You are Here : Home / USA News

സപ്തതി പിന്നിട്ടവര്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആദരവ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, December 23, 2014 02:15 hrs UTC


ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 70 വയസ് പൂര്‍ത്തിയാക്കിയ ഭദ്രാസന അംഗങ്ങളെ ആദരിക്കുന്നു. അറുപതുകള്‍ മുതല്‍ സഭാംഗങ്ങള്‍  അമേരിക്കയില്‍ വന്നു തുടങ്ങിയിരുന്നുവെങ്കിലും എഴുപതുകളിലാണ് സജീവമായ ഒരു ഓര്‍ത്തഡോക്സ് സമൂഹത്തിന് അമേരിക്കയില്‍ വേര് പിടിക്കുന്നത്. ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കും ആശയങ്ങള്‍ക്കും വളക്കൂറുളള മണ്ണില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസ സംഹിതകള്‍ വളര്‍ന്ന് പന്തലിച്ച് വരുമ്പോഴാണ് 1979  ജൂലൈ 14 ന് അമേരിക്കന്‍ ഭദ്രാസനം നിലവില്‍ വന്നതും പ്രഥമ മെത്രാപ്പോലീത്തയായി കാലം ചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസ് സ്ഥാനമേല്ക്കുന്നതും പിന്നീടങ്ങോട്ട് ഭദ്രാസനം വളരുകയായിരുന്നു. കേരളത്തിലെ ക്രൈസ്തവപ്പഴമയ്ക്കും അപ്പോസ്തോലിക പാരമ്പര്യത്തിനും അമേരിക്കയില്‍ ഒരു പൈതൃകം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ  നാട്ടിലെത്തിയ സഭാംഗങ്ങള്‍ ഭദ്രാസന വളര്‍ച്ചക്കു വേണ്ടി വിയര്‍പ്പൊഴുക്കി. സഭയോടുളള  കൂറും കടപ്പാടും കൈമോശം വരാതെ സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. വരുംതലമുറ സഭയോടുളള അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ട സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു. അവര്‍ നല്‍കിയ ചലനവും ചൈതന്യവും ഒരു കാലഘട്ടത്തിന്‍െറ നാദമായി, ജ്വാലയായി, കണ്ണാടിയായി, താങ്ങുംതണലുമായി നില നിര്‍ത്തി.

കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ സുധീരവും പ്രര്‍ഥനാനിര്‍ഭരമായ നേതൃത്വം ഭദ്രാസനത്തിന് പുതിയ ദിശാബോധം നല്‍കിയപ്പോഴും കൈത്താങ്ങായി ആദ്യകാല നേതൃത്വത്തിലുണ്ടായിരുന്നവര്‍ തന്നെ ഭദ്രാസനത്തെ സേവിച്ചു.

സഭയും ഭദ്രാസനവും മുമ്പെത്തേക്കാള്‍ ശക്തമാകണമെന്നും ആ ശക്തി ദൈവീക കൃപയില്‍ നിന്നുളളതാണെന്നുമുളള തിരിച്ചറിവിലാണ് ഇപ്പോഴത്തെ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായും ഭദ്രാസന കൌണ്‍സിലുമാണ് സപ്തതി ആഘോഷിക്കുന്ന ഭദ്രാസന അംഗങ്ങളെ ആദരിക്കുന്നതിന് തീരുമാനിച്ചത്. ഭദ്രാസന രൂപീകരണത്തിന്‍െറ ആദ്യ നാളുകളില്‍ മുന്‍ നിരയിലും  പിന്‍നിരയിലും നിന്ന് പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ സപ്തതി ആഘോഷിക്കുന്നവര്‍. ഈ ഗുരുവരന്മാരുടെ കാല്‍ച്ചുവടുകളില്‍ കൂടിയുളള ഭദ്രാസനത്തിന്‍െറ വളര്‍ച്ച സഭയെ സ്നേഹിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നുളളതില്‍ കൌണ്‍സില്‍ അംഗങ്ങള്‍ തികഞ്ഞ  ചാരിതാര്‍ത്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ആറ് റീജിയനുകളിലായി അനുമോദന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.