You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ വര്‍ണാഭമായ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, December 22, 2014 11:03 hrs UTC

ഫിലാഡല്‍ഫിയ: 21 ക്രൈസ്‌തവ ദേവാലയങ്ങളെ ഒന്നിച്ചൊരേ കുടക്കീഴില്‍ അണിനിരത്തി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്‌തവ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയാ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആല്‍മീയചൈതന്യം തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ഒരു മഹോല്‍സവമായി ആഘോഷിച്ചു. ഡിസംബര്‍ 13 ശനിയാഴ്‌ച്ച നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയ ജോര്‍ജ്‌ വാഷിങ്ങ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വന്‍പിച്ച ഒരു വിശ്വാസിസമൂഹത്തെ സാക്ഷിനിര്‍ത്തി ഫെല്ലോഷിപ്‌ 28-ാമതു ക്രിസ്‌മസ്‌ ആഘോഷിച്ചപ്പോള്‍ ഗൃഹാതുരസ്‌മരണകളുണര്‍ത്തി അതൊരു ഒത്തുചേരലിന്റെയും ഐക്യത്തിന്റെയും, പരസ്‌പരസഹകരണത്തിന്റെയും ബലിവേദിയായി മാറി.

 

പ്രൊസഷന്‍ കോര്‍ഡിനേറ്റര്‍ ജോസഫ്‌ ഫിലിപ്പിന്റെ നേതൃത്വത്തില്‍ വൈകുന്നേരം 3 മണിക്ക്‌ മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയോടെ വിശിഷ്‌ഠാതിഥികളെ സമ്മേളനവേദിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. തെളിച്ചതിരികള്‍ കൈകളിലേന്തി തൂവെള്ള ഉടുപ്പുകളണിഞ്ഞ കുട്ടികളും, ചുവന്ന സാരിയും ചുവന്ന ബ്ലൗസും ധരിച്ച വനിതകളും, കറുത്തപാന്റ്‌സും വെളുത്ത ഷര്‍ട്ടും, ചുവന്ന ടൈയും അണിഞ്ഞ പുരുഷന്മാരും രണ്ടു ലൈനുകളിലായി നടന്നു നീങ്ങിയത്‌ ഘോഷയാത്രയുടെ മാറ്റുകൂട്ടി. വിശിഷ്‌ഠാതിഥികളെയും, എക്യൂമെനിക്കല്‍ ഭാരവാഹികളെയും, സദസ്യരെയും സാക്ഷിയാക്കി മുഖ്യാതിഥി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ടൈറ്റസ്‌ മോര്‍ എല്‍ദോ തിരുമേനി ആഘോഷപരിപാടികള്‍ നിലവിളക്കു കൊളുത്തി ഉല്‍ഘാടനം ചെയ്‌തു. പാപത്തിനടിമയായി രക്ഷകനായ യേശുവില്‍നിന്നും പാപഭാരത്താല്‍ ഒളിച്ചുജീവിക്കുന്നവരെ സ്‌നേഹസമ്പന്നനും, കരുണാമയനുമായ ദൈവം തെരഞ്ഞുപിടിച്ച്‌ രക്ഷ വാഗ്‌ദാനം ചെയ്യുമെന്ന്‌ സക്കേവൂസിന്റെയും, ആദിമാതാപിതാക്കളുടെയും കഥകള്‍ ഉദ്ധരിച്ചുകൊണ്ട്‌ നല്‍കിയ ക്രിസ്‌മസ്‌ സന്ദേശത്തില്‍ മുഖ്യാതിഥി പറഞ്ഞു. ഫെല്ലോഷിപ്‌ ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍ ക്രിസ്‌മസ്‌ ട്രീതെളിച്ചു.

