍ണലിസ്റ്റുകള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ല എന്ന് ഹൂസ്റ്റണില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് പി.പി. ചെറിയാന്‍ പറഞ്ഞു. രാവിലെ 7 മണി മുതല്‍ രാത്രി 7 മണിവരെ ജോലി ചെയ്തതിനുശേഷം ചുരുങ്ങിയത് മൂന്ന് വാര്‍ത്തകളെങ്കിലും കൈകൊണ്ടെഴുതി എല്ലാ പത്രക്കാര്‍ക്കും അയച്ചുകൊടുക്കും. വര്‍ഷങ്ങളായി ഈ പ്രക്രിയ തുടരുന്നു. ഒരു പത്രക്കാരും അതേക്കുറിച്ച് പറയുകയോ അംഗീകരിക്കുകയോ ചെയ്യാത്തത് മോശമാണെന്നും ചെറിയാന്‍ പറഞ്ഞു. ആദ്യകാലങ്ങളില്‍ മലയാളം വായിക്കാനുള്ള അമിതമായ ആഗ്രഹത്തെക്കുറിച്ച് ഡോ. റോയി തോമസ് അനുസ്മരിച്ചു. എല്ലാ വീടുകളിലും ഏറ്റവും കുറഞ്ഞത് ഒരു മലയാളം ചാനലും ഒരു മലയാളം പത്രവുമെങ്കിലും ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തെ പോഷിപ്പിക്കുക മാത്രമല്ല മലയാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും മലയാള മാധ്യമങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം വായിക്കാറില്ലെന്നും മലയാളം ചാനലുകള്‍ കാണാറില്ലെന്നുമുള്ള മുടന്തന്‍ ന്യായം ഒഴിവാക്കിയാല്‍ മാധ്യമങ്ങള്‍ക്കും വരിക്കാര്‍ക്കും സഹായകമാവുമെന്നും ഡോ. റോയി തോമസ് വ്യക്തമാക്കി. ഏകദേശം ഏഴോ എട്ടോ പത്രങ്ങളുടെ വരിക്കാരനായ വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍‌എപ്പിസ്കോപ്പ തന്റെ അനുഭവം വിവരിച്ചു. ഇത്രയധികം പത്രങ്ങള്‍ താന്‍ വരുത്തുന്നത് എല്ലാം വായിക്കാനല്ല. അവയെല്ലാം വായിച്ച് ഞാനെന്തിന് എന്റെ ജീവിതം നശിപ്പിക്കണം? തന്റെ സഹധര്‍മ്മിണി ഒരു എഴുത്തുകാരിയാണ്. പല പ്രസിദ്ധീകരണങ്ങളിലും അവരുടെ കൃതികള്‍ അച്ചടിച്ചു വരുന്നുണ്ട്.

 

 

വായനക്കാര്‍ എല്ലാ പത്രങ്ങള്‍ക്കും വരിക്കാരായാല്‍ കഷ്ടപ്പെടുന്നത് വായനക്കാരോ വരിക്കാരോ ആയിരിക്കും. എഴുത്തുകാര്‍ക്ക് എന്തെങ്കിലും പ്രതിഫലം കൊടുക്കുകയാണെങ്കില്‍ അവര്‍ എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അവരുടെ കൃതികള്‍ അയച്ചുകൊടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ട വേദി ഇതല്ലെന്ന് മലയാളം ഐ.പി.ടി.വി. പ്രതിനിധി സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി. ഇവിടത്തെ വിവിധ സംഘടനകളുടേയും പള്ളികളുടേയും വേദികളിലാണ് ഈ പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടത്. നമ്മുടെ പ്രശ്നം നമ്മോടുതന്നെ പറഞ്ഞിട്ട് എന്തു പ്രയോജനം? സുനില്‍ ചോദിച്ചു. ഇതിനൊരു പരിഹാരം കാണാനുള്ള ഏകമാര്‍ഗം അതാണ്. ടെലിവിഷന്‍ രംഗത്ത് ചുരുങ്ങിയത് മുപ്പത്തിയഞ്ചോളം അവതാരകരെ താന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലരും ഇംഗ്ലീഷ് ലിപികളിലൂടെ മലയാളം ഹൃദിസ്ഥമാക്കിയവരാണ്. അവരെ നിരുത്സാഹപ്പെടുത്തുന്നതും അവരുടെ അര്‍പ്പണമനോഭാവവും തിരസ്ക്കരിക്കപ്പെടേണ്ടതല്ല. സുനില്‍ പറഞ്ഞു. ഹൂസ്റ്റണില്‍ നിന്നുള്ള അനില്‍‌കുമാര്‍ ആറന്മുളയുടെ നന്ദിപ്രകടനത്തോടെ ചര്‍ച്ച സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.