You are Here : Home / USA News

അരയാലിന്റെ കലപില; ഒരു സൗഹൃദദിന കുറിപ്പ്

Text Size  

Story Dated: Sunday, August 03, 2014 01:31 hrs UTC

പ്രിയ സുഹൃത്തെ,
 
ഈ സൗഹൃദദിനത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ കേട്ടത് ബേബി മാഷിന്റെ അരയാല്‍ കടലിനടിത്തട്ടില്‍ കിടന്ന് കലപില കൂട്ടി തിരകള്‍ ഉതിര്‍ക്കുന്ന മനോഹരമായ ചിന്തയാണ്. അതുപോലെ ഒരു അരയാല്‍ കുറച്ചുനാളായി എന്റെ മനസ്സിന്റെ അടിത്തട്ടിലും കിടന്ന് തിരകള്‍ ഉതിര്‍ക്കാന്‍ തുടങ്ങിയിട്ട്! 
 
ആദ്യമൊക്കെ വിചാരിച്ചു, കടപുഴകി വീണ അരയാലല്ലെ, കുറച്ചുകഴിയുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ്, വേരുകളും തടിയും ദ്രവിച്ച് ശാന്തമാകുമെന്ന്; തിരകള്‍ തുടരില്ലെന്ന്! അതോര്‍ത്തപ്പോള്‍ അല്പം ദുഃഖം തോന്നിയെന്നത് ഒരു സത്യം തന്നെ! എങ്കിലും സഹിക്കാമെന്ന് തീരുമാനിച്ചു. കലപില കേള്‍ക്കേണ്ടല്ലോ; മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ചിന്തകള്‍ കഴുകിത്തുടച്ച് പളുങ്കുമണികളായി എന്റെ ഓര്‍മ്മകളുടെ തീരത്തേക്ക് വീണ്ടും എത്തിക്കില്ലല്ലോ!
 
എന്നാലിന്നോ ആ അരയാല്‍ അതിന്റെ ഇലകളും, വേരുകളും, തടിയും കൂടാതെ അത് നിന്നിടത്തെ മണ്ണും, ചുറ്റുപാടുള്ള ചെറുചെടികളെയും വരെ ദ്രവിപ്പിച്ച് എന്റെ രക്തത്തിലലിയിപ്പിച്ചിരിക്കുന്നു. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനുതന്നെ ഒരു കലപിലാ താളമാണ്. അത് എന്റെ ഓര്‍മ്മകളുടെ തീരത്തെത്തിക്കുന്ന വെള്ളാറന്‍ കല്ലുകള്‍ക്ക് ഇപ്പോള്‍ വെട്ടിത്തിളങ്ങുന്ന വെള്ള നിറമല്ല. വേദനകളുടെയും, കയ്പ്പിന്റെയും നിറങ്ങളില്‍ ലയിച്ച് അതിനിപ്പോള്‍ ചുവന്നുകറുത്ത നിറമാണ്. അതില്‍ ചിലതിപ്പോള്‍ വിങ്ങലുകളായി കണ്ഠനാളത്തില്‍ കുടുങ്ങുന്നു. ചിലത് ഉരുകിയൊലിച്ച് കണ്ണുകളില്‍ കൂടി എന്റെ ചുക്കിച്ചുളിഞ്ഞ ചുളിവുകളില്‍ക്കൂടി എവിടെ ചെന്നെത്തണമെന്നറിയാതെ വളഞ്ഞുതിരിഞ്ഞു നടക്കുന്നു! ഒരു മെയിസ് പോലെ!
 
അരയാലെ, നിന്റെ ഓര്‍മ്മകള്‍ വേദനാജനകമ്മെങ്കിലും, അതൊരു സുഖമാണ്! നിന്റെ ഓര്‍മ്മകളുടെ തണലില്‍ ഞാനുറങ്ങട്ടെ! നിന്റെ കലപില എന്നിലെ രക്തം ഉറയുന്നതുവരെ തുടരട്ടെ! 
 
സന്തോഷകരമായ സൗഹൃദദിനം സുഹൃത്തുക്കളെ! 
നന്ദി ബേബി മാഷെ, ആശംസകള്‍!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.