You are Here : Home / USA News

ആല്‍ബനി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, January 08, 2015 09:24 hrs UTC



ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ജനുവരി 3 ശനിയാഴ്ച സ്‌കെനക്റ്റഡിയിലെ പ്രോക്ടേഴ്‌സ് ജി.ഇ. തിയ്യേറ്ററിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. സ്വാദേറിയ ക്രിസ്മസ് വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

അസ്സോസിയേഷന്റെ യുവജന വിഭാഗമായ "മയൂരം' അംഗങ്ങളുടെ അമേരിക്കന്‍ ഗാനാലാപത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.  മുന്‍ മിസ് ഫൊക്കാനയും മലയാളം ഐ.പി. ടി.വി. അവതാരകയുമായ റോഷി ജോര്‍ജ് ആയിരുന്നു എം.സി.

പ്രസിഡന്റ് സുനില്‍ സക്കറിയ സ്വാഗതമാശംസിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫ്‌ളോറിഡയില്‍ നിന്ന് കാണാതായ ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസിന്റെ തിരിച്ചുവരവിനായി എല്ലാവരും മൗനപ്രാര്‍ത്ഥന നടത്തി. അസ്സോസിയേഷന്റെ യുവജനവിഭാഗത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു റെനി. റെനിയുടെ തിരോധാനത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളി സമൂഹം മുഴുവനും ഉത്ക്കണ്ഠാകുലരാണെന്ന് പ്രസിഡന്റ് തന്റെ സ്വാഗതപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് കരോള്‍ സംഘത്തിന്റെ "പൈതലേ...' എന്നു തുടങ്ങുന്ന ക്രിസ്മസ് കരോള്‍ ഗാനവും, സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കരോള്‍ സംഘത്തിന്റെ "ശുഭ ദിനം' എന്ന ക്രിസ്മസ് കരോള്‍ ഗാനവും ഭക്തിനിര്‍ഭരമായിരുന്നു. ഉണ്ണിയേശുവിന്റെ ജനനത്തെ ആസ്പദമാക്കി സുനില്‍ സക്കറിയ സംവിധാനം നിര്‍വ്വഹിച്ച് മയൂരം അംഗങ്ങള്‍ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് ഏറെ ഹൃദ്യമായിരുന്നു.

ഷേബാ വറുഗീസ് കൊറിയോഗ്രഫി നിര്‍വ്വഹിച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് (ആല്‍ബനി) അംഗങ്ങള്‍ അവതരിപ്പിച്ച "കാന്‍ഡില്‍ ലൈറ്റ്' ഡാന്‍സും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഇരുള്‍ നിറഞ്ഞ തിയ്യേറ്ററിനകത്ത് അരണ്ട മെഴുകുതിരി വെളിച്ചത്തില്‍ വനിതകള്‍ പ്രദര്‍ശിപ്പിച്ച ഈ ഡാന്‍സ് പുതുമയുള്ളതായിരുന്നു.  

"ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലെ മന്ദാരമേ എന്ന ഗാനത്തെ ആസ്പദമാക്കി ഗായത്രി സുബ്രഹ്മണ്യം കൊറിയോഗ്രഫി ചെയ്ത നൃത്തവും, റിനി, സൂസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ച "യൂത്ത് ഇന്‍സ്പിരേഷന്‍' ഡാന്‍സും പ്രേക്ഷകരുടെ കൈയ്യടി നേടി.

റവ. ഫാ. ജോസഫ് വര്‍ഗീസ് (വികാരി, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി) ക്രിസ്മസ് സന്ദേശം നല്‍കി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ നല്‍കിയ "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവഹിതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവും എന്നെന്നും ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്നും, ഇതേ സന്ദേശം തന്നെയാണ് എല്ലാ മതവിശ്വാസികളോടും പറയാനുള്ളതെന്നും, ബൈബിളും, ഖുര്‍ആനും, ഗീഥയുമെല്ലാം ഉദ്‌ഘോഷിക്കുന്നത് നന്മയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സന്ദേശമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഷിരണ്‍ ഭാലിയേക്കര്‍, വൈഭവ് വത്സാങ്കര്‍ എന്നിവര്‍ അവതരിപ്പിച്ച SUNY ബാന്റ്, ഗായത്രി സുബ്രഹ്മണ്യവും സംഘവും അവതരിപ്പിച്ച "ക്രിസ്മസ് കരോള്‍ ബാന്റ' എന്ന ഉപകരണ സംഗീതം, ബോളിവുഡ് ഡാന്‍സുകള്‍, ഭരതനാട്യം, കരഗാട്ടം (പോട്ട് ഡാന്‍സ്), മാര്‍ഷല്‍ ആര്‍ട്‌സ്, ക്രിസ്മസ് സ്കിറ്റ്, കോമഡി ഷോ, മലയാളം, ഇംഗ്ലീഷ് ഗാനങ്ങള്‍ മുതലായ വൈവിധ്യമേറിയ കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ആഘോഷച്ചടങ്ങുകള്‍. സിമോണ്‍ പിള്ള എന്ന കൊച്ചുകലാകാരി "ഫ്രോസന്‍'എന്ന ഇംഗ്ലീഷ് കാര്‍ട്ടൂണ്‍ ക്യാരക്റ്റര്‍ റോളില്‍ പാടി നൃത്തം ചെയ്തതും കാണികളുടെ കൈയ്യടി നേടി.

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനീഷ് മൊയ്തീന്‍ രൂപകന്ന ചെയ്ത അസോസ്സിയേഷന്റെ വെബ്‌സൈറ്റ് റീ ലോഞ്ചിംഗ് മുഖ്യാതിഥിയായ പ്രശസ്ത സിനിമാ നടി ശാന്തികൃഷ്ണ നിര്‍വ്വഹിച്ചു. വിവിധ കലാ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനദാനവും ശാന്തികൃഷ്ണ നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അവരുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണങ്ങള്‍ ചെയ്ത് മലയാളികുട്ടികള്‍ അവതരിപ്പിച്ച "യൂണിറ്റി ഇന്‍ ഡൈവെഴ്‌സിറ്റി' ഫാഷന്‍ ഷോ ഏറെ ആകര്‍ഷകമായ ഒന്നായിരുന്നു. കൂടാതെ ബഹുമുഖപ്രതിഭകളായ ഇന്ത്യന്‍ നേതാക്കളേയും ഈ ഫാഷന്‍ ഷോയിലൂടെ കുട്ടികള്‍ അവതരിപ്പിച്ചതും കൗതുകം ജനിപ്പിച്ചു.

ട്രഷറര്‍ ദീപു വറുഗീസിന്റെ മേല്‍നോട്ടത്തില്‍ റാഫിള്‍ നറുക്കെടുപ്പും നടന്നു. വിജയികള്‍ക്ക് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും നല്‍കി. സെക്രട്ടറി മിലന്‍ അജയ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.