You are Here : Home / USA News

സംഗീതം കൊണ്ട് മാസ്മരികവലയം തീര്‍ക്കാന്‍ ഫ്രാങ്കോയും സംഘവും ന്യൂജെഴ്‌സിയിലെത്തുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, September 05, 2013 10:54 hrs UTC

ന്യൂജെഴ്‌സി: മലയാളികളെ, പ്രത്യേകിച്ച് യുവതലമുറയെ, ഇമ്പമുള്ള ഗാനങ്ങള്‍ കൊണ്ട് സംഗീതലോകത്തിന്റെ മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ ഫ്രാങ്കോയും സംഘവും സെപ്തംബര്‍ 28 ശനിയാഴ്ച ന്യൂജെഴ്‌സിയില്‍ തന്റെ ഐറ്റം നമ്പറുകളുമായി വീണ്ടുമെത്തുന്നു. കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ)യുടെ ഓണാഘോഷ പരിപാടികള്‍ക്കാണ് ഇവരെത്തുന്നത്. ’ചെമ്പകമേ’ എന്ന ആല്‍ബത്തിലൂടെയാണ് ഫ്രാങ്കോ മലയാളികളുടെ മനസ്സു കീഴടക്കിയത്. ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങളിലും മറ്റു നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഫ്രാങ്കോയും, പ്രശസ്ത വയലിനിസ്റ്റും സംഗീത സം‌വിധായകനുമായ മനോജ് ജോര്‍ജ്ജും ഒരുക്കുന്ന സംഗീത വിരുന്ന് മലയാളികളെ ആനന്ദസാഗരത്തില്‍ ആറാടിക്കുമെന്ന് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ പറഞ്ഞു. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ഫ്രാങ്കോ അടുത്തിടെ റിലീസ് ചെയ്ത ‘നരക യാത്രക്ക് സംഗീതം കൊണ്ട് പ്രതിഷേധം’ എന്ന ആല്‍ബത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഫ്രാങ്കോ ആലപിക്കുന്നതാണ്. പ്രശസ്ത ഗായകരോടൊപ്പം ലോകമെമ്പാടും പരിപാടികള്‍ നടത്തിയിട്ടുള്ള മനോജ് ജോര്‍ജ് തിരക്കേറിയ ഒരു വയലിനിസ്റ്റും സംഗീത സം‌വിധായകനുമാണ്. അദ്ദേഹം സം‌വിധാനം ചെയ്ത നിരവധി ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്. മനോജും ഫ്രാങ്കോയും ലൈവ് ഓര്‍ക്കെസ്‌ട്രായോടുകൂടി അവതരിപ്പിക്കുന്ന സംഗീതവിരുന്ന് കണ്ണിനും കാതിനും കുളിര്‍മ്മയേകുമെന്ന് നിസ്സംശയം പറയാം. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ മുപ്പത്തിയഞ്ചാമത്തെ ഓണാഘോഷം ഒരു അവിസ്മരണീയ സംഭവമാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിക്കുകയാണെന്ന് ജിബി പറഞ്ഞു. പരാതികള്‍ക്കിടകൊടുക്കാതെ അതിഥികളെ ആനന്ദിപ്പിക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ഓണാഘോഷങ്ങളുടെ കണ്‍വീനര്‍ മുന്‍ പ്രസിഡന്റുകൂടിയായ ജയപ്രകാശ്‌ കുളമ്പിലും കോ-കണ്‍വീനര്‍മാരായ രാജു പള്ളത്ത്‌, ജോമോന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ, അബ്ദുള്ള സയ്യിദ്‌, അനില്‍ പുത്തന്‍ചിറ, ദീപ്‌തി നായര്‍, സജി പോള്‍, ജയിംസ്‌ മുക്കാടന്‍, അലക്‌സ്‌ മാത്യു, ലൂസി കുരിയാക്കോസ്‌, അനിയന്‍ ജോര്‍ജ്‌, ഷീല ശ്രീകുമാര്‍, രുഗ്മിണി പത്മകുമാര്‍, റെജി ജോര്‍ജ്‌, എ.സി. ജയിംസ്‌, അലക്‌സ്‌ ജോര്‍ജ്‌, റോയ്‌ മാത്യു, ബെറ്റി പോള്‍, നീന സുധീര്‍, തങ്കമണി അരവിന്ദന്‍, ജൂഡിത്ത്‌ ജോയ്‌ എന്നിവരും ആഘോഷങ്ങള്‍ക്ക്‌ കൂടുതല്‍ വര്‍ണ്ണപ്പകിട്ടേകാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതലാണ് ഓണാഘോഷപരിപാടികള്‍ തുടങ്ങുക. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. മാവേലിമന്നന് വരവേല്‍പ്, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, കോമഡി സ്കിറ്റ്‌സ് മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യ-സാംസ്ക്കാരിക-രാഷ്‌ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വലിയംപ്ലാക്കല്‍, പ്രോഗ്രാം കണ്‍‌വീനര്‍ ജയപ്രകാശ് കുളമ്പില്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. ടിക്കറ്റുകള്‍ക്ക് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുകയോ താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക: www.sulekha.com, www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.