 

മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ തൃശൂര്‍ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യുഹാനോന്‍ മോര്‍ മിലിത്തിയോസ്‌ തിരുമേനി, കോണ്‍ഗ്രസ്‌മാന്‍ മൈക്ക്‌ ഫിറ്റ്‌സ്‌പാട്രിക്‌, യു. എസ്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഓഫീസ്‌ ഓഫ്‌ സ്റ്റ്രാറ്റജിക്‌ പ്ലാനിംഗ്‌ ഡയറക്ടറായ റവ. ഫാ. അലക്‌സാണ്ടര്‍ ജയിംസ്‌ കുര്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. ജാസ്‌മിന്‍ വിന്‍സന്റ്‌ (അമേരിക്കന്‍), ഡോ. അന്റോണിയ സോജന്‍, ഡോ. അഞ്‌ജു ജോസ്‌ (ഇന്‍ഡ്യന്‍) എന്നിവരുടെ ദേശീയഗാനാലാപനങ്ങളെ തുടര്‍ന്ന്‌ റലിജിയസ്‌ ആക്‌റ്റിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ എക്യൂമെനിക്കല്‍ ആരാധന നയിച്ചു. ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍ വിശിഷ്‌ഠാതിഥികളെയും, സദസ്യരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തു. യൂത്ത്‌ കോര്‍ഡിനേറ്റര്‍ ബെഞ്‌ജമിന്‍ മാത്യു മേയര്‍ മൈക്കിള്‍ നട്ടറിന്റെ വിളംബരം വായിച്ചു. സ്ഥലം മാറിപ്പോകുന്ന എക}മെനിക്കല്‍ ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, സെ. ജൂഡ്‌ സീറോമലങ്കര കത്തോലിക്കാപള്ളി മുന്‍ വികാരി റവ. ഫാ. തോമസ്‌ മലയില്‍ എന്നിവരെ മുന്‍ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍ യാത്രാമംഗളങ്ങളോടെ ഫലകം നല്‍കി ആദരിച്ചു. ഒബാമ ഭരണകൂടത്തില്‍ അംഗമായ റവ. ഫാ. അലക്‌സാണ്ടര്‍ ജയിംസ്‌ കുര്യനെ പ്രത്യേകമായും ആദരിച്ചു.

 

പബ്ലിക്‌ റിലേഷന്‍സ്‌ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്‌ ചീഫ്‌ എഡിറ്ററായി പ്രസിദ്ധീകരിച്ച ബഹുവര്‍ണ ക്രിസ്‌മസ്‌ സ്‌മരണികയുടെ പ്രകാശനം ആദ്യപ്രതി അഭിവന്ദ്യ മിലിത്തിയോസ്‌ തിരുമേനിക്കു നല്‍കികൊണ്ട്‌ മുഖ്യാതിഥി നിര്‍വഹിച്ചു. ഫണ്ട്‌ റെയിസിംഗ്‌ ആന്റ്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍ ദാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പനയിലൂടെ സമാഹരിച്ച ജീവകാരുണ്യ നിധി റെഡ്‌ ക്രോസിനും, ഫിലാബണ്ടന്‍സിനും, അട്ടപ്പാടിയിലെ കുട്ടികളുടെ പോഷകാഹാരപദ്ധതിക്കുമായി വീതിച്ചുനല്‍കി. ഏറ്റവും കൂടുതല്‍ റാഫിള്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതിനുള്ള പാരിതോഷികം സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ഏറ്റുവാങ്ങി. ഗായകന്‍ തോമസ്‌ (ബിജു) എബ്രാഹമിന്റെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ ഗായകസംഘം അവതരിപ്പിച്ച കരോള്‍ഗീതങ്ങള്‍ ശ്രുതിമധുരമായിരുന്നു. സെക്രട്ടറി ആനി മാത്യുപൊതുസമ്മേളനത്തിന്റെ എം. സി. യായി. ജോ. സെക്രട്ടറി സന്തോഷ്‌ എബ്രാഹം നന്ദി പ്രകാശിപ്പിച്ചു. എക}മെനിക്കല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുന്ന കമ്മ}ണിറ്റി സെന്റര്‍ പ്രോജക്ടിനെക്കുറിച്ച്‌ റവ. ഫാ. എം. കെ. കുര്യാക്കോസും, വനിതകളുടെ നേതൃത്വത്തില്‍ മാര്‍ച്ചുമാസത്തില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ്‌ ഡേ പ്രെയറിനെക്കുറിച്ച്‌ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ സുമാ ചാക്കോയും വിശദീകരിച്ചു. പ്രോജക്ട്‌ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനവും തദവസരത്തില്‍ നിര്‍വഹിക്കപ്പെട്ടു. ട്രഷറര്‍ ജോബി ജോണ്‍ സ്‌തോത്രക്കാഴ്‌ച്ച ക്രമീകരിച്ചു.

