You are Here : Home / USA News

കെഎച്ച്എന്‍എ ഫിലഡല്‍ഫിയ റീജിയന്‍ കണ്‍വന്‍ഷനും രജിസ്ട്രേഷന്‍ കിക്കോഫും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, November 14, 2014 10:39 hrs UTC


ഡാലസ് . നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കെഎച്ച്എന്‍എയുടെ ആഭിമുഖ്യത്തില്‍ 2015 ജൂലൈ ആദ്യ വാരം ഡാലസില്‍ നടക്കുന്ന 8-ാമത് നാഷണല്‍ കണ്‍വന്‍ഷന്‍െറ ഫിലഡല്‍ഫിയ റിജിയണല്‍ കണ്‍വന്‍ഷനും രജിസ്ട്രേഷന്‍ കിക്കോഫും നവംബര്‍ 1 ന് നടന്നു.

അപ്പര്‍ഡാര്‍ബി ശിവാസ് ഓഡിറ്റോറിയം ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ടി. എന്‍. നായര്‍, ജനറല്‍ സെക്രട്ടറി ഗണേശന്‍ നായര്‍, ജോ. ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, റിജിയണല്‍ കോര്‍ഡിനേറ്റര്‍ മാധവന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്‍വന്‍ഷന്‍െറ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ചും കെഎച്ച്എന്‍എയുടെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമുളള വിശദമായ വിവരണം കെഎച്ച്എന്‍എ പ്രസിഡന്റ് ടി. എന്‍. നായര്‍ നടത്തി. തുടര്‍ന്ന് സംസാരിച്ച ജനറല്‍ സെക്രട്ടറി ഗണേശന്‍ നായര്‍ 8-ാമത് കണ്‍വന്‍ഷന്‍ മഹാവിജയമാക്കാന്‍ എല്ലാ ഹിന്ദുക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 22 നു ന്യൂയോര്‍ക്കില്‍ നടക്കുന്ന കെഎച്ച്എന്‍എ യുവമേളയിലേക്ക് എല്ലാവരേയും അദ്ദേഹം ക്ഷണിച്ചു.

തുടര്‍ന്ന് കെഎച്ച്എന്‍എ ജോ. ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, റിജിയണല്‍ കോര്‍ഡിനേറ്റര്‍ മാധവന്‍ നായര്‍, ഫിലഡല്‍ഫിയ റിജിയണല്‍ നേതാക്കളായ പി. കെ. തങ്കപ്പന്‍ നായര്‍, മുരളി കൃഷ്ണന്‍, പി. കെ. സോമരാജന്‍, രാജപ്പന്‍ നായര്‍, എസ്. സദാശിവന്‍, അശോകന്‍ വേങ്ങാശേരി തുടങ്ങിയവര്‍ സംസാരിച്ചു. ഫിലഡല്‍ഫിയായിലെ പ്രധാന ഹൈന്ദവ സംഘടനകളായ ശ്രീനാരായണ അസോസിയേഷന്‍, നായര്‍ അസോസിയേഷന്‍ ഓഫ് ഡലവേര്‍വാലി, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് നിരവധി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പ്രശസ്ത എഴുത്തുകാരനായ മുരളി ജെ. നായരില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ ടി. എന്‍. നായര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഇരുപതില്‍പ്പരം രജിസ്ട്രേഷന്‍ നടന്നു.

കെഎച്ച്എന്‍എ മുന്‍ ജനറല്‍ സെക്രട്ടറിയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രമുഖ പ്രവര്‍ത്തകനുമായ സുധ കര്‍ത്തയായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണിസ്.

പ്രശസ്ത ഗായകന്‍ രഘുനാഥന്‍ നായര്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. സൂരജ് ചേര്‍ത്തലയുടെ മോണോ ആക്ട് കാണികളെ ഏറെ രസിപ്പിച്ചു.

കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡിന്‍െറ ആസ്ഥാനമായി ഡാലസ് കേന്ദ്രമായി ഓഫിസ് മന്ദിരം വാങ്ങണം എന്ന പൊതുവികാരവും യോഗത്തില്‍ ഉണ്ടായി. കെഎച്ച്എന്‍എ റിജിയണല്‍ കമ്മറ്റിക്കുവേണ്ടി ശിവന്‍ പിളള സ്വാഗതവും മുരളി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.