You are Here : Home / USA News

"ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി

Text Size  

Story Dated: Monday, September 09, 2013 12:11 hrs UTC

ഹൂസ്റ്റണ്‍: ആയിരത്തില്‍പ്പരം സംഗീതാസ്വാദകരെ സംഗീതത്തിന്റെ മാസ്മരലോകത്ത് ഇരുത്തി ഹൂസ്റ്റണില്‍ അരങ്ങേറിയ "ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി. സെപ്റ്റംബര്‍ രണ്ടിന് ലേബര്‍ഡേ അവധി ദിനമായ തിങ്കളാഴ്ച ആധുനിക സൗകര്യങ്ങളോടെ പണിത സ്റ്റാഫോര്‍ഡ് സെന്ററില്‍ വൈകുന്നേരം 5.30 മുതല്‍ ഒരേ സ്വരലഹരിയിലമരുകയായിരുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാറും, പത്മശ്രീ കെ.എസ്. ചിത്രയും സമന്വയിച്ച് അവതരിപ്പിച്ച ഒരേ സ്വരം സംഗീത വിരുന്നിന് ഹൂസ്റ്റണ്‍ പട്ടണവും സാക്ഷ്യംവഹിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ പവിലിയന്‍ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥമാണ് പരിപാടി നടത്തിയത്. മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ നടത്തിയ ഉദ്ഘാടന ഘോഷയാത്ര ഗൃഹാതുരത്വചിന്തകള്‍ ഉണര്‍ത്തി. ഓണാഘോഷത്തിന്റെ ആരവമുയരുന്ന വേളയില്‍, കേരളീയ ശൈലിയിലുള്ള വസ്ത്രധാരണത്തോടെ ട്രിനിറ്റി യുവതികളും കത്തിച്ച ദീപങ്ങളുമായി സണ്‍ഡേ സ്കൂള്‍ കുട്ടികളും അണിനിരന്നപ്പോള്‍ ഘോഷയാത്ര അന്വര്‍ത്ഥമായി. ഒരുമ ഹൂസ്റ്റണ്‍ എന്ന പ്രമുഖ മലയാളി സംഘടയുടെ ചെണ്ടടീമാമാണ് ചെണ്ടമേളത്തിന് നേതൃത്വം നല്‍കിയത്.

 

തുടര്‍ന്ന് പ്രശസ്ത വ്യക്തികളായ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ചലച്ചിത്രതാരം ദിവ്യ ഉണ്ണി, റവ. കൊച്ചുകോശി ഏബ്രഹാം, റവ സജു മാത്യു, റവ. റോയി തോമസ്, ഇടവക വൈസ് പ്രസിഡന്റ് എബി മാത്യു, പ്രധാന സ്‌പോണ്‍സര്‍മാരായ നീതു പോള്‍ (ആന്‍സ് ഗ്രോസറി), ജയിംസ് ഈപ്പന്‍ (അപ്നാ ബസാര്‍), ടി.ഇ. തോമസ് (ഏബിള്‍ മോര്‍ട്ട്‌ഗേജ്), പി.എം. ജോണ്‍ (റോയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്) എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഷാജര്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂര്‍, ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം, യൂത്ത് ചാപ്ലെയിന്‍ റവ. റോയി എ. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രശസ്ത നര്‍ത്തകി കലാകായനിയുടെ നൃത്തച്ചുവടുകള്‍ കരഘോഷങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചുകൊണ്ട് ശ്രോതാക്കള്‍ക്ക് കുളിര്‍മ നല്‍കിയ ഗാനങ്ങളുമായി എം.ജി ശ്രീകുമാറും ചിത്രയും ജനങ്ങളുടെ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്, ലതാ കൃഷ്ണ എന്നിവര്‍ അടിപൊളി ന്യൂജനറേഷന്‍ ഗാനങ്ങള്‍ പാടിക്കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാഫോര്‍ഡ് സെന്ററിനെ സംഗീത ലഹരിയിലാക്കി. ആസ്വാദകരുടെ ആവശ്യപ്രകാരം നിരവധി പഴയകാല ഗാനങ്ങള്‍ പാടിയും ജനഹൃദയങ്ങളില്‍ ഇടംനേടി. ഇടവേളയില്‍ സംഗീതസപര്യയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിനെ ആദരിച്ചുകൊണ്ട് പി.എം. ജോണ്‍ പൊന്നാട അണിയിച്ചപ്പോള്‍ റവ. റോയി തോമസ് മൊമന്റോ നല്‍കി. കെ.എസ്. ചിത്രയെ ഈശോ ടി. ഏബ്രഹാം പൊന്നാട അണിയിച്ചപ്പോള്‍, റവ. കൊച്ചുകോശി ഏബ്രഹാം മൊമെന്റോ നല്‍കി. പരിപാടിയുടെ വിജയത്തിന് അക്ഷീണം പ്രയത്‌നിച്ച റെജി ജോണിന് പ്രത്യേക ഉപഹാരം ഫ്രീഡിയാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ഡോ. ഫ്രീമു വര്‍ഗീസ് നല്‍കി. ജോജി കോട്ടയം നന്ദി പ്രകാശിപ്പിച്ചു. ഷാജിമോന്‍, ക്രിസ്റ്റി, രേഷ്മാ, ജെനി എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. നാട്ടില്‍ നിന്നും എത്തിയ 12 അംഗ ഓക്കസ്ട്രയുടെ പിന്തുണയോടെ സ്വര-രാഗ-താള ലയങ്ങള്‍ സമന്വയിച്ച് ഒരുക്കിയ ഒരേ സ്വരം സംഫണി മൂന്നുമണിക്കൂറിലേറെ നേരം ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഒരു നിറഞ്ഞ ഓണസദ്യയുടെ അനുഭവം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.