 

പൊതുസമ്മേളനത്തെത്തുടര്‍ന്നു കള്‍ച്ചറല്‍ ആക്‌റ്റിവിറ്റീസ്‌ ചെയര്‍മാന്‍ ബെന്നി കൊട്ടാരത്തിലിന്റെ മേല്‍നോട്ടത്തില്‍ നടന്ന വര്‍ണവൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ 16 പള്ളികളില്‍നിന്നുള്ള കലാകാരന്മാര്‍ തിരുപ്പിറവിയെ അനുസ്‌മരിപ്പിക്കുന്ന സ്‌കിറ്റ്‌, മാര്‍ഗം കളി, ഡാന്‍സ്‌, നാടന്‍ കരോള്‍ തുടങ്ങി വിവിധ കലാരൂപങ്ങള്‍ അരങ്ങിലവതരിപ്പിച്ചു. മാതാ, നൂപുര, നൃത്തശ്രീ എന്നീ ഡാന്‍സ്‌ സ്‌കൂളുകളും, അനുഗ്രഹ സംഗീത അക്കാദമിയും വിശേഷാല്‍ പരിപാടികള്‍ അവതരിപ്പിച്ചു. ബേബി തടവനാല്‍, അജി പണിക്കര്‍, സാന്ദ്ര തെക്കുംതല എന്നീ നൃത്താധ്യാപകര്‍ അനേകം കൊച്ചുകലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ അവതരിപ്പിച്ച വിശേഷാല്‍ പരിപാടികള്‍ കാണികള്‍ കരഘോഷത്തോടെ ആസ്വദിച്ചു. സ്‌മിതാ മാത|, മില്ലി ഫിലിപ്പ്‌, ഷീല കൊട്ടാരത്തില്‍ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ അവതാരകരായി.

ഏഷ്യാനെറ്റ്‌, കൈരളി, ജയ്‌ ഹിന്ദ്‌, മലയാളം ഐ.പി. ടി. വി., ബോം ടി. വി. എന്നീ ദൃശ്യമാധ്യമങ്ങളുടെയും, മലയാളംപത്രം, കേരള എക്‌സ്‌പ്രസ്സ്‌, മലയാളം വാര്‍ത്ത, മലയാളിസംഗമം, സണ്ടേ ശാലോം എന്നീ അച്ചടി മാധ്യമങ്ങളുടെയും പ്രതിനിധികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ആരാധനാക്രമത്തിലും, പാരമ്പര്യങ്ങളിലും, ആചാരാനുഷ്ടാനങ്ങളിലും വ്യത്യസ്‌തത പുലര്‍ത്തുന്നുവെങ്കിലും ഇന്‍ഡ്യന്‍ ക്രൈസ്‌തവരെല്ലാം മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നും ഒരേ വിശ്വാസവെളിച്ചം സ്വീകരിച്ചവ രാണെന്നും, ആയതിനാല്‍ പരസ്‌പര സഹകരണത്തിന്റെയും, സ്‌നേഹത്തിന്റെയും ഒരുമയുടേയും സന്ദേശം ഉള്‍ക്കൊണ്ട്‌ ഐക്യത്തില്‍ ജീവിക്കണമെന്നും ഉല്‍ഘോഷിക്കുംവിധം യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, കത്തോലിക്കാ. മാര്‍ത്തോമ്മാ, സി എസ്‌ ഐ വിഭാഗങ്ങളില്‍പെട്ട എല്ലാ മലയാളിക്രിസ്‌ത്യാനികളